തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി; ബാപ്പു മുസ്‌ലിയാരുടെ സന്തത സഹചാരി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അന്തരിച്ച മുന്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ച ഉള്‍ക്കരുത്തോടെയാണു പുതിയ ചെയര്‍മാനായി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എത്തുന്നത്.
1992 ല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായ അദ്ദേഹം 25 വര്‍ഷക്കാലം കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ കമ്മിറ്റിയില്‍ അംഗമല്ലാതിരുന്ന ചെറിയ ഇടവേളയിലും കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. ചെന്നൈ, കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപുകളിലെ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ സമ്പത്ത് പുതിയ ചുമതലയില്‍ അദ്ദേഹത്തിന് കരുത്താകും.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഒരേ മനസോടെയാണ് ഇരുവരും പ്രവര്‍ത്തിച്ചു പോന്നത്. ഹജ്ജ് ക്യാംപിലെ പ്രധാന ചുമതലകള്‍ ബാപ്പു മുസ്‌ലിയാര്‍ നല്‍കിയിരുന്നതും ഇദ്ദേഹത്തിനാണ്. ഏതു തിരക്കിലും അക്ഷോഭ്യനായി കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള നേതൃപാടവവും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ക്യാംപ് ആരംഭിക്കുന്നതു മുതല്‍ പൂര്‍ത്തിയാകുന്നതു വരെയും ഹാജിമാര്‍ മടങ്ങിയെത്തുമ്പോഴും ബാപ്പു മുസ്‌ലിയാരോടൊപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതനായി ക്യാംപിലുണ്ടായിരുന്ന ഹജ്ജ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗമാണ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തൊടിയൂരിന്റെ പേര് നിര്‍ദേശിക്കുകയും വി. അബ്ദുല്‍റഹിമാന്‍ എം.എല്‍.എ (താനൂര്‍) പിന്താങ്ങുകയും ചെയ്തു. മുഴുവന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. അജയന്‍, മലപ്പുറം ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. കെ. സെയ്തലവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മന്ത്രി കെ.ടി ജലീല്‍ ആമുഖപ്രസംഗം നടത്തി.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും മുന്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. ഈ മാസം 18ന് കരിപ്പൂരിലെ ഹജ്ജ് ഹൗസിലെത്തി ചുമതല ഏറ്റെടുക്കാനാണ് തീരുമാനം.
ബാപ്പു മുസ്‌ലിയാരുടെ മഖ്ബറയില്‍ സിയാറത്ത് നടത്തിയതിനു ശേഷമായിരിക്കും ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഹജ്ജ് ഹൗസില്‍ എത്തുകയെന്നു മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറിയും ലജ്‌നത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന പ്രസിഡന്റുമാണ്.
കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു നിലവില്‍ ഹജ്ജ് കമ്മിറ്റിയില്‍ സമസ്തയുടെ പ്രതിനിധി ഇല്ല. സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയ ശേഷം മാത്രമേ ഈ ഒഴിവിലേക്ക് പുതിയ അംഗത്തെ നിര്‍ദേശിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."