ജില്ലയില്‍ ഇനി ഹൈടെക് പഞ്ചായത്തുകള്‍ മാത്രം
മലപ്പുറം: ജില്ലയിലെ പഞ്ചായത്തുകള്‍ ഹൈടെക്കാകുന്നു. ഇ-പെയ്‌മെന്റ് സംവിധാനവും പഞ്ചായത്ത് യോഗ നടപടികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതിയും ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തി. ഇ-പെയ്മന്റ് സംവിധാനത്തിന്റെ സംസ്ഥാനതല പ്രഖ്യാപനവും സകര്‍മ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനും മലപ്പുറത്തു വെള്ളിയാഴ്ച പഞ്ചായത്ത് വകുപ്പുമന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ഈ സംവിധാനം സമ്പൂര്‍ണമായി നടപ്പിലാക്കുന്ന ആദ്യ ജില്ലയാണ് മലപ്പുറം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളിലും ഇ-പേ സംവിധാനം സജ്ജമായിട്ടുണ്ട്. ഇനിമുതല്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും നികുതിദായകര്‍ക്ക് വെബ്‌പേജ്‌വഴി വസ്തുനികുതി ഓണ്‍ലൈനായി അടവാക്കാനും ഡിജിറ്റല്‍ സിഗ്നേച്ചറുള്ള ഉടമസ്ഥതാ സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. മറ്റെല്ലാ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളെയുംപോലെ മുഴുസമയം ഇതു ലഭ്യമാണ്. മറ്റു ജില്ലകളില്‍ വിരലിലെണ്ണാവുന്ന ഗ്രാമപഞ്ചായത്തുകളേ ഇ-പേ സംവിധാനത്തിലേക്കു മാറിയിട്ടുള്ളൂ.
പഞ്ചായത്ത് ബോര്‍ഡ് തീരുമാനങ്ങളും മറ്റും പൊതുജനങ്ങള്‍ക്കു നേരിട്ടറിയാന്‍ കഴിയുന്ന സംവിധാനമാണ് സകര്‍മ. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗതീരുമാനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സകര്‍മ സോഫ്റ്റ്‌വെയര്‍ വഴിയാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുന്നത്. കമ്മിറ്റി യോഗത്തിന്റെ നോട്ടീസ്, അജന്‍ഡ, ഹാജര്‍, ചര്‍ച്ചകള്‍ എന്നിവയും ഓണ്‍ലൈനിലാകും. 72 മണിക്കൂറിനു ശേഷം വിപുലീകരിച്ച മിനുട്‌സ് എല്ലാ സെക്ഷനുകളിലും തദ്ദേശഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലുമെത്തുകയും ചെയ്യും.
യോഗ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അംഗങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ പേപ്പര്‍ലെസ് ഓഫിസാക്കി മാറ്റുന്നതിനു മുന്നോടിയായാണ് യോഗനടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. യോഗത്തിന്റെ അജന്‍ഡ, ഉന്നയിക്കേണ്ട ചോദ്യോത്തരങ്ങള്‍, മിനുട്‌സ്, ഹാജര്‍നില എന്നിവ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി കിട്ടുന്നതിനും സംവിധാനമുണ്ടാകും. സെക്രട്ടറി ക്രോഡീകരിച്ച് നല്‍കുന്ന അജന്‍ഡ അധ്യക്ഷന്‍ പരിശോധിക്കും. തുടര്‍ന്ന് യോഗത്തില്‍ ഉള്‍പ്പെടുത്തേണ്ട അജന്‍ഡക്ക് അധ്യക്ഷന്‍ അന്തിമ അനുമതി നല്‍കിയാല്‍ അംഗങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വിവരങ്ങള്‍ നല്‍കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. യോഗത്തില്‍ ഹാജരായ അംഗങ്ങളെക്കുറിച്ചുള്ള വിവരവും തല്‍സമയം അറിയാം.
സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 10ന് ഉച്ചയ്ക്കു രണ്ടിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രഖ്യാപനം നടത്തും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി. ബാലകിരണ്‍, ഐ.കെ.എം എക്‌സി. ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."