വരാപ്പുഴയില്‍ അമോണിയം കലര്‍ന്ന മീനുകളുടെ വില്‍പന തകൃതി
പറവൂര്‍: വരാപ്പുഴ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യചന്തയില്‍ വില്‍ക്കുന്ന മീനുകളില്‍ അമോണിയയുടെ അളവ് വര്‍ധിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വില്‍പനയ്ക്ക് എത്തുന്ന മത്സ്യങ്ങളിലാണ് അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് അമോണിയ കലര്‍ത്തിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാംപ് നടത്തിയപ്പോള്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്യാംപില്‍ പങ്കെടുത്ത ഇരുപതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. മത്സ്യങ്ങളില്‍ അമോണിയയുടെ അളവ് വര്‍ധിച്ചതാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
ഉള്‍നാടന്‍ മത്സ്യങ്ങള്‍ ധാരാളമായി വരാപ്പുഴ മത്സ്യച്ചന്തയില്‍ എത്തുന്നുണ്ട്. ഇതു വാങ്ങാനായാണ് ആളുകളും കൂടുതലായി ഇവിടെ എത്തുന്നത്. എന്നാല്‍ അമോണിയ കലര്‍ന്ന ഇതര സംസ്ഥാന മത്സ്യങ്ങള്‍ ഇവിടെ വില്‍ക്കുന്നത് മറ്റു നാടന്‍ മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഭീഷണിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന മത്സ്യങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ശക്തമായ ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ചിറയ്ക്കകം കളത്തിപറമ്പില്‍ സ്റ്റീഫന്‍ കഴിഞ്ഞ ദിവസം വാങ്ങിയ ചെറുമത്സ്യത്തിലാണ് അവസാനം അമോണിയ അടങ്ങിയതായി പരിശോധനയില്‍ തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."