ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വിവേചനപരം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. 2022നുള്ളില്‍ നിര്‍ത്തലാക്കിയാല്‍ മതിയെന്നായിരുന്നു സുപ്രിംകോടതി ജസ്റ്റിസുമാരുടെ ഉത്തരവ്.
ജസ്റ്റിസുമാരുടെ വിധിയെയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മാനിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഹാജിമാര്‍ക്ക് അധികമായി നല്‍കുന്നുവെന്ന തരത്തിലാണ് സബ്‌സിഡിയെക്കുറിച്ചുള്ള പ്രചാരണം. എന്നാല്‍ ഹാജിമാര്‍ക്ക് സാമ്പത്തികമായി സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്നതാണു വാസ്തവം.
ഹാജിമാരില്‍ നിന്ന് ഇരട്ടിതുകയാണ് നിലവില്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ചെറിയ ആശ്വാസം മാത്രമാണ് ഹജ്ജ് സബ്‌സിഡി. എന്നാല്‍ വിമാനക്കമ്പനികളെ ഹാജിമാരെ കൊള്ളയടിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വേണ്ട നടപടികളൊന്നും എടുക്കാതെ തിരക്കിട്ട് നിര്‍ത്തലാക്കിയത് വിശ്വാസികളോട് ചെയ്യുന്ന അനീതിയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചെലവു കുറഞ്ഞ ഗതാഗത സൗകര്യം നിഷേധിച്ചും ചെലവേറിയ വാഹനം അടിച്ചേല്‍പ്പിച്ചും തീര്‍ഥാടകരെ ചൂഷണത്തിനു വിധേയമാക്കുന്നത് കടുത്ത അന്യായവും ജനദ്രോഹവുമാണ്. ഹാജിമാരുടെ സബ്‌സിഡി തുകയായ 700 കോടി രൂപ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കായി ഉപയോഗിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം അപഹാസ്യമാണ്. വിദ്യാഭ്യാസ പുരോഗതിക്ക് തുക കണ്ടെത്തേണ്ടതിന് മറ്റുവഴികള്‍ തേടുകയാണ് വേണ്ടത്. സബ്‌സിഡി നിര്‍ത്തലാക്കുന്ന നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."