സര്‍ക്കാര്‍ ഓഫീസുകളില്‍ കുടിവെള്ള മോഷണം കണ്ടെത്തിയത് വിവാദമാകുന്നു
നെടുമ്പാശ്ശേരി: പഞ്ചായത്തിലെ മിനി സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജല അതോറിറ്റിയുടെ കുടിവെള്ളം മോഷണം നടത്തിയത് കണ്ടെത്തിയത് വിവാദമാകുന്നു.
കുന്നുകര പഞ്ചായത്ത് ഓഫീസിനു സമീപം ഒരേ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ്,മൃഗാശുപത്രി,ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് അനധികൃതമായി ജല വിനിയോഗം നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.ഈ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന ദാഹ ജലം അനധികൃതമായി ഉപയോഗിച്ചു വരികയായിരുന്നു. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയോ, ജല അതോറിറ്റിയുടെ അനുമതി വാങ്ങുകയോ, മീറ്റര്‍ സ്ഥാപിക്കുകയോ ചെയ്യാതെ സര്‍ക്കാര്‍ ഓഫീസുകളിലെ മേലുദ്യോഗസ്ഥരും,പ്ലംബര്‍മാരും ചേര്‍ന്ന് നടത്തിയ പകല്‍ക്കൊള്ളയാണ് പുറത്തായത്. നെടുമ്പാശ്ശേരി കരിയാട് പ്രവര്‍ത്തിക്കുന്ന ജലഅതോറിറ്റി വടക്കേക്കര സബ് ഡിവിഷന്‍ ഒഫീസാണ് കുന്നുകര മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ള സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ജല അതോറിറ്റി അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തിന് കുന്നുകര വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് മീറ്റര്‍ ഇല്ലാതെ വെള്ളം എടുത്തിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസറോട് കാര്യം തിരക്കിയപ്പോള്‍ ഓഫീസ് ആരംഭിച്ചകാലം മുതല്‍ ഇത്തരത്തിലാണ് വെള്ളം ഉപയോഗിക്കുന്നതെന്നായിരുന്നു മറുപടി.
പിന്നീട് സമീപത്തുള്ള മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലും വെള്ളം അനധികൃതമായാണ് ശേഖരിച്ച് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇരു ഓഫീസുകളിലെ മേലുദ്യോഗസ്ഥരും സമാനമായ മറുപടിയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."