ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മേഘാവൃതമായ ആകാശത്തിനു കീഴില്‍ ഇന്ത്യയും ന്യൂസിലന്റും ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിനായി പോരാടാന്‍ ഒരുങ്ങുകയാണ്. തോല്‍വിയറിയാതെ ഫൈനലിലേക്ക് കുതിച്ച ഇന്ത്യയും മറുവശത്ത് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വിജയിക്കുന്നത് ശീലമാക്കിയ ന്യൂസിലന്റുമാണ് ഭൈനലില്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ട് മാസമായി മികച്ച ടീമുകളെ കീഴടക്കി ഏഴ് ഏകദിന മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചതിന്റെ കൂടി തുടര്‍ച്ചയായാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. എന്നിരുന്നാലും, തോല്‍വിയറിയാതെയുള്ള ഒരു പരമ്പര ഒന്നും ഉറപ്പുനല്‍കുന്നില്ലെന്ന് രോഹിത് ശര്‍മ്മയുടെ സംഘത്തിന് നന്നായി അറിയാം. രണ്ട് വര്‍ഷം മുമ്പ് തുടര്‍ച്ചയായി 10 വിജയങ്ങളുമായി അവര്‍ 2023 ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചുകയറിയെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. വലിയ വേദികളില്‍ മുന്നേറുന്നതിന് പേരുകേട്ട ന്യൂസിലന്റ് ഇന്ത്യയെ തളയ്ക്കുമോ എന്ന് കണ്ടറിയണം.
ബാറ്റിംഗ് മികവ്
എട്ടാം സ്ഥാനത്ത് ഇറങ്ങുന്ന ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുള്ള ഇന്ത്യയുടെ ബാറ്റിംങ് ലൈനപ്പിനെക്കുറിച്ച് യാതൊരു ആശങ്കയ്ക്കും സ്ഥാനമില്ല. ഓപ്പണിംങില്‍ തിരിച്ചടികള്‍ നേരിട്ടാലും മധ്യനിരയിലും വാലറ്റത്തും എങ്ങനെ തിരിച്ചടിക്കാമെന്ന് ഇന്ത്യക്ക് ഇപ്പോള്‍ നന്നായി അറിയാം. ന്യൂസിലന്റിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നിട്ടും അത് മറികടക്കാന്‍ ഇന്ത്യക്കായി.
പുറകേ വരുന്നവരുടെ ബാറ്റിംങ് മികവാണ് രോഹിത് ശര്‍മ്മയെ ടോപ് ടോപ് ഓര്‍ഡറില്‍ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കുന്നത്. ആറാം സ്ഥാനത്ത് ഇറങ്ങി അവസാന കളിയില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുല്‍ കൂടി തന്റെ പഴയ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചതോടെ ഇന്ത്യ ബാറ്റിംങ് കരുത്തില്‍ ഏതാണ്ട് അജയ്യരാണിപ്പോള്‍.
സ്പിന്‍ ആക്രമണം
ഇന്ത്യയുടെ നാലു സ്പിന്നര്‍മാരും എതിര്‍ ടീമുകളെ നിഷ്‌കരുണം തളര്‍ത്തിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്ന സ്പിന്നര്‍മാരുടെ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്താനുമുള്ള കഴിവും നിര്‍ണായകമാണ്. ന്യൂസിലന്റിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ വിജയങ്ങളില്‍ ഇത് കാണാം. ലോക ഒന്നാം നമ്പര്‍ ബോളറായ ജസ്പ്രീത് ബുംറയുടെ വിടവ് മുഹമ്മദ് ഷമി നികത്തിയതോടെ ഫൈനലിനുള്ള അതേ ടീമിനെതന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷമിയുടെ കൃത്യമായ ലെങ്തും ഹാര്‍ദിക് പാണ്ഡ്യയുടെ വേരിയേഷനും ഇന്ത്യയ്ക്ക് എത്രയോ തവണ ബ്രേക്ക് ത്രൂകള്‍ നല്‍കിയിട്ടുണ്ട്. ന്യൂസിലാന്റിന് ഈ കരുത്തുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. മാറ്റ് ഹെന്റി ഇപ്പോഴും പരഉക്കിന്റെ പിടിയിലാണെന്ന് സംശയമുണ്ടെങ്കിലും മുന്‍കളികളില്‍ ഹെന്റി ഇന്ത്യയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് സ്‌കോറിംഗ് വേഗത കുറയ്ക്കാന്‍ കഴിയും. എന്നാല്‍ മറ്റ് ബോളര്‍മാരുടെ സ്ഥിരതയില്ലായ്മ മൂലം ഇന്ത്യയ്ക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
മത്സരം സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് നെറ്റ്‌വര്‍ക്കിലും സ്‌പോര്‍ട്ട്‌സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്ട്‌സ്റ്റാറിലും തല്‍സമയം കാണാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."