റോഡപകടങ്ങള്‍ പെരുകുന്നു: പെണ്‍ഡ്രൈവര്‍മാര്‍ കാമറക്കണ്ണില്‍
കണ്ണൂര്‍: അപകടപാതയില്‍ വ നിതാ സ്‌കൂട്ടര്‍ യാത്രക്കാര്‍. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ പത്തിലേറെ വനിതകളാണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിക്കുന്നവരാണിവര്‍. പ്രവൃത്തി ദിനങ്ങളില്‍ രാവിലെയും വൈകുന്നേരവുമുള്ള പരക്കം പാച്ചിലിലാണ് റോഡില്‍ ഇവരുടെ ജീവന്‍ പൊലിയുന്നത്. ഡ്രൈവിങിലെ വൈദഗ്ധ്യകുറവും അശാസ്ത്രീയതയുമാണ് വനിതകളുടെ ജീവനു ഭീഷണിയാകുന്നതെന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. പുതിയ വാഹനംവാങ്ങി ചീറിപ്പായുന്നവര്‍ ലൈസന്‍സെടുക്കാന്‍ താത്പര്യം കാണിക്കാറില്ല. കൂടാതെ റോഡ് നിയമങ്ങളുടെ അജ്ഞതയും ഹെല്‍മെറ്റ് ധരിക്കാത്തതും ഇവര്‍ക്കു മരണക്കെണിയൊരുക്കുന്നു. വീട്ടുകാര്യങ്ങളും മറ്റു നിത്യജീവിത പ്രശ്‌നങ്ങളും മനസില്‍ തിങ്ങിനിറച്ചാണ് വനിതകള്‍ ഇരുചക്രവാഹനമോടിക്കുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. കുഞ്ഞുങ്ങളെ മുന്‍പിലിരുത്തി സ്‌കൂള്‍ വണ്ടികള്‍ തേടി പരക്കം പായുന്നവര്‍ റോഡുകളിലെ നിത്യകാഴ്ചയാണ്. മറ്റൊരുവാഹനത്തെ മറികടക്കാനായി അതിവേഗതയില്‍ കയറുമ്പോഴാണ് ഇവര്‍ക്കു അപകടം സംഭവിക്കുന്നത്.
റോഡില്‍ നിയന്ത്രണമില്ലാത്ത അതിവേഗതയുള്ള ന്യൂജെന്‍ സ്‌കൂട്ടറുകളാണ് യുവതികള്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. പൊലിസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന പരിശോധനയില്‍ സ്ത്രീകളെ ഒഴിവാക്കുന്നതിനാലാണ് അപകടം വര്‍ധിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
മതിയായ സുരക്ഷാക്രമീകരണങ്ങളും ലൈസന്‍സുമില്ലാതെ റോഡില്‍ പരക്കം പായുന്ന വനിതകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പൊലിസും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വനിതാപൊലിസിനെയും പരിശോധനയ്ക്കു നിയോഗിക്കും. നഗരങ്ങളിലും മറ്റിടങ്ങളിലും സ്ഥാപിച്ച കാമറകളില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് ഇവരെ പിടികൂടുക. റോഡപകടങ്ങളില്‍ വനിതകള്‍ക്കു ജീവനാശം സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അമിത വേഗതയില്‍ ഓടുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും രേഖകളും ഹെല്‍മെറ്റുമില്ലാത്തവര്‍ക്കു പിഴചുമത്താനുമാണ് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."