പ്രകൃതിക്ക് കാവലൊരുക്കിയ നാസര്‍ അങ്ങാടികളുടെ സൗന്ദര്യവല്‍ക്കരണത്തില്‍
കാളികാവ്: വൃക്ഷതൈ നട്ട് പ്രകൃതിക്ക് കാവലൊരുക്കിയ നാസര്‍ മറ്റൊരു ദൗത്യത്തിലേക്ക്. അങ്ങാടികളെ സൗന്ദര്യവല്‍ക്കരിക്കാനുള്ള തിരക്കിലാണ് നാസര്‍ ഇപ്പോള്‍. ഒരു വര്‍ഷം മുന്‍പാണ് പാതയോരങ്ങള്‍ വൃക്ഷതൈ നട്ട് നാസര്‍ ശ്രദ്ധേയനായത്. ഉള്‍ക്കാട്ടില്‍ പോയി ചെടികളും വിത്തുകളും മുളപ്പിച്ചാണ് നാസര്‍ തൈകളുണ്ടാക്കിയത്. സംസ്ഥാനാതിര്‍ത്തിയായ ഗൂഡല്ലൂര്‍ മുതലുള്ള പാതയോരങ്ങളിലാണ് തൈകള്‍ നട്ടത്. തൈകള്‍ വളര്‍ന്ന് തുടങ്ങിയതോടെയാണ് പൂ ചെടികള്‍ നട്ട് ആളുകള്‍ കൂടുതലുള്ള അങ്ങാടികളുടെ സൗന്ദര്യവല്‍ക്കരണത്തിന് തയാറായിട്ടുള്ളത്.
മൂന്ന് വര്‍ണങ്ങളിലുള്ള ചെടികളാണ് നാസര്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. ചെടികള്‍ക്ക് വെള്ളവും വളവും നല്‍കി പരിപാലിക്കുന്നുണ്ട്. കാളികാവിനും ചോക്കാടിനുമിടയിലുള്ള കേളുനായര്‍ പടിയില്‍ നട്ട ചെടികള്‍ പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു. നാസറിന്റെ നാട്ടിലെ ഒരു വൃക്ഷത്തൈ നശിപ്പിച്ചതിലുള്ള മനപ്രയാസത്തില്‍ നിന്നാണ് പ്രകൃതിയുടെ കാവലാളാവാന്‍ തീരുമാനമുണ്ടായത്. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹറാണ് നാസര്‍ വെട്ടിനശിപ്പിച്ചത്.
നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച നാസര്‍ തെറ്റ് സമ്മതിച്ചു. കാളികാവ് എസ്.ഐ ആയിരുന്ന കെ.പി സുരേഷ് ബാബുവാണ് പ്രശ്‌ന പരിഹാരമായി വേറെ ഒരു തൈ നട്ടുവളര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. ഒന്നിന് പകരം ആയിരത്തിലേറെ തൈകള്‍ നട്ടാണ് പ്രായശ്ചിത്തം ചെയ്തത്. കൂലിപ്പണിക്കാരനായ നാസര്‍ തൊഴില്‍ നിര്‍ത്തിയാണ് പ്രകൃതി സംരക്ഷണത്തിനിറങ്ങിയത്. ഗുല്‍മോഹറിന്റെ അതേ നിറത്തിലുള്ള പൂക്കള്‍ വിടരുന്ന ചെടികളാണ് കേളുനായര്‍ പടിയില്‍ നട്ടുവളര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ട്. പതയോരത്തെ പൂക്കള്‍ നാട്ടുകാരിലും സന്തോഷം വിടര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."