രാധികാ വെമുലയെ മത്സരിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുലയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.
അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രോഹിത് വെമുലയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തിലാണ് രാധികാ വെമുലയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കിയത്.
സ്മൃതി ഇറാനിക്കെതിരേ രാധികാ വെമുലയും ചരമ വാര്‍ഷിക ദിനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല. നിങ്ങളെ മന്ത്രിസഭയില്‍ നിന്ന് ഒരു പക്ഷെ മാറ്റിയേക്കാം, എന്നാല്‍ പോലും നിങ്ങളെ ഞാന്‍ മറക്കില്ല. ഞാന്‍ എന്റെ മക്കളായ ദലിതുകളെ പാര്‍ലമെന്റിലേക്ക് അയക്കും. അവര്‍ നിങ്ങളെ ചോദ്യം ചെയ്യുകയും നിങ്ങളെ വേട്ടയാടുകയും ചെയ്യുമെന്ന് രാധികാ വെമുല പറഞ്ഞു.
രോഹിത് വെമുലയുടെ മരണത്തിന് അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും പങ്കുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിക്കെതിരേ രാധികാ വെമുല വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."