ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി ഏഴിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
മനാമ: ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴു നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായി ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
കൂടിക്കാഴ്ചക്ക് ശേഷം നടന്ന കേരളീയ സമാജം 70- ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ബഹ്‌റൈനില്‍ കേരള പബ്ലിക് സ്‌കൂളും എന്‍ജിനിയറിങ് കോളജും സ്ഥാപിക്കുക എന്നതാണ് തന്റെ സുപ്രധാന നിര്‍ദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈന്‍ കേരള അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്.
കേരളത്തിലെ അടിസ്ഥാനവികസനത്തിനായി വികസന ഫണ്ടിന് രൂപം നല്‍കുക എന്നി നിര്‍ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്‌റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്‍ ഒരു 'ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ്' ധനകാര്യജില്ലയുടെ രൂപവത്കരണം എന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി അവതരിപ്പിച്ചു.
ബഹ്‌റൈന്‍ കേരള സാംസ്‌കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്‌റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുകയെന്നതും അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്.
ബഹ്‌റൈനി പൗരന്‍മാരുടെ ചികിത്സക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുക, മലയാളികള്‍ക്കായി ബഹ്‌റൈനില്‍ കേരള ക്ലിനിക്ക് തുടങ്ങുക, ബഹ്‌റൈനിലെ മലയാളികള്‍ക്ക് നിയമസഹായം ലഭിക്കുന്നതിനായി ബഹ്‌റൈനിലെ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായി 'നോര്‍ക'യുടെ കീഴില്‍ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക എന്ന നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."