നികുതി കുറയ്ക്കാന്‍ തയാറാകാതെ സര്‍ക്കാരുകള്‍
കോഴിക്കോട് : പെട്രോള്‍വില സര്‍വകാല റെക്കോര്‍ഡിലേക്ക്. കോഴിക്കോട്ട് ഇന്നലെ പെട്രോള്‍വില ലിറ്ററിന് 55 പൈസ വര്‍ധിച്ച് 75.13 രൂപയും ഡീസലിന് 67. 50 രൂപയുമായി. മുംബൈയില്‍ പെട്രോള്‍വില 80 രൂപ കടന്നതിനുപിന്നാലെയാണ് സംസ്ഥാനത്തും വില വര്‍ധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില (76.10 രൂപ). കാക്കനാട്ടാണ് കുറഞ്ഞ വില (74. 88 രൂപ). ഡീസലിന് തിരുവനന്തപുരത്ത് 68.39ഉം കാക്കനാട്ട് 67.24 രൂപയുമാണ്. 2013ല്‍ പെട്രോള്‍വില 77 രൂപയിലെത്തിയിരുന്നു. മുംബൈയില്‍ ഇന്നലെ പെട്രോള്‍ വില 80.10 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസലിന് 67.10 രൂപയായി. രാജ്യതലസ്ഥാനത്ത് പെട്രോളിന് 72.23 രൂപയായാണ് വര്‍ധിച്ചത്.
എന്നാല്‍, ഇന്ധനത്തിന്റെ നികുതി കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിടിവാശിയിലാണ്. ആദ്യം കേന്ദ്രം കുറയ്ക്കട്ടെയെന്ന് സംസ്ഥാനങ്ങളും സംസ്ഥാനം കുറയ്ക്കട്ടെയെന്ന് കേന്ദ്രവും നിലപാടെടുക്കുകയാണ്. ദിവസവും വിലകൂടുന്ന രീതി തുടര്‍ന്നാല്‍ പെട്രോള്‍വില താമസിയാതെ 100 രൂപ കടക്കും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വീപ്പയ്ക്ക് 70 ഡോളറാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വില കുറയാന്‍ ഇടയില്ലെന്നാണ് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞമാസം 16 മുതല്‍ ഈ മാസം 16 വരെ പെട്രോളിന് 3.06 രൂപയും ഡീസലിന് 5.3 രൂപയും വര്‍ധിച്ചു. ആറുമാസം മുന്‍പ് 67.02 രൂപയായിരുന്നു പെട്രോള്‍ വില. പെട്രോള്‍, ഡീസല്‍ വിലവര്‍ധവിലുണ്ടായ ജനരോഷം തടയാന്‍ മോദി സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പവഴിയാണ് വിലയില്‍ ദിവസവും മാറ്റംവരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം.
ദിവസവുംവരുന്ന ചെറിയ വിലവര്‍ധനവ് ആരും കാര്യമാക്കുന്നില്ലെന്നതാണ് പെട്രോളിയം കമ്പനികള്‍ക്കും സര്‍ക്കാരിനും അനുഗ്രഹമാകുന്നത്. പെട്രോള്‍ വിലയില്‍ ഒരുമാസത്തിനിടെ അഞ്ചുതവണ നേരിയ കുറവുണ്ടായപ്പോള്‍ 15 തവണ വിലകൂടി. ഒരു മാസത്തിനിടെ ഡീസലിന് രണ്ടുതവണകളിലായി 16 പൈസ കുറഞ്ഞപ്പോള്‍ 5.3 രൂപയാണ് 18 തവണകളിലായി വര്‍ധിച്ചത്. തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതിനനുസരിച്ച് ഇന്ധനവില കുറഞ്ഞെങ്കിലും പിന്നീട് വര്‍ധിക്കുകയായിരുന്നു. എണ്ണവില കുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി വര്‍ധിപ്പിച്ചതിനാല്‍ വിലക്കുറവിന്റെ ഗുണം ജനങ്ങളിലെത്തിയിരുന്നില്ല. 2014ല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി യഥാക്രമം 9.48 രൂപയും 3.56 രൂപയും ആയിരുന്നത് 2016 ആയപ്പോഴേക്കും 21.48 രൂപയും 17.33 രൂപയുമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 137 ഡോളര്‍ ഉയര്‍ന്നപ്പോഴും പെട്രോള്‍ വില 62 രൂപയാക്കി നിര്‍ത്തിയതിന് യു.പി.എ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു.
അതിനിടെ, ഇന്ധന വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തേതന്നെ വിലനിയന്ത്രണത്തിനായി പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ ജി.എസ്.ടിക്കുകീഴില്‍ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം പെട്രോളിയം മന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ജി.എസ്.ടിക്കുകീഴില്‍ ഇന്ധനവില കൊണ്ടുവന്നാല്‍ പെട്രോളിന് 50 രൂപയായി നിജപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ക്രൂഡ് ഓയില്‍ വില അടുത്തവര്‍ഷം ബാരലിന് 100 ഡോളറായി ഉയരുമെന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്തവര്‍ഷത്തോടെ ഇന്ധന ആവശ്യകതയില്‍ വന്‍ വര്‍ധനവായിരിക്കും ഉണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."