ജലാശയങ്ങളില്‍ അശ്രദ്ധപടരുമ്പോള്‍
സംസ്‌കാരങ്ങള്‍ ഉടലെടുക്കാന്‍ തന്നെ കാരണം ജലാശസംസ്‌കാരങ്ങള്‍ ഉടലെടുക്കാന്‍ തന്നെ കാരണം ജലാശയങ്ങളാണെന്ന് ചരിത്രം പഠിപ്പിക്കുമ്പോള്‍ മനുഷ്യന്‍ തിരിച്ചു പഠിക്കുകയാണ്, മരണങ്ങള്‍ക്ക് കാരണം ജലാശങ്ങളെന്ന്. കേരളത്തില്‍ മഴക്കാലത്തും അല്ലാത്ത സമയങ്ങളിലും പുഴകളില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇതില്‍പ്പെടും. അശ്രദ്ധമായ സമീപനം കൊണ്ടാണ് ഇത്തരം മരണങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. വരള്‍ച്ചാക്കാലത്ത് വറ്റിവരണ്ടുണങ്ങുന്ന നദികള്‍ ശക്തിപ്രാപിക്കുന്നത് മഴക്കാലത്താണ്. കുത്തൊഴുക്കുള്ള പുഴകളില്‍ കുളിക്കാനിറങ്ങുമ്പോള്‍ ആഴം കൂടിയ ഭാഗത്തേക്കു പോകാതിരിക്കുകയാണ് ഉത്തമം. മലവെള്ളം വരാന്‍ സാധ്യതയുള്ള കാട്ടുപുഴകളിലെ കുളി അത്യന്തം അപകടകരവുമാണ്. മഴക്കാലത്ത് ഇത്തരം പുഴകളുടെ തീരങ്ങളില്‍ അപകട സൂചനാ ബോര്‍ഡുകള്‍ ജില്ലാ അധികൃതര്‍ കര്‍ശനമായി സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് നടപ്പാക്കിയിട്ടില്ല. ആഴം കൂടിയ പ്രദേശങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനാണിത്. എന്നാല്‍, വിനോദസഞ്ചാരത്തിനെത്തുന്നവര്‍ ഇത്തരം സൂചനാ ബോര്‍ഡുകളെ പോലും അവഗണിക്കുന്നുണ്ട്. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങുന്ന കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു പോകുന്നതും സര്‍വസാധാരണമാണ്.
അനധികൃത മണലൂറ്റു നടത്തുന്ന പുഴകളിലും അപകടക്കെണികള്‍ ധാരാളമാണ്. ഇത്തരം അപകടങ്ങളില്‍പ്പെടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നീന്തല്‍ ഒരു ഐശ്ചിക വിഷയമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയാണ് ആദ്യം മനസ്സിലാക്കേണ്ടത്. കുട്ടികള്‍ നീന്തലിന്റെ പ്രാഥമിക പാഠങ്ങള്‍ അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നീന്തല്‍ പഠിപ്പിക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം വരെ സര്‍ക്കാര്‍ ആലോചിച്ചു കഴിഞ്ഞു. നീന്തല്‍ എന്നത് ഒരു കായിക ഇനം എന്നതിനപ്പുറം ജീവന്‍ നിലനിര്‍ത്താനുള്ള അഭ്യാസമാണെന്നു കൂടി തിരിച്ചറിയേണ്ടതായുണ്ട്.
വേനല്‍ മഴ കനത്തതോടെ കേരളത്തില്‍ മുങ്ങിമരണം സര്‍വസാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ജലാശയങ്ങളില്‍ പൊലിഞ്ഞത് എട്ടോളം ജീവനുകളാണ്. വിഴിഞ്ഞത്തും, തിരുവനന്തപുരത്തും, മാനന്തവാടിയിലും, ചിറയിന്‍ കീഴിലുമൊക്കെ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചുവെന്നും, കാല്‍വഴുതി വെള്ളത്തില്‍ വീണെന്നും, ഒഴുക്കിപ്പെട്ട് മരിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മലയാളികള്‍ക്ക് സുപരിചിതമായിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ബോധവത്ക്കരണമോ, സൂചനാ ബോര്‍ഡുകളോ അല്ല വേണ്ടത്. സാമാന്യ ബോധമാണ്. ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയെകുറിച്ചുള്ള ബോധം, ആഴക്കയങ്ങളെകുറിച്ചുള്ള ബോധം. നിലയില്ലാകയങ്ങളില്‍ ഉല്ലസിക്കാനിറങ്ങുമ്പോള്‍ ജലാശങ്ങള്‍ രൗദ്രഭാവമെടുക്കുന്നത് എപ്പോഴെന്നു പറയാനാകില്ല. കടല്‍ക്കരകളില്‍ ആഘോഷിക്കാനെത്തുന്നവരും മരണം വരിക്കുന്നത് അശ്രദ്ധ മൂലമാണ്. വരാനിരിക്കുന്ന കാലവര്‍ഷത്തിലെങ്കിലും മുങ്ങിമരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ബോധവാന്‍മാരാകണം.
മഴയേയും, പുഴയേയും സ്‌നേഹിക്കണം. ജലം അമൂല്യവുമാണ്. എന്നാല്‍, ജലത്തെ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധാലുക്കളാകണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെ മുന്നറിയിപ്പ്. കാലവര്‍ഷം എത്തുന്നതിനു മുന്‍പ് തന്നെ സര്‍ക്കാര്‍ തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെ മുങ്ങിമരണങ്ങള്‍ കുറയ്ക്കാനുള്ള സംവിധാനമെന്ന നിലയില്‍ കേരളത്തിലെ എല്ലാ ജലാശയങ്ങളിലും അതതു ജില്ലാ അധികൃതര്‍ സൂചനാ ബോര്‍ഡുകളും ബോധവത്ക്കരണങ്ങളും നടത്തണം. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളികളില്‍ വച്ചുതന്നെ ജലാശങ്ങളിലെ അപകടങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നടത്തണം. സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം കര്‍ശനമായി നടപ്പാക്കണം. എല്ലാ കുട്ടികളും ജലവുമായി ഇടപഴകണം. ജലാശയങ്ങളില്‍ ആദ്യമായിറങ്ങുന്ന കുട്ടികളില്‍ അധികവും മരണത്തിലേക്കു പോയിട്ടുണ്ട്. ഇതിനു കാരണം ജലാശയങ്ങളുമായുള്ള സൗഹാര്‍ദപരമായ ഇടപഴകല്‍ ഇല്ലാത്തതിനാലാണ്. വരാനിരിക്കുന്ന കാലവര്‍ഷത്തില്‍ കേരളത്തില്‍ നിരവധി ജീവനുകള്‍ പൊലിയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഇതിനു കാരണം, മഴവെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെവിടെയും. വികസനത്തിന്റെ പേരില്‍ ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ തകരാറിലായതാണ് കാര്യം. ഭൂമിയുടെ ഉപഭോഗം വര്‍ധിച്ചു. വന്‍ കെട്ടിടങ്ങളും, ആഢംബര സംവിധാനങ്ങളും വന്നതോടെ മഴക്കാലവും ഗതിമാറിപ്പോയി. കാലംതെറ്റി വരുന്ന മഴക്കാലങ്ങളില്‍ മരണം പതിയിരിക്കുന്നുണ്ടെന്നു തിരിച്ചറിയണം.
കണ്ണൂരില്‍ അഞ്ച് സ്‌കൂള്‍ കുട്ടികളാണ് പുഴയില്‍ മുങ്ങിമരിച്ചത്. അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ നാടിനാകെയും ഉണ്ടായിരിക്കുന്ന തീരാനഷ്ടം എത്ര വലുതാണ്. പക്ഷെ ഈ വിലാപം നാം വേഗം മറക്കും. എന്നിട്ട് അടുത്ത ദുരന്തമുണ്ടാകുന്നവരെ കാത്തിരിക്കും. അങ്ങനെ മതിയോ? നാം ഉണരണ്ടെ? നമുക്ക് സുരക്ഷിതരായിരിക്കണ്ടെ? വേണം, വേണം. എങ്കില്‍ നമുക്ക് മുന്‍കരുതല്‍ എടുക്കണം, സുരക്ഷിതബോധം ഉണ്ടാകണം. ഇന്ത്യയില്‍ പ്രതിദിനം ശരാശരി 80 മുങ്ങിമരണം സംഭവിക്കുന്നു എന്നാണ് നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ അസ്വാഭാവിക മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് മുങ്ങിമരണത്തിന്. ലോകത്ത് ആകെ സംഭവിക്കുന്ന മുങ്ങിമരണങ്ങളില്‍ എട്ട് ശതമാനവും നമ്മുടെ രാജ്യത്താണ്. പതിനഞ്ചു വയസില്‍ താഴെയുള്ള കുട്ടികളാണ് കൂടുതലും അപകടത്തിലാകുന്നതെന്നു കാണാം. രക്ഷിക്കാന്‍ ചാടിപ്പുറപ്പെടുന്നവരും പലപ്പോഴും അപകടത്തില്‍പ്പെടും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ മുങ്ങിമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നതായി എന്‍.സി.ആര്‍.ബി കണക്ക് വ്യക്തമാക്കുന്നു.
മഴക്കാലം വരികയാണ്. തോടും നദിയും കുളവുമെല്ലാം അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാകാം. കുളിക്കാനോ അക്കരെ കടക്കാനോ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടാം. അതു സംഭവിക്കാന്‍ ഇടയാക്കരുത്. തദ്ദേശ ഭരണകൂടത്തിനും തദ്ദേശവാസികള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. അവിടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കത്തക്ക രീതിയില്‍ മുന്നറിയിപ്പ് ഫലകം സ്ഥാപിക്കണം. ജലനിരപ്പ് സൂചകവും സ്ഥാപിക്കണം. അടിയന്തരഘട്ടത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍, പ്രഥമശുശ്രൂഷ വിവരങ്ങള്‍ മുതലായവ മുന്നറിയിപ്പ് ഫലകത്തില്‍ ഉണ്ടായിരിക്കുന്നത് നന്ന്. ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡ് പ്രതിനിധിയും ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുത്താല്‍ തന്നെ അപകടത്തിന്റെ എണ്ണം നമുക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയും.
മുന്‍കരുതലിനൊപ്പം സുരക്ഷാബോധവും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സുരക്ഷാബോധം പ്രാധാന്യത്തോടെ ആരും കാണുന്നില്ല. എനിക്കും അവള്‍ക്കും പിള്ളേര്‍ക്കും ഇങ്ങനൊന്നും വരില്ലായെന്ന ചിന്തയാണ് നമുക്ക്. ഇനി കുട്ടികളെ കേന്ദ്രീകരിച്ച് സുരക്ഷാബോധം വളര്‍ത്തണം. അവര്‍ മുതിര്‍ന്നവരെ പഠിപ്പിക്കട്ടെ. വിവിധ ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഭരണതലത്തിലുള്ള തീരുമാനം ഇക്കാര്യത്തിലുണ്ടാകണം♦
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."