സ്‌നേഹക്കൂട്
കുറുക്കന്മാര്‍ ഓരിയിട്ടു നടന്നിരുന്ന കുന്നിന്‍ചെരുവ്. ജനവാസമോ യാത്രക്കാരോ എത്തിനോക്കാത്ത കാടുമൂടിയ പ്രദേശം. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പഴയംപറമ്പിലെ 30 വര്‍ഷം മുന്‍പുള്ള അവസ്ഥയാണിത്. 1884 ഡിസംബര്‍ 28ന് ഇന്ത്യയിലെ ആദ്യ ഡൈനാമിറ്റ് സ്‌ഫോടനത്തിനു സാക്ഷിയായ കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ മഹോത്സവം കൂടാന്‍ മാത്രമാണ് ഇവിടെ ആളുകള്‍ എത്തിയിരുന്നത്. ആഘോഷങ്ങള്‍ അവസാനിച്ചാല്‍ ഉത്സവ പ്പറമ്പിനൊപ്പം പഴയംപറമ്പും കുറുക്കന്മാരുടെ താവളം മാത്രമായി മാറും.
1982ല്‍ ഐക്യരാഷ്ട്രസഭ വയോജന സംരക്ഷണ വര്‍ഷമായി ആചരിച്ചപ്പോഴാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കാഴ്ചയില്ലാത്തവര്‍ക്കു താമസിക്കാന്‍ ഒരു അഗതിമന്ദിരം ഒരുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഇരുട്ടില്‍പെട്ടുഴലുന്നവരുടെ ലോകത്തെ കൂട്ടുകാര്‍ക്ക് ഒരുമിച്ചു കൂടാനൊരിടം വേണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇരുട്ടുമൂടിയാല്‍ മൂടിപ്പുതച്ചുറങ്ങുന്ന, പുറംകാഴ്ച അന്യമായവര്‍ക്കു സ്വസ്ഥമായി അന്തിയുറങ്ങണം. പാതയോരങ്ങളില്‍ അകക്കണ്ണാല്‍ തപ്പിത്തടയുന്നവര്‍ക്കു ജീവിതാന്ത്യം വരെയും മനസമാധാനത്തോടെ കഴിയാനൊരു കൊച്ചു കൂര വേണം. യാചന തൊഴിലാക്കി അന്നന്നത്തെ വിശപ്പടക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ഭക്ഷണമായി നല്‍കണം. ഇരുട്ടൊരു നിറമല്ലെങ്കിലും ഏഴു വര്‍ണങ്ങളും ചേര്‍ന്ന ഉടയാടകള്‍ ഏഴു ദിനങ്ങളിലായി ധരിപ്പിച്ച് അവരെ സുന്ദരന്മാരും സുന്ദരികളുമാക്കണം. ഒരു നേരത്തെ മരുന്നിനുപോലും യാചകവേഷം എടുത്തണിയേണ്ടതിനു പകരമായി രോഗമറിഞ്ഞു മരുന്നുകള്‍ അവരെ നേരത്തെ തന്നെ തേടിയെത്തണം. രണ്ടു കണ്ണാലെ കാണുന്നവരുടെ മനം അകക്കണ്ണുകളുടെ വേദനയില്‍ അലിഞ്ഞുചേരണം. കാഴ്ചയില്ലാത്തവരുടെ കണ്ണായി സമൂഹത്തെ മാറ്റിയെടുക്കണം. ഇതൊക്കെയായിരുന്നു കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ഭാരവാഹികളുടെ ആഗ്രഹം.
ഉണ്ണിമോയീന്‍കുട്ടിയെ കണ്ടെത്തിയ വേലായുധന്‍
ജീവിതത്തിലൊരിക്കല്‍ പോലും കണ്ണു തുറന്ന് ഒന്നിനെയും കാണാത്ത സല്‍മനസിനുടമകള്‍ അകക്കണ്ണുകള്‍ കൊണ്ട് എല്ലാം കാണുന്ന ഒരിടമുണ്ട് ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തില്‍. കാഴ്ചയില്ലാത്തവരുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണാ കേന്ദ്രം-കീഴുപറമ്പ് പഴയംപറമ്പിലെ കാഴ്ചയില്ലാത്തവര്‍ക്കുള്ള അഗതിമന്ദിരം.
അകക്കണ്ണുകാര്‍ക്കു കൂടൊരുക്കാന്‍ അന്ന് ഉള്‍ക്കണ്ണില്‍നിന്നു പ്രകാശം പരത്തിയത് ഒരു നാലാം ക്ലാസുകാരനാണ്. 1982ല്‍ മങ്കട പള്ളിപ്പുറം ബ്ലൈന്‍ഡ് സ്‌കൂളില്‍ നാലാംതരം വിദ്യാര്‍ഥിയായിരുന്ന കീഴുപറമ്പിലെ മാളികത്തടായി വേലായുധന്‍. ആ പിഞ്ചുബാലന്റെ മനസില്‍ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാഴ്ചയില്ലാത്തവര്‍ക്കു താമസിക്കാനൊരിടം വേണം. ആഗ്രഹത്തോടൊപ്പം നിശ്ചയദാര്‍ഢ്യവും കൂടി. എന്നാല്‍, പണം എവിടെന്നു കണ്ടെത്തും? കൂട്ടുകാരോടു പറഞ്ഞപ്പോള്‍ നിസഹായതയായിരുന്നു മറുപടി. കണ്ണുപൊട്ടന്മാരായ നമ്മള്‍ക്ക് എവിടെനിന്നു പണം ലഭിക്കും വേലായുധാ എന്നു സുഹൃത്തുക്കള്‍ പരിഭവപ്പെട്ടു. തോല്‍ക്കാന്‍ മനസില്ലാതെ നേരംപുലര്‍ന്നാല്‍ തപ്പിപ്പിടിച്ച് വേലായുധന്‍ യാത്ര തുടരും, സഹായിക്കാന്‍ മനസുള്ള പ്രമാണിമാരെ തേടി. പക്ഷെ കണ്ണുപ്പൊട്ടനായ പിഞ്ചുബാലന് ഉത്തരം നല്‍കാന്‍ മാത്രം വളര്‍ന്ന മനസുള്ളവരെ കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും നിരാശയുടെ ചെറുനാമ്പു പോലും വേലായുധനെ പിടികൂടിയില്ല.
ഒടുവില്‍ കൈനീട്ടിയതു സ്വന്തം പിതാവിന്റെ മുന്നിലായിരുന്നു. തന്റെ മക്കള്‍ക്കു കൂര വച്ചു നല്‍കാനുള്ള ഇത്തിരിപ്പോന്ന നാലു മൂല ഭൂമിയില്‍നിന്ന് അല്‍പം വേണമെന്ന വേലായുധന്റെ ആവശ്യത്തിനു മുന്നില്‍ അച്ഛനും മറുപടിയില്ലാതായി. നാലാം ക്ലാസുകാരനായ തന്റെ പൊന്നുമോന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മനസു കൊണ്ട് ഏറെ ആഗ്രഹിച്ച പിതാവിന്റെ മനസില്‍ ഒരാളുടെ ചിത്രം മിന്നിവന്നു-ചോല ഉണ്ണിമോയീന്‍കുട്ടി ഹാജി. നേരം പുലര്‍ന്നപ്പോഴേക്കും പൗരപ്രമുഖനും കീഴുപറമ്പ് പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ഹാജിയാരുടെ വീടിനെ ലക്ഷ്യമാക്കി വേലായുധന്‍ നടന്നു. തന്നെ കണ്ടയുടന്‍ പത്തുരൂപ വച്ചുനീട്ടിയ ഹാജിയാരോട് വേലായുധന്‍ പറഞ്ഞു, ഞാന്‍ കണ്ണുപൊട്ടനാണ് പക്ഷേ യാചകനല്ലെന്ന്. എനിക്കു വേണ്ടത് ഇത്തിരി ഭൂമിയാണ്. അവിടെ കാഴ്ചയില്ലാത്തവര്‍ക്കു താമസിക്കാന്‍ ഒരു കൂരയും. മനസില്‍ അലിവ് തോന്നി ആവശ്യം മനസിലാക്കിയ ഉണ്ണിമോയീന്‍കുട്ടി കാഴ്ചയില്ലാത്തവര്‍ക്ക് കൂടൊരുക്കാന്‍ സൗജന്യമായി ഒരു ഏക്കര്‍ ഭൂമി നല്‍കി.
ഇവിടം സ്വര്‍ഗം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍. വ്യത്യസ്ത മതത്തിലും ജാതിയിലുംപെട്ടവര്‍. അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന കൂട്ടുകുടുംബത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇന്നു സ്വന്തം രക്തത്തില്‍ പിറന്നവരൊന്നും ബന്ധുക്കളായില്ല. പക്ഷെ മനുഷ്യസ്‌നേഹികളെല്ലാം ഇവരുടെ കൂടപ്പിറപ്പുകളാണ്.
പരേതനായ ചോല ഉണ്ണിമോയീന്‍ കുട്ടി ഹാജി നല്‍കിയ ഭൂമിയില്‍ പണിത പഴയംപറമ്പിലെ കൂട്ടിലിന്ന് മുപ്പതിനും എഴുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുപ്പതോളം പേര്‍ സന്തുഷ്ടജീവിതം പുലരുകയാണ്. കാഴ്ചയില്ലാത്തവര്‍ക്ക് അഗതിമന്ദിരം പ്രവര്‍ത്തിക്കുന്ന വിവരം മാധ്യമങ്ങളില്‍ കൗതുക വാര്‍ത്തകളായി പ്രചരിച്ചതോടെ വിവിധ ദിക്കുകളില്‍നിന്നു താമസിക്കാനൊരിടം തേടി നിരവധി ആളുകള്‍ എത്തിത്തുടങ്ങി. കാഴ്ചയില്ലാത്തതിന്റെ പേരില്‍ വീട്ടില്‍നിന്നു പുറത്താക്കപ്പെട്ടവര്‍, വീടിനും കുടുംബത്തിനും കണ്ണുപൊട്ടന്‍ മാനഹാനി ഉണ്ടാക്കുന്നുവെന്ന തോന്നലില്‍ വീടുവിട്ടിറങ്ങിയവര്‍ ഒക്കെ ഇവിടെ സസന്തോഷം ജീവിക്കുന്നു. ജീവിതത്തിലെ നല്ലകാലം പ്രവാസിയെന്ന അധികപ്പേരും ചുമന്നു മണലാരണ്യത്തില്‍ കഴിഞ്ഞ്, സമ്പാദിച്ചതെല്ലാം പ്രിയതമയുടെ പേരില്‍ എഴുതിനല്‍കി, ഒടുവില്‍ പനിബാധിച്ച് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ഭാര്യയും മക്കളും വീട്ടില്‍നിന്ന് ഇറക്കിവിട്ടയാളുമുണ്ട് ഇപ്പോള്‍ മന്ദിരത്തില്‍ കഴിയുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, വയനാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മുപ്പതോളം പേരിവിടെ പുതിയൊരു കുടുംബമായി ആനന്ദത്തോടെ ജീവിക്കുകയാണ്. തങ്ങളെ പുറത്താക്കി വിട്ടവരോട് ഇവര്‍ക്കിപ്പോള്‍ പരിഭവമൊന്നുമില്ല. 18 മുതല്‍ 35 വരെ വയസു പ്രായമായവര്‍ക്കു തൊഴില്‍പരിശീലനവും പെണ്‍കുട്ടികള്‍ക്കു പത്താംതരം പാസാകുന്നതിനായി പ്രത്യേക കോഴ്‌സുകളും സ്ഥാപനം നല്‍കി വരുന്നു.
തുടക്കം അന്ധവൃദ്ധ മന്ദിരം
1990ല്‍ കീഴുപറമ്പ് അങ്ങാടിയില്‍ വാടകക്കെട്ടിടത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കുള്ള വൃദ്ധസദനമായാണു തുടക്കം. അന്നത്തെ നിയമസഭാ സ്പീക്കര്‍ വര്‍ക്കല കഹാറായിരുന്നു ഈ സദുദ്യമത്തിന്റെ ഉദ്ഘാടകന്‍. 1993ല്‍ മലപ്പുറം ജില്ലയിലെ ഹൈസ്‌കൂളുകളില്‍നിന്നു വിദ്യാര്‍ഥികള്‍ ശേഖരിച്ച നാണയത്തുട്ടുകള്‍ 13 ലക്ഷമായി വന്നു ചേര്‍ന്നപ്പോള്‍ ഉണ്ണിമോയീന്‍കുട്ടി നല്‍കിയ ഭൂമിയില്‍ സുന്ദരമായ കെട്ടിടവും കിണറും ചുറ്റുമതിലും പണികഴിപ്പിച്ചു. 1998ല്‍ വാടകകെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മന്ദിരം മാറി. അന്ധരായ വൃദ്ധര്‍ക്കായി തയാറാക്കിയ മന്ദിരം അതോടെ അന്ധര്‍ക്കുള്ള തൊഴില്‍ പരിശീലനകേന്ദ്രമായി മാറി.
2005ല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിച്ചിരുന്ന ഗ്രാന്റ് നിര്‍ത്തലാക്കിയത് തിരിച്ചടിയായി. 2006 മാര്‍ച്ച് 10നു സ്ഥാപനം അടച്ചുപൂട്ടുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി. 2009ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെ ശ്രമഫലമായി കേന്ദ്രം പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനകള്‍ വീണ്ടും ആരംഭിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.സി.എ ശുക്കൂറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും വിളിച്ചുചേര്‍ത്ത് അന്ധര്‍ക്കായുള്ള കേന്ദ്രം ആരംഭിക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2009ലെ കേരളപ്പിറവി ദിനത്തില്‍ 15 അഗതികളെ ചേര്‍ത്തി ഇതേ സ്ഥലത്തുതന്നെ കാഴ്ചയില്ലാത്തവര്‍ക്കു താമസിക്കാനുള്ള അഗതിമന്ദിരം പുനരാരംഭിച്ചു.
നിരവധി പേരാണു കണ്ണു കാണാത്ത ഈ മനുഷ്യരെ കാണാന്‍, അവര്‍ക്ക് ആശ്വാസം പകരാന്‍ ദിവസവും ഇവിടെയെത്തുന്നത്. കുഞ്ഞ് പിറന്നാല്‍ നാവില്‍ മധുരം തൊട്ടുനല്‍കാന്‍ അകക്കണ്ണില്‍ മധുരജീവിതം നയിക്കുന്നവര്‍ തന്നെ വേണമെന്ന വാശിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുപോലും ഈ അഗതിമന്ദിരത്തിലെത്തിയ ദമ്പതികളുണ്ട്. വിവാഹസുദിനത്തില്‍ വരന്‍ വധുവിനു താലി ചാര്‍ത്തുന്നതിനു മുന്‍പ് അഗതി മന്ദിരത്തിലെത്തി ഭക്ഷണം വിളമ്പുന്നതും നിത്യകാഴ്ചയാണിപ്പോള്‍. ജനനം മുതല്‍ മരണം വരെയുള്ള എണ്ണിയാലൊടുങ്ങാത്ത ചടങ്ങുകളില്‍ ഈ കുടുംബത്തെയും ചേര്‍ത്തുപിടിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന നൂറുകണക്കിനു മനുഷ്യസ്‌നേഹികളുടെ അകമഴിഞ്ഞ സഹായഹസ്തങ്ങള്‍ തന്നെയാണ് സ്ഥാപനത്തിന്റെ ഏക ആശ്രയം.
നവകൂട്ടായ്മയുടെ 'വെള്ളം വെളിച്ചം'
അഗതി മന്ദിരത്തിന്റെ പുരോഗതിക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലുമുള്ള സേവനതല്‍പരരായ ഒരുപറ്റം യുവതീ യുവാക്കള്‍ ചേര്‍ന്നു രൂപംനല്‍കിയ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഇന്‍സൈറ്റ്. ഉള്‍ക്കാഴ്ച എന്ന പേരിനെ അന്വര്‍ഥമാക്കിയാണ് ഈ നവകൂട്ടായ്മ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തില്‍ കുടിവെള്ളം, വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനായി 'വെള്ളം വെളിച്ചം' എന്ന പേരില്‍ ഒരു പദ്ധതി തന്നെ ഈ കാരുണ്യ കൂട്ടായ്മ ഏറ്റെടുത്തു നടത്തുന്നുണ്ട്. അനാവശ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ആയുസ് തീര്‍ക്കുന്നവര്‍ക്കു മാതൃകയാണ് ഈ സംഘം. സ്ഥാപനത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിച്ച് ഇരുട്ടില്‍ ജീവിക്കുന്നവര്‍ക്കു സ്‌നേഹ സാന്ത്വനം പകരാന്‍ ഒരുക്കമുള്ള മനുഷ്യസ്‌നേഹികളെ അഗതിമന്ദിരത്തിലേക്കു ക്ഷണിക്കുകയാണ് 'ഇന്‍സൈറ്റ് ' കൂട്ടായ്മ പ്രവര്‍ത്തകര്‍.
അകക്കണ്ണുകളുടെ കൂട്ടിരിപ്പുകാരന്‍
കുനിയില്‍ കൊട്ടിപ്പുറത്ത് ഹമീദിന് ജീവിതം സേവനമാണ്. ഇരുപത്തിനാലു മണിക്കൂറും കാഴ്ചയില്ലാത്തവര്‍ക്കു വേണ്ടി ഓടിനടക്കുന്ന പ്രകൃതം. 1989ല്‍ കാഴ്ചയില്ലാത്തവര്‍ക്കുള്ള അഗതി മന്ദിരത്തെ കുറിച്ചുള്ള ആലോചനകള്‍ ഉയര്‍ന്നതോടെ ഈ മഹദ്‌സംരംഭത്തിന്റെ ഭാഗമാണ് ഹമീദ്. അന്നുമുതല്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ മലപ്പുറം ജില്ലാ ട്രഷററും, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ അഗതി മന്ദിര സഹായ സമിതിയുടെ കണ്‍വീനറുമായി പ്രവര്‍ത്തിക്കുകയാണ് ഈ അറുപതുകാരന്‍. കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കി മന്ദിരത്തിലെ കാഴ്ചയില്ലാത്തവര്‍ക്കു കാവലൊരുക്കുന്നു. 2016ലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള വി.പി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ മാനവസേവ പുരസ്‌കാരം ഹമീദ് മാസ്റ്ററെ തേടിയെത്തിയിരുന്നു.
കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്
1967 മുതല്‍ കാഴ്ചയില്ലാത്തവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി വിദ്യാലയങ്ങള്‍, യുവതീ യുവാക്കള്‍ക്കു തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, വനിതാ പുനരധിവാസ കേന്ദ്രം, ബ്രെയില്‍ ലിപി അച്ചടിക്കുന്ന സ്ഥാപനം തുടങ്ങിയ വിവിധ പദ്ധതികളാണു സംഘടന എല്ലാ ജില്ലകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സംഘടനയുടെ ജില്ലാ സംസ്ഥാനതലങ്ങളില്‍ ട്രഷറര്‍ ഒഴികെയുള്ള പദവികള്‍ കാഴ്ചയില്ലാത്തവരാണ് വഹിക്കുന്നത്. വികലാംഗ ക്ഷേമരംഗത്ത് സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഒട്ടേറെ തവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ സംഘടനയെ തേടിയെത്തിയിട്ടുണ്ട്. പൂക്കോട്ടുപാടം ഗവ. ഹൈസ്‌കൂളിലെ അധ്യാപകന്‍ അസീസ് മാസ്റ്റര്‍ കരുളായി പ്രസിഡന്റും മങ്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഗോപാലകൃഷ്ണന്‍ സെക്രട്ടറിയും ഹമീദ് കുനിയില്‍ ട്രഷററുമായ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് കീഴുപറമ്പിലെ അഗതി മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."