ഭീകരവാദ കേസ്: സഊദിയില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം 20 ആയി
ജിദ്ദ: ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സഊദിയില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ജനുവരി 31ന് ആണ് ഒരാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഒരാളും ഡിസംബറില്‍ മൂന്നു പേരും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായിരുന്നു. നാലു മാസത്തിനിടെ ഏഴ് ഇന്ത്യന്‍ ഭീകരര്‍ സഊദിയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യന്‍ ഭീകരരില്‍ 17 പേരുടെ കേസുകളും അന്വേഷണഘട്ടത്തിലാണുള്ളത്. രണ്ടുപേരുടെ കേസുകള്‍ നിയമനടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. ഒരാളുടെ കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
പുതിയ കണക്കു പ്രകാരം സ്വദേശികളും വിദേശികളുമടക്കം 5,345 ഭീകരര്‍ സഊദിയിലെ വിവിധ ജയിലുകളിലുണ്ട്. ഇക്കൂട്ടത്തില്‍ 4,439 പേര്‍ സഊദികളാണ്. 326 യമനികളും 218 സിറിയക്കാരും 89 പാകിസ്താനികളും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാലു മാസത്തിനിടെ 60 യമനി ഭീകരരും 22 സിറിയക്കാരും അറസ്റ്റിലായി. കഴിഞ്ഞ മാസം മൂന്ന് എരിത്രിയക്കാരെയും സുരക്ഷാവകുപ്പ് അറസ്റ്റ് ചെയ്തു.
എന്‍.ഐ.എ അന്വേഷിച്ചുവന്ന ഏതാനും ഇന്ത്യന്‍ ഭീകരരെ സമീപകാലത്ത് സഊദി അറേബ്യ ഇന്ത്യക്കു കൈമാറിയിരുന്നു. ഭീകരരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഭീമമായ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം ഭീകരപട്ടികയില്‍പെടുത്തിയ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കു പത്തു ലക്ഷം റിയാലും ഒന്നിലേറെ ഭീകരരെ അറസ്റ്റ് ചെയ്യുന്നതിനു സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം റിയാലും ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്താന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 70 ലക്ഷം റിയാലുമാണു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."