ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധുവിന് വെള്ളി
ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ സ്വപ്നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടത്തില്‍ സിന്ധു ലോക 11ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്‌വെന്‍ സാങിനോട് പൊരുതി തോറ്റ് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.
ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റ് പിടിച്ച് തിരിച്ചടിച്ച സിന്ധു മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് അമേരിക്കന്‍ താരം അന്തിമ വിജയവും സുവര്‍ണ നേട്ടവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 18-21, 21-11, 20-21.
ഒന്നാം സെറ്റിന്റെ തുടക്കം മുതല്‍ തന്നെ കടുത്ത പോരാട്ടമാണ് കണ്ടത്. 5-5 എന്ന പോയിന്റ് നിലയില്‍ മുന്നേറിയ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ സിന്ധു 11-9ന് മുന്നില്‍ നിന്നിരുന്നു. എന്നാല്‍ 15-14ലേക്ക് ലീഡ് കുറച്ച ബെയ്‌വെന്‍ ആദ്യ സെറ്റ് 22 മിനുട്ടില്‍ 18-21 എന്ന സ്‌കോറിന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സിന്ധു മികച്ച മുന്നേറ്റമാണ് നടത്തിയത്. ആറ് തുടര്‍ പോയിന്റുകള്‍ നേടി സിന്ധു 11-4 എന്ന മികച്ച ലീഡുമായി മുന്നേറി. ഒടുവില്‍ സെറ്റ് 21-11 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരം പിടിച്ചെടുത്ത് മത്സരം ഒപ്പമെത്തിച്ചു. വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ രണ്ട് പോയിന്റിന്റെ ലീഡുമായി പ്രതീക്ഷയോടെയാണ് സിന്ധു തുടങ്ങിയത്.
എന്നാല്‍ മത്സരം പുരോഗമിക്കവേ 3-3ന് ഒപ്പമെത്തിയ ബെയ്‌വെന്‍ പിന്നീട് 4-9 എന്ന നിലയില്‍ കുതിച്ചു. എന്നാല്‍ അതേ ഭാഷയില്‍ തിരിച്ചടിച്ച് സിന്ധു പോയിന്റ് 9-10ല്‍ എത്തിച്ചു. പിന്നീട് 11-11, 15-15 പോയിന്റില്‍ മത്സരം പുരോഗമിച്ചു. ലീഡ് മാറിമറിഞ്ഞ് മത്സരം 19-19, 20-20 എന്ന നിലയില്‍ നില്‍ക്കേ ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ രണ്ട് പോയിന്റുകള്‍ തുടര്‍ച്ചായായി സ്വന്തമാക്കി അമേരിക്കന്‍ താരം കിരീടം പിടിച്ചെടുത്തു.
നേരത്തെ സെമി പോരാട്ടത്തില്‍ സിന്ധു തായ്‌ലന്‍ഡ് താരം രത്ചനോക് ഇന്‍ഡനോണിനെ 21-13, 21-15 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് കലാശപ്പോരിനെത്തിയത്. ബെയ്‌വെന്‍ സാങ്, ഹോങ്കോങിന്റെ നാന്‍ ചെങ് യിയെ കീഴടക്കിയാണ് ഫൈനലിലേക്ക് എത്തിയത്. പുരുഷ സിംഗിള്‍സ് കിരീടം ചൈനയുടെ ഷി യുഖി സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."