ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി: പരിശീലനം നല്കി
കല്‍പ്പറ്റ: വിനോദ സഞ്ചാര വകുപ്പ് സംസ്ഥാനത്തെ 79 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണത്തെക്കുറിച്ച് ഡി.ടി.പി.സിയുടെ സഹകരണത്തോടെയും അടിയന്തരഘട്ടങ്ങളിലെ പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് ഡി.എം വിംസിന്റെ സഹകരണത്തോടെയും പരിശീലനം നല്കി. ഡി.ടി.പി.സി ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ എം ഹുസൈന് അധ്യക്ഷനായി. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ അജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി മനോജന്, ഡി.ടി.പി.സി മാനേജര്‍ സി.ആര് ഹരികുമാര്‍, ശുചിത്വമിഷന് പ്രോഗ്രാം ഓഫിസര്‍ കെ അനൂപ്, വിംസ് കോഡിനേറ്റര്‍ കെ ഉണ്ണിക്കൃഷ്ണന്, ഡോ.എം ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ പൂക്കോട് തടാകം, കര്‍ലാട് തടാകം, കാന്തന്‍പാറ, എടക്കല്‍ ഗുഹ, കുറുവാദ്വീപ്, പ്രിയദര്‍ശിനി ടീ എന്വിറോസ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കുറുവാ ദ്വീപ് 42 ലക്ഷം രൂപ, പ്രിയദര്‍ശിനി 50 ലക്ഷം, കര്‍ലാട് തടാകം 1.02 കോടി, കാന്തന്‍പാറ 25 ലക്ഷം രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇതിന്റെ നിര്‍മാണ ചുമതല നിര്‍മിതി കേന്ദ്രത്തിനാണ്. പൂക്കോട്, കര്‍ലാട് എന്നീ തടാകങ്ങളില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ സഹകരണത്തോടെയും കാന്തന്‍പാറയില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായും മാസ് സ്ക്രീനിംഗ് നടത്തി പദ്ധതി പ്രകാരം മാലിന്യ സംസ്കരണം, ടോയ്ലെറ്റ് നവീകരണം, പാതയോര ലൈറ്റിംഗ്, പാത്വെ, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, കുടിവെള്ള സൗകര്യമേര്‍പ്പെടുത്തല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, പരാതിപരിഹാര സെല്‍ എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."