മഹാത്മജിയുടെ ചിതാഭസ്മം നിള ഏറ്റുവാങ്ങിയ ഓര്‍മയില്‍; സര്‍വോദയ മേളയ്ക്ക് എഴുപത് വയസ്
എടപ്പാള്‍: മഹാത്മജിയുടെ ചിതാഭസ്മം നിള ഏറ്റുവാങ്ങിയതിന്റെ ഓര്‍മകള്‍ക്കും ഈ ഓര്‍മകളില്‍ സര്‍വോദയ പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന സര്‍വോദയ മേളക്കും നാളെ എഴുപത് തികയും. 1948 ഫെബ്രുവരി 12 ന് മഹാത്മജിയുടെ ചിതാഭസ്മം നിളയിലൊഴുക്കിയതു മുതല്‍ സര്‍വോദയ മേള ആരംഭിച്ചെങ്കിലും 1951 മുതലാണ് മേളക്ക് വ്യസ്ഥാപിത രൂപം കൈവരുന്നത്.
ആദ്യകാലത്ത് ജനുവരി 30 രക്തസാക്ഷിത്വ ദിനം മുതല്‍ ഫെബ്രുവരി 11 വരെ സര്‍വോദയ പക്ഷമായി ആചരിക്കുകയായിരുന്നു പതിവ്. ഇതിന്റെ ഭാഗമായി നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ശാന്തിയാത്രകള്‍ തിരുന്നാവായയില്‍ സമ്മേളിക്കും. ഗാന്ധിജിയുടെ പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന പ്രതിജ്ഞയുമായി നിളയില്‍ നിന്നു പോരാട്ടത്തിന്റെ ഊര്‍ജം സംഘം ഏറ്റുവാങ്ങും. ഈ ഓര്‍മകളുമായി ഇന്നും ശാന്തിയാത്ര നടത്തുന്നുണ്ട്. ഗാന്ധിജിയുടെ സ്മരണയോടൊപ്പം കേളപ്പന്റെ ഓര്‍മകളും സര്‍വോദയ മേളയോടൊപ്പമുണ്ട്.
രാജ്ഘട്ടില്‍ സംസ്‌കരിച്ച ഗാന്ധിജിയുടെ ചിതാഭസ്മം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുണ്യ സ്‌നാനങ്ങളില്‍ ഒഴുക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് കേരളത്തിന്റെ ഭാഗമായ കന്യാകുമാരിയെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ തിരുന്നാവായയില്‍ നിമഞ്ജനം ചെയ്യണമെന്ന കെ കേളപ്പന്‍ ആവശ്യപ്പെടുകയും അദ്ദേഹം തന്നെ അതിന് നേതൃത്വം നല്‍കുകയുമായിരുന്നു.
ആദ്യകാലത്ത് തിരുന്നാവായയില്‍ നടന്നിരുന്ന മേള പിന്നീട് തവനൂരിലേക്ക് മാറുകയായിരുന്നു. ഖാദി ഉല്‍പന്നങ്ങളുടെയും ഗ്രാമീണ ഉല്‍പന്നങ്ങളുടെയും മേളകൂടിയായിരുന്നു സര്‍വോദയ മേള.ഇടക്കെപ്പോഴോ നിറം മങ്ങിപ്പോയ മേള പുതുതലമുറ വളരെ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.
ഇത്തവണ വിപുലമായാണ് മേള നടത്തുന്നത്. നാളെ മുതല്‍ 12 വരെ നടക്കുന്ന മേളയുടെ ഭാഗമായുള്ള ഖാദി ഗ്രാമ വ്യവസായ കുടുംബശ്രീ കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് നടക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ നിര്‍വഹിക്കും. സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യു അധ്യക്ഷനാകും. മുന്‍ എം.പി സി. ഹരിദാസ് മേളാ വിശദീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."