രാമന്തളിയിലെ ഒന്‍പതു കിണറുകളിലെ വെള്ളം അതീവ മലിനമെന്ന് പരിശോധനാ ഫലം നാവിക അക്കാദമിക്കെതിരായ സമരം ശക്തമാക്കും
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയുടെ രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനു സമീപത്തെ മാലിന്യ പ്ലാന്റില്‍ നിന്നും മലിനജലം ഒഴുകി എത്തിയ കൂടുതല്‍ കിണറുകള്‍ അതീവ മലിനമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച്ച പരിശോധനയ്ക്കായി കൊണ്ടുപോയ ഒന്‍പതു കിണറുകളിലെ വെള്ളമാണ് അതീവ മലിനമെന്ന് പരിശോധന ഫലം ലഭിച്ചത്. ജില്ലാ ഭൂഗര്‍ഭ ജല വകുപ്പാണ് പരിശോധന നടത്തിയത്.
രാമന്തളിയിലെ മലിന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സബ്ബ് കലക്ടര്‍ രോഹിത്ത് മീണയുടെ നിര്‍ദ്ദേശ പ്രകാരം ജല അതോറിറ്റി അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നും സമീപത്തെ ഒന്‍പതു കിണറുകളില്‍ നിന്നും വെള്ളം സാമ്പിള്‍ ശേഖരിച്ച് കണ്ണൂരിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് ലഭിച്ചത്. കൂടുതല്‍ കിണറുകള്‍ മലിനമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ സമര പരിപാടികള്‍ ശക്തമാക്കാന്‍ ജന ആരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചു.
ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനായി പ്രദേശത്തെ നൂറോളം വീടുകളിലെ കിണര്‍ വെള്ളം പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് രണ്ട് സ്കൂളുകളും അംഗന്‍വാടിയും ഒരു ക്ഷേത്രവും 10 തറവാട് ക്ഷേത്ര കിണറുകളും അഞ്ചോളം കുളങ്ങളും ഉണ്ട്. ഇത് ഉപയോഗിക്കുന്നവരും ആശങ്കയിലാണ് ഇതും പരിശോധിക്കണമെന്നും ജന ആരോഗ്യ സമിതി ആവശ്യപ്പെട്ടു. ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."