റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും
തിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയം കണ്ടതായി കെ.എസ്.ഇ.ബി. ഇതോടെ സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനൊരുങ്ങുകയാണ് ബോര്‍ഡ്. റീഡിങ് എടുക്കുന്ന പി.ഡി.എ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ തോതില്‍ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്റ് സേവനത്തിന് സര്‍വിസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."