സഊദി ദേശീയ പൈതൃകോത്സവത്തിന് ഇന്ന് അരങ്ങുണരും; ഒപ്പനയും ദഫ്മുട്ടും കഥകളിയുമായി കേരളവും
ജിദ്ദ: അറബ് പാരമ്പര്യകലകളുടെയും കരകൗശലങ്ങളുടെയും വിളംബരമോതി 32-ാമത് സഊദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലിന് ഇന്ന് അരങ്ങുണരും.
വൈകുന്നേരം നാലിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജും ജനാദ്രിയ നഗരിയില്‍ പ്രവേശിക്കുന്നതോടെയാണ് 18 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക.
നഗരിയിലെ പ്രധാന വേദിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാജാവും കേന്ദ്ര മന്ത്രി സുഷ്മ സ്വരാജും സംസാരിക്കും. തുടര്‍ന്ന് സഊദിയുടെയും ഇന്ത്യയുടെയും പ്രധാന കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.
റിയാദിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കലാരൂപങ്ങള്‍ അവതരിപ്പിക്കുക. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അള്‍സ്വബാഹ് അടക്കം നിരവധി ലോകരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
1985 മുതല്‍ സഊദി ദേശീയ സുരക്ഷാസേനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരികോത്സവമാണ് ജനാദ്രിയ. തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും 40 മിനിറ്റ് സഞ്ചരിച്ചാല്‍ തുമാമ മേഖലയിലെ ജനാദ്രിയ പൈതൃക ഗ്രാമത്തിലാണ് ആഘോഷം.
നേരത്തെ തന്നെ ജനാദിരിയയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം റിയാദില്‍ എത്തിയിരുന്നു. നാഷണല്‍ ഗാര്‍ഡ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വി.കെ സിങ് ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
2000 ചതുരശ്ര അടിയില്‍ മനോഹരമായാണ് പവലിയന്‍ രൂപകല്‍പന. ജനാദ്രിയയില്‍ ഒരുങ്ങിവരുന്ന ഇന്ത്യന്‍ പവലിയിയനില്‍ വിവിധ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പവിലിയന്‍ തയാറായി കഴിഞ്ഞു. കേരളപവലിയനില്‍ മലയാളികളുടെ സാന്നിധ്യം വളരെ വലുതാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്.
സഊദികള്‍ ഉള്‍പ്പടെയുള്ളവരെ കേരളത്തിലേക്ക് ബിസിനസ് രംഗത്തേക്കും ടൂറിസം രംഗത്തേക്കും ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാസംവിധനങ്ങളും ഒരുങ്ങികഴിഞ്ഞു. ഒരുമയോടെ രാഷ്ട്രീയത്തിന്റെയോ സംഘടനയുടെയോ വേര്‍തിരിവില്ലാതെ റിയാദിലെ രാഷ്ട്രീയ, സാമൂഹിക കലാ-സാംസ്‌ക്കാരിക, കൂട്ടായ്മകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് കാണാന്‍ കഴിയുന്നത്.
കേരളത്തിന്റെ കലാപ്രകടനങ്ങള്‍ നടത്താന്‍ ആദ്യ മൂന്ന് ദിവസമാണ് സ്റ്റാള്‍ അനുവദിച്ചിട്ടുള്ളത്. സ്റ്റേജ് ഷോകളുമുണ്ടാവും. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്‍മാരുടെ സംഘം വിവിധ കലാപരിപാടികളായ ഒപ്പന, ദഫ്മുട്ട്, കോല്‍കളി, വഞ്ചിപ്പാട്ട്, ചാക്യാര്‍കൂത്ത്, കഥകളി, യോഗ, വള്ളംകളി അവതരിപ്പിക്കും.
കേരള സ്റ്റാളില്‍ വൈകുന്നേരം നാലു മുതല്‍ 11 വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിച്ചുള്ളത്. ഇന്ത്യന്‍ പവലിയനോട് ചേര്‍ന്ന് കലാപരിപാടികള്‍ക്കായി ഡിജിറ്റല്‍ സംവിധാനത്തോടെയാണ് സ്റ്റേജ്.
കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ അരങ്ങിലെത്തിക്കാവാന്‍ പ്രവാസി കലാകാരന്‍മാര്‍ ഇത്തവണ മേളയില്‍ പങ്കെടുക്കും. ജനാദ്രിയ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്തോ- സഊദി ഉഭയകക്ഷി ബന്ധത്തിന്റെ വസ്തുതകളും ഭാവിയും, സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സംയുക്തമായി ഭക്ഷ്യ സംസ്‌കരണം സംബന്ധിച്ച് പ്രത്യേക സെമിനാറും സംഘടിപ്പിക്കും.
ഇത്തവണ സന്ദര്‍ശകരുടെ പ്രവേശന സമയത്തില്‍ മാറ്റമുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശകര്‍ക്ക് മേളയില്‍ പ്രവേശനം നല്‍കുക എന്നറിയിച്ചിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ വൈകുന്നേരം നാലു മുതലായിരുന്നു പ്രവേശനം. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാവും സന്ദര്‍ശക സമയം. എട്ടാം തിയതി മുതല്‍ 11 വരെ പുരുഷന്‍മാര്‍ക്കും 12 മുതല്‍ 23-ാം തിയതി വരെ സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കുമാവും പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."