കിടക്കപ്പായയില്‍ പൊറുതിയില്ലാതെ എം.എല്‍.എ
പാവപ്പെട്ടവര്‍ക്കു വീടുണ്ടാക്കിക്കൊടുക്കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതി അവതാളത്തിലായതിനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകളുടെ ഭര്‍ത്താക്കന്മാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. ഭര്‍ത്താവ് പി.കെ ബഷീറിനെപ്പോലെ എം.എല്‍.എയാണെങ്കില്‍ പിന്നെ പറയാനുമില്ല. പഞ്ചായത്ത് പ്രസിഡന്റായ ഭാര്യ ബഷീറിനെ കുറേക്കാലമായി കിടത്തിപ്പൊറുപ്പിക്കുന്നില്ല. ഇന്നലെ ലൈഫ് മിഷനിലെ പാളിച്ചയെക്കുറിച്ചു നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോഴാണു ബഷീര്‍ ഈ ദുരിതം മാലോകരെ അറിയിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ടു തുടരെത്തുടരെ ഇറങ്ങുന്ന ഉത്തരവുകളിലെ സങ്കീര്‍ണതമൂലം അര്‍ഹര്‍ക്കു വീടു ലഭിക്കുന്നില്ല.
നാട്ടുകാരില്‍നിന്നു പരാതികേട്ടു പൊറുതിമുട്ടിയ ഭാര്യ തനിക്കു കിടക്കപ്പായയില്‍ സ്വസ്ഥത തരുന്നില്ലെന്നു ബഷീര്‍. കിടക്കപ്പായയില്‍ സുഖമില്ലാത്ത അവസ്ഥ വന്നാല്‍ പിന്നെന്ത് ലൈഫെന്നായി മുഖ്യമന്ത്രിയോട് ബഷീറിന്റെ ചോദ്യം.
കിടക്കപ്പായയില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണു ബഷീര്‍ പറയുന്നതെന്നും അതുപരിഹരിക്കാന്‍ താന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സര്‍ക്കാരിനെതിരായ വാക്ശരങ്ങളുമായി ബഷീര്‍ കത്തിക്കയറി.
പാവപ്പട്ട കൂലിപ്പണിക്കാരുടെ വീട്ടില്‍ സന്ധ്യയ്ക്കു പണികഴിഞ്ഞ് അരിയും മറ്റു ഭക്ഷണസാധനങ്ങളുമായി എത്തുന്ന ഗൃഹനാഥനെ കെട്ടിയോളും മക്കളും കാത്തിരിക്കും. ചിലര്‍ കുടിച്ചു കുഴഞ്ഞാടി കൈയിലൊന്നുമില്ലാതെയായിരിക്കും വരുന്നത്. ഇതെന്തു പണിയാണു ചെയ്യുന്നതെന്നു ചോദിക്കുന്ന ഭാര്യമാരുടെ 'പള്ളയ്ക്ക് ' അവര്‍ ചവിട്ടും. അതുപോലെയാണു സര്‍ക്കാര്‍ ഭവനരഹിതരോടു പെരുമാറുന്നത്.
ഭരണപക്ഷത്തുള്ളവരുടെയൊക്കെ തലയില്‍ കളിമണ്ണാണോയെന്നും നിങ്ങള്‍ വെറുതെ ഇങ്ങനെ 'തൊള്ളേല്‍' നോക്കിയിരുന്നാല്‍ മതിയോയെന്നും ബഷീറിന്റെ ചോദ്യം.
പള്ള, തൊള്ള എന്നൊക്കെ പറഞ്ഞാല്‍ സഭയില്‍ എല്ലാവര്‍ക്കും മനസിലാവില്ലെന്നും അതു വ്യക്തമാക്കിക്കൊടുക്കണമെന്നും ബഷീറിനോടു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പള്ള എന്നാല്‍ വയറാണെന്നും തൊള്ള എന്നാല്‍ 'മൗത്ത് ' ആണെന്നും ബഷീറിന്റെ വിവര്‍ത്തനം.
ചൊവ്വാഴ്ച അടിയന്തരപ്രമേയത്തിന്റെ പേരില്‍ സഭയില്‍നിന്നു യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ വിഷയത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതിനാല്‍ ഇറങ്ങിപ്പോകുന്നില്ലെന്നും പറഞ്ഞു സഭയിലിരുന്ന കെ.എം മാണി ഇന്നലെ ശരിക്കും പ്രതിപക്ഷറോളിലായിരുന്നു.
ലൈഫ് മിഷന്റെ പേരിലുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ പ്രതിഷേധം പ്രകടിപ്പിച്ചു മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മറ്റംഗങ്ങളും ഇറങ്ങിപ്പോയി.
ബജറ്റ് ചര്‍ച്ചയിലാകട്ടെ മാണി ബജറ്റിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ രംഗങ്ങളിലും സര്‍ക്കാര്‍ പരാജയമാണെന്നു പറഞ്ഞ അദ്ദേഹം പ്രസംഗത്തിന്റെ അവസാനം ബജറ്റിനെ എതിര്‍ക്കുന്നെന്നോ അനുകൂലിക്കുന്നെന്നോ വ്യക്തമായി പറഞ്ഞില്ല.
ബ്രഹ്മാവു മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്തെങ്കിലും വരം വേണോയെന്നു ചോദിച്ചാല്‍ തന്റെ മണ്ഡലത്തില്‍ കിഫ്ബിയില്‍നിന്ന് എന്തെങ്കിലുമൊരു പദ്ധതി അനുവദിച്ചുകിട്ടണമെന്നായിരിക്കും വി.പി സജീന്ദ്രന്‍ പറയുക.
അത് ഉടനെയൊന്നും കിട്ടാത്ത കാര്യമായതിനാല്‍ ബ്രഹ്മാവ് തനിക്കു ദീര്‍ഘായുസ്സു തരുമെന്നും സജീന്ദ്രന്‍.
കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പേരിലുള്ള ആരോപണം പുറത്തുവന്ന ശേഷം വി.എസ് അച്യുതാനന്ദനു പാര്‍ട്ടിക്കാര്‍ പുതിയ പത്രങ്ങളൊന്നും എത്തിച്ചുകൊടുക്കുന്നില്ല.
അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുന്നത് കഴിഞ്ഞവര്‍ഷത്തെ പത്രങ്ങളാണ്. ഇതില്‍ ബജറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളൊന്നുമില്ലല്ലോയെന്നു വി.എസ് ചോദിച്ചപ്പോള്‍, ഇപ്പോള്‍ ബൂര്‍ഷ്വാ പത്രങ്ങള്‍ ഇടതുബജറ്റിനെക്കുറിച്ചു വാര്‍ത്ത കൊടുക്കുന്നില്ലെന്ന മറുപടിയാണു പാര്‍ട്ടിക്കാര്‍ നല്‍കിയതെന്നും സജീന്ദ്രന്‍.
താന്‍ ബ്രാഹ്മണനാണെന്ന് എ.ഐ.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഐ.ബി സതീഷ് പറഞ്ഞപ്പോള്‍ വി.ടി ബല്‍റാം ക്രമപ്രശ്‌നമുന്നയിച്ചു.
എ.ഐ.സി.സി പ്രസിഡന്റ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ ആരോപണം രേഖകളില്‍നിന്നു നീക്കണമെന്നും ബല്‍റാം. പരിശോധിച്ചു വേണ്ടതു ചെയ്യാമെന്നു ചെയറില്‍നിന്നു മറുപടി.
കവി കുരീപ്പുഴ ശ്രീകുമാറിനെതിരേ സംഘ്പരിവാര്‍ ആക്രമണമുണ്ടായിട്ടും യു.എ.ഇയിലെ കേസിന്റെ പേരിലൊക്കെയാണു പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നതെന്ന് എം. സ്വരാജ്. ഇതു യു.എ.ഇ പാര്‍ലമെന്റാണോ എന്നാണ് സ്വരാജിന്റെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."