വിവാദങ്ങള്‍ക്ക് നടുവിലൊരു സമ്മേളനം
ഭരണവും പാര്‍ട്ടിയും ഒറ്റവഴിക്കു നീങ്ങിയ പിണറായി-കോടിയേരി കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സി.പി.എം സംസ്ഥാനസമ്മേളനത്തിലേക്കു നീങ്ങുകയാണ്. തൃശൂരില്‍ സി.പി.എം 22-ാം സംസ്ഥാനസമ്മേളനത്തിനു കൊടിയുയരാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി. വിഭാഗീയതയുടെ ചെറിയ ചലനങ്ങള്‍ പോലും അനുവദിക്കാതെ 14 ജില്ലാ സമ്മേളനങ്ങള്‍ പൂത്തിയാക്കിയതിന്റെ വിജയസ്മിതത്തിലായിരുന്നു ഇരുവരും.
ചുമതലയേറ്റ ശേഷമുള്ള ആദ്യസമ്മേളനം മുതല്‍ സെക്രട്ടറിമാര്‍ ശക്തരാകുന്ന പാരമ്പര്യമാണു കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഉള്ളതെങ്കിലും കോടിയേരിയുടെ അവസ്ഥ അതല്ലെന്നാണ് ഇപ്പോള്‍ നടന്നുവരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
മക്കള്‍വിവാദം വിട്ടൊഴിയാതെ തലകുനിച്ചു നില്‍ക്കേണ്ട പരുവത്തിലാണ് പാര്‍ട്ടി സെക്രട്ടറി. സദാ പുഞ്ചിരി തൂകുന്ന ആ മുഖം കാര്‍മേഘം പടര്‍ന്നു കരുവാളിച്ചിരിക്കുന്നു.
പിണറായിയാകട്ടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യ സംസ്ഥാനസമ്മേളനത്തിനെത്തുന്നത് സെക്രട്ടറിയേക്കാള്‍ ശക്തനായാണ്. സര്‍ക്കാരിനെതിരേ തുടക്കം മുതല്‍ വന്നുകൊണ്ടിരുന്ന ആരോപണങ്ങളും വിവാദങ്ങളുമെല്ലാം മുഖ്യമന്ത്രിയെ പാര്‍ട്ടി സമ്മേളനത്തില്‍ നിരായുധനാക്കുമെന്ന അവസ്ഥയുണ്ടായിരിക്കുന്നു.
എന്നാല്‍, പാര്‍ട്ടിസെക്രട്ടറി പഞ്ചാഗ്നി മധ്യത്തിലായതോടെ അറിയാതെ കരുത്തനായിത്തീര്ന്നിരിക്കുകയാണു മുഖ്യമന്ത്രി.
14 ജില്ലാ സമ്മേളനങ്ങളും പിണറായിയുടെയും കോടിയേരിയുടെയും പൂര്‍ണനിയന്ത്രണത്തില്‍ നടന്നതോടെ വിഭാഗീയതയുടെ ചെറുനീക്കങ്ങളെപോലും ഇല്ലാതാക്കാനായി. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്ക്കെല്ലാം അവധി നല്കി പിണറായി സമ്മേളനഹാളില്‍ തമ്പടിച്ചതു വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എങ്കിലും ജില്ലാസമ്മേളന ഹാളില്‍നിന്നു മാറിനില്ക്കാന് പിണറായി തയാറായില്ല.
ഇതോടെ വി.എസ് ഫാക്ട് സി.പി.എമ്മിന്റെ രാഷ്ട്രീയചരിത്രത്തില്‍ പൂര്‍ണമായും അവസാനിച്ചുവെന്നു ജില്ലാസമ്മേളനങ്ങള്‍ അടിവരയിട്ടു. ബദല്‍ നിലപാടിന്റെ വക്താക്കളെന്നു ചിത്രീകരിക്കപ്പെട്ട എം.എ ബേബിയുടെയും തോമസ് ഐസക്കിന്റെയും നിലപാടുകള്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകാതെ പോയി.
വിഭാഗീയത കേരളഘടകത്തില്‍ പൂര്‍ണമായും ഇല്ലാതായതിന്റെ പ്രതിഫലനം പ്രകടമാകുന്നതായിരിക്കും 22 -ാം സംസ്ഥാനസമ്മേളനം. പാര്‍ട്ടി സമ്മേളനം ബലപരീക്ഷണവേദിയല്ലാതായതോടെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നു പലരും ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായി. നിരവധി പുതുമുഖങ്ങള്‍ക്ക് സമിതിയില്‍ അവസരം കിട്ടും.
ഇതുവരെ ഏതെങ്കിലുമൊരു പക്ഷത്തിന്റെ ബലപരീക്ഷണത്തിനായി മുതിര്‍ന്ന നേതാക്കളെ സംസ്ഥാന കമ്മിറ്റിയിലും മേല്‍ക്കമ്മിറ്റിയിലും നിലനിര്‍ത്തുക എന്ന നിലപാടായിരുന്നു കേരള ഘടകം പിന്തുടര്ന്നിരുന്നത്.
പുതിയ സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കും. സമ്മേളനത്തിനുശേഷം നടക്കുന്ന സംസ്ഥാനസെക്രേട്ടറിയറ്റിലും അഴിച്ചുപണിയുണ്ടാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റികളില്‍ ഒഴിവാക്കിയാണ് പല ജില്ലാ കമ്മിറ്റികളും നിലവില്‍ വന്നിരിക്കുന്നത്. ഇത് തന്നെയായിരിക്കും സംസ്ഥാന സമിതിയിലും ഉണ്ടാകുക.
കേന്ദ്രവും കേരളവും തമ്മില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഏകസ്വരത്തിലുള്ള പിന്തുണയാണു പിണറായിയും കോടിയേരിയും സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ചു കേന്ദ്രക്കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയ കരടുരേഖയ്ക്കെതിരേ കേരളത്തിലെ അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തെങ്കിലും തോമസ്ഐസക്ക് വിട്ടു നില്ക്കുകയാണു ചെയ്തത്.
കേരളഘടകത്തിന്റെ നിലപാട് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന പ്രകാശ് കാരാട്ടിനൊപ്പമാണെന്നു പ്രഖ്യാപിക്കുന്നതായിരിക്കും സംസ്ഥാനസമ്മേളനം.
കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലാസെക്രട്ടറിമാരാണു സമ്മേളനത്തിലൂടെ മാറിയത്. മിക്ക ജില്ലാ കമ്മിറ്റികളിലും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം കിട്ടി. ജില്ലാസമ്മേളനങ്ങളില്‍ കാര്യമായ വിമര്‍ശനം സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്നിരുന്നില്ലെന്നത് ഏറെ ശ്രദ്ധേയം.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ഉയര്‍ന്ന ആരോപണം, കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് മന്ത്രിയായിരിക്കെ നടത്തിയ ബന്ധുനിയമനം, മന്ത്രി കെ.കെ ഷൈലജയുടെ കണ്ണടവിവാദം, കണ്ണൂരും പാലക്കാടും ഉയര്‍ന്ന വ്യക്തിപൂജാ ആരോപണങ്ങള്‍ തുടങ്ങി ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും സമ്മേളനത്തില്‍ പ്രതിഫലിച്ചില്ല.
സംസ്ഥാനസമ്മേളനത്തിലും ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ള ചര്‍ച്ചയ്ക്കോ വിമര്ശനങ്ങള്ക്കോ ഇടയാക്കാന്‍ സാധ്യതയില്ല.
വിഭാഗീയതയെ തുടച്ചുനീക്കിയെങ്കിലും കേരളത്തിലെ സി.പി.എം രണ്ടു വ്യക്തികളിലേക്കു ചുരുങ്ങുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയായിരിക്കും തൃശൂര്‍ സമ്മേളനം.
റെഡ് വളണ്ടിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചത് മുഖ്യമന്ത്രി
പാര്‍ട്ടിയുടെ സംഘടനാകരുത്തിന്റെ പ്രതീകമായി കണക്കാക്കുന്ന റെഡ്വളണ്ടിയര്‍മാരുടെ മാര്‍ച്ച്പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കവെയാണു പിണറായി സല്യൂട്ട് സ്വീകരിച്ചത്. ഇതു സി.പി.എം ചരിത്രത്തില്‍ അപൂര്‍വമാണ്.
സാധാരണ സല്യൂട്ട് സ്വീകരിക്കുന്നതു സെക്രട്ടറിയാണ്. വി.എസ് മുഖ്യമന്ത്രിയും പിണറായി പാര്‍ട്ടി സെക്രട്ടറിയുമായിരുന്നപ്പോള്‍ പിണറായി ആയിരുന്നു സല്യൂട്ട് സ്വീകരിച്ചിരുന്നത്. ഭരണത്തിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ ആളായിട്ടാണു മുഖ്യമന്ത്രിയെ കാണാറ്.
പിണറായിയും കോടിയേരിയും പി.ബി അംഗങ്ങളാണെങ്കിലും സി.പി.എം ഭരണഘടനാപ്രകാരം സെക്രട്ടറിക്കാണു കൂടുതല്‍ അധികാരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."