HOME
DETAILS

കേരളം കൊടും വരള്‍ച്ചയിലേക്ക്

  
backup
February 15 2017 | 22:02 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87

ഇരുപതുവര്‍ഷം മുന്‍പുവരെ തുലാംമാസത്തിന്റെ അവസാനത്തില്‍ ഭാരതപ്പുഴയില്‍ ഭേദപ്പെട്ട നിലയില്‍ നീരൊഴുക്കുണ്ടായിരുന്നു. പുഴയുടെ വിസ്തൃതിയില്‍ പകുതിഭാഗം വരെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിടയില്‍ വര്‍ധിച്ചുവന്ന കൈയേറ്റങ്ങളും മണലെടുപ്പുമൊക്കെ ഭാരതപ്പുഴയുടെ ജലക്ഷമതയില്‍ വലിയ കോട്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം കെട്ടിനില്‍ക്കുന്ന ചാലിയാറിനെയും പെരിയാറിനെയും അപേക്ഷിച്ചു സ്വാഭാവികമായ ജലക്ഷമതയുള്ള നദിയാണു പഴയകാലങ്ങളിലെ ഭാരതപ്പുഴ.
ചില വര്‍ഷങ്ങളില്‍ മഴ കുറഞ്ഞാലും നദിയുടെ ഉള്‍ത്തടങ്ങളിലെ ഉറവകളും വെള്ളക്കെട്ടുകളും മൂലം ജലലഭ്യതയുണ്ടാവുകയെന്നതാണു ജലക്ഷമത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നു കാണുന്ന ഭാരതപ്പുഴ വറ്റിവരണ്ട മണല്‍പരപ്പു മാത്രമാണ്. കേരളത്തില്‍ പല നദികളും ഇന്ന് ഇതേയവസ്ഥയിലാണ്. മഴക്കാലത്തു ഭേദപ്പെട്ട മഴ ലഭിച്ചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും ഏതാനും നാളുകള്‍ക്കകം ജലസമൃദ്ധി അപ്രത്യക്ഷമാവുകയും ചെയ്യുന്നു.


ഭാരതപ്പുഴയുടെ ജലസംഭരണശേഷി ഏതാണ്ടു നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതപ്പുഴയെ ആശ്രയിച്ചു നിലനിന്നിരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ജലവിതരണപദ്ധതികള്‍ പലതും നിശ്ചലമായിക്കഴിഞ്ഞു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ നഗരസഭകളില്‍ ഇതിന്റെ കെടുതി കാണാന്‍ തുടങ്ങി.


മാറിമാറി വന്ന ഒരു സര്‍ക്കാരും കേരളത്തിലെ നദികളെയും അവയുടെ ജലവിതാനത്തെയും സംരക്ഷിക്കുന്ന ഒരു പദ്ധതിയും മുന്നോട്ടുവയ്ക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഈ ഉത്തരവാദിത്വമില്ലായ്മയുടെ കെടുതി ഏറെയനുഭവിക്കുന്നതു ഭാരതപ്പുഴയാണ്. പരിസ്ഥിതിപ്രവര്‍ത്തകയായ മേധാപട്കര്‍ ഏതാനും മാസം മുന്‍പ് ഷൊര്‍ണൂരിലെത്തിയപ്പോള്‍ ഭാരതപ്പുഴ സന്ദര്‍ശിക്കുകയും പുഴയുടെ സംരക്ഷണത്തിനാവശ്യമായ നടപടികളെടുപ്പിക്കുന്നതില്‍ ഇടപെടാമെന്നു പറയുകയും ചെയ്തിരുന്നു. യശഃശരീരനായ ഇന്ത്യന്നൂര്‍ ഗോപിമാഷിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന നിളാ സംരക്ഷണസമിതി വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളും ബധിരകര്‍ണങ്ങളിലാണു ചെന്നു പതിച്ചത്. ചുരുക്കത്തില്‍, ഭാരതപ്പുഴ ഇന്ന് അനാഥയാണ്. പ്രശ്‌നങ്ങളുന്നയിക്കാനും പരിഹാരം കാണാനും ആരുമില്ല.


കേരളം അനുഭവിക്കാന്‍ പോകുന്നതു കൊടുംവരള്‍ച്ചയുടെ കാലത്തെയാണ്. ഇടവപ്പാതിയും കര്‍ക്കിടകപ്പെയ്ത്തുകളും തുലാവര്‍ഷവും ഇത്തവണ കേരളത്തെ അനുഗ്രഹിച്ചില്ല. പണ്ടുകാലത്ത് ചില വര്‍ഷങ്ങളില്‍ മഴ കുറഞ്ഞാലും പിന്നീടുള്ള വര്‍ഷങ്ങളില്‍ നികത്തപ്പെട്ടിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിന്റെ അനുഭവം മറിച്ചാണ്. മഴയുടെ ഗ്രാഫ് താഴേക്കു മാത്രമാണ്. കഴിഞ്ഞ മഴക്കാലത്ത് ലഭിച്ചത് 34 ശതമാനം മഴയാണ്. നമ്മുടെ കാലാവസ്ഥ, പ്രകൃതി പഠനങ്ങളൊക്കെ വാചകവിപ്ലവം മാത്രമാണെന്നു തെളിയിക്കുന്നതാണു മഴക്കണക്ക്. ഏറ്റവു കൂടുതലും ഏറ്റവും കുറവും മഴ ലഭിച്ച ജില്ലകളെ നിര്‍ണയിക്കാന്‍പോലും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.


വേനലിന്റെയും വരള്‍ച്ചയുടെയും ജലദാരിദ്ര്യത്തിന്റെയും പ്രശ്‌നം കൈകാര്യംചെയ്യാന്‍ സ്വതന്ത്രമായ വകുപ്പും സംവിധാനവും ആവശ്യമാണിന്ന്. അതു യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. ഭരണകൂടം ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ല. കേരളം നീങ്ങുന്നതു വെള്ളത്തിനുവേണ്ടിയുള്ള സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദിശയിലേക്കാണ്. ഭാവിയില്‍ കേരളത്തിലും സാമൂഹിക ജീവിതത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന വസ്തുവായി വെള്ളം മാറാന്‍ പോവുകയാണ്.  


ജലസാക്ഷരതയും ജലനിയന്ത്രണശീലങ്ങളും മലയാളിയുടെ ചിന്താവിഷയമായിരുന്നില്ല. കിണറുകളും കുളങ്ങളും സുലഭമായ കേരളത്തില്‍ വരള്‍ച്ച ബാധിക്കില്ലെന്ന നിലപാടിലാണു നമ്മള്‍. ഇവിടെ മഴ യഥേഷ്ടം കിട്ടുന്നുണ്ടെന്നും കിണറില്ലെങ്കില്‍ കുഴല്‍ക്കിണറുണ്ടാക്കാമെന്നും ആയിരുന്നു മലയാളി ഇതുവരെ ചിന്തിച്ചിരുന്നത്. കിണര്‍ കുഴിച്ചാല്‍ പത്തും പതിനഞ്ചും കോലളവില്‍ വെള്ളം കിട്ടിയിരുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നു മുന്നൂറടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍പോലും വെള്ളമില്ല.
കേരളത്തില്‍ 30 വര്‍ഷം മുന്‍പുവരെ ഏറ്റവും ആഴമേറിയ കിണറിന്റെ ആഴം നാല്‍പതും അന്‍പതും കോലായിരുന്നു. വട്ടംകൂടിയ ആഴമേറിയ കിണറുകളില്‍ അറ്റവേനലിലും തെളിവെള്ളമുണ്ടായിരുന്നു. വീടുവയ്ക്കാന്‍ സ്ഥലം കണ്ടെത്തുമ്പോള്‍ തറപ്പണിക്കു മുന്‍പു കിണര്‍ കുത്തിയിരുന്നവരാണു മലയാളികള്‍. ഇന്നു ഭൂമി തുരന്ന് ആഴത്തിലെ നീരൊഴുക്കുകളെ പിടിച്ചടക്കുന്ന കുഴല്‍ക്കിണറായി ശീലം. കുഴിക്കാന്‍ ചെലവു കുറവാണെങ്കിലും കുഴല്‍ക്കിണറുകള്‍ കേരളത്തിന്റെ മണ്ണിന്റെ ജലക്ഷമതയില്‍  വരുത്തിയ ദുരിതം അവഗണിക്കാനാവാത്തതാണ്. കിണറിനടുത്ത സ്ഥലത്തെ കുഴല്‍ക്കിണര്‍ കിണര്‍വെള്ളം വറ്റിക്കും. കുഴല്‍ക്കിണറുകള്‍ അധികരിച്ചപ്പോള്‍ വറ്റിപ്പോയ കുളങ്ങളും കിണറുകളും കേരളത്തിന്റെ പലഭാഗങ്ങളിലും കാണാം.


ജലത്തിന്റെയും മഴയുടെയും കാര്യത്തില്‍ ചാക്രിക പരിചരണ വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു. പ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധമാണത്. മരങ്ങളും ചെടികളും നിറഞ്ഞ പറമ്പുകളും പുരയിടങ്ങളും  അപ്രത്യക്ഷമായതു മഴയെ ബാധിച്ചു. ഇതിനു പരിഹാരമായി ചില പരിസ്ഥിതിവാദികള്‍ കാവുകളെ നിര്‍ദേശിക്കുന്നതു കാണാം. കാവുകള്‍ മനുഷ്യസ്പര്‍ശമില്ലാത്ത ചെറിയ മരക്കൂട്ടങ്ങളാണ്. അവകൊണ്ട് പരിസ്ഥിതി സംതുലനം സാധ്യമല്ല. മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുകയോ ചില പ്രദേശങ്ങളില്‍ മാത്രം കാടുകള്‍ ഉണ്ടാക്കുകയോ ചെയ്യുന്നതു കൊണ്ടു മഴയ്ക്കാവശ്യമായ പ്രകൃതിസാഹചര്യം ഉണ്ടാവില്ല.


ഭൂമിയിലെങ്ങും പച്ചപ്പ് ഉറപ്പുവരുത്താനാകണം. വീടിനു ചുറ്റുമായി പച്ചപ്പിന്റെ മണ്ഡലമാണു വീട്ടുപറമ്പ്. വര്‍ധിച്ചുവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പച്ചപ്പിനെയാകെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
കൊടുംവെയില്‍ കത്തിനില്‍ക്കുന്ന തുണ്ടുഭൂമിയില്‍ പണിതുയര്‍ത്തുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു കേരളീയന്റെ ജീവിതം സങ്കുചിതപ്പെട്ടുപോയിരിക്കുന്നു. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല മഴ പെയ്യുന്നത്. മരങ്ങള്‍ക്കും ചെടികള്‍ക്കും ജീവജാലങ്ങള്‍ക്കും വേണ്ടിയാണ്. ഇതിനെ പഴഞ്ചന്‍ കാഴ്ചപ്പാടാക്കരുത്. അതില്‍ പ്രകൃതിയിലെ ജലക്ഷമതയും ജലലഭ്യതയുമൊക്കെയായി ബന്ധപ്പെട്ട അടിസ്ഥാന സത്യവുമുണ്ട്.


കേരളം പതുക്കെ മരുഭൂമിയാകുന്നതിന്റെ സൂചനതന്നെയാണു മഴയുടെ പിന്മാറ്റവും കാലം തെറ്റിയ കാറ്റുകളും മൂടല്‍മഞ്ഞും പൊടിപടലങ്ങളുമൊക്കെ. കേരളത്തിന്റെ ജലലഭ്യതയില്‍ പങ്കുവഹിച്ചിരുന്ന പല ഘടകങ്ങളുണ്ട്. പാടങ്ങള്‍, ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും, കുളങ്ങള്‍, കിണറുകള്‍, കൊക്കരണികള്‍, പാടങ്ങളുടെ ഓരം ചേര്‍ന്നൊഴുകിയിരുന്ന തോടുകള്‍, വെള്ളച്ചാലുകള്‍ ഇവയൊക്കെ അവയില്‍ ചിലതാണ്.


2007 നും 17നുമിടയില്‍ കേരളത്തിലെ വയലുകള്‍ പത്തിലൊന്നായി കുറഞ്ഞു. കൃഷിചെയ്യാന്‍ പറ്റുന്ന വയലുകള്‍ വെള്ളം കിട്ടാതെ വെറുതേയിട്ടിരിക്കുകയാണ്. കൊടുംവേനലിലും പാടത്തിന്റെ നടുക്ക് ആഴമുള്ള കുഴിയെടുത്താല്‍ ആവശ്യത്തിനു വെള്ളം കിട്ടിയിരുന്നു. പാടങ്ങളിലും പള്ളിയാലുകളിലെയും കിണറുകളിലും ജലസമൃദ്ധി നിലനിന്നു. മഴവെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന ചതുപ്പുകളും ഒഴിവിടങ്ങളുമുണ്ടായിരുന്നു.


വലിയ കുളങ്ങള്‍ സമീപപ്രദേശങ്ങളിലെ കിണറുകളെ ജലസമ്പന്നമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. വേനലിലും പരന്നുകിടക്കുന്ന കുളങ്ങളിലെ ജനസമ്പത്തു കിണറുകളിലേക്ക് അടിയൊഴുക്കായി ചെന്നെത്തിയിരുന്നു. വേനലും വര്‍ഷവും തമ്മിലുള്ള വെള്ളത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ മധ്യവര്‍ത്തികളായിരുന്നു പാടങ്ങളും കുളങ്ങളും കിണറുകളും ചതുപ്പുനിലങ്ങളുമൊക്കെ. ഇന്നു പ്രകൃതിയുടെ ജലസംഭരണികള്‍ക്കു വലിയ തോതില്‍ നാശം സംഭവിച്ചു. വീട്ടുകുളങ്ങളൊക്കെ മണ്ണിട്ടു നികത്തുകയാണ്.
മഴയ്ക്കു പകരമായി മറ്റൊന്നുമില്ല. ഇനിയുള്ള കാലം മഴയുടെ അളവെത്രയായിരിക്കുമെന്നു പ്രവചിക്കാനാവില്ല. ഈ സ്ഥിതിയില്‍ വരുംകാലത്തെ വെള്ളപ്രശ്‌നത്തെക്കുറിച്ച് ഇപ്പോള്‍ ധാരണാരൂപീകരണം അസാധ്യമാണ്. കേരളം കൊടിയ ജലദാരിദ്ര്യത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പ്. പാഴാക്കുന്ന ജലത്തെക്കുറിച്ചു ഖേദിക്കേണ്ട കാലമാണു വരാനിരിക്കുന്നത്.
ഇനി പെയ്യുന്ന മഴവെള്ളം പൂര്‍ണമായും ശേഖരിക്കുകയും നികത്തപ്പെടാത്ത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും, പാറമടകള്‍, ക്വാറികള്‍ തുടങ്ങിയ ജലശേഖരങ്ങളെ ഉപയോഗപ്പെടുത്തുകയും വീടുകള്‍ കേന്ദ്രീകരിച്ചു ജലശേഖരണത്തിനും ചംക്രമണത്തിനുമുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുമൊക്കെയാണു മുന്നിലുള്ള വഴികള്‍. ജലസാക്ഷരതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു. ആകാശം പെയ്യും ഭൂമി ചുരത്തും നമ്മള്‍ ദുര്‍വിനിയോഗം ചെയ്യും എന്ന രീതി പാടില്ല.
കുപ്പിവെള്ളം പണം കൊടുത്തു വാങ്ങി ഭക്ഷണമുണ്ടാക്കേണ്ട കാലത്തേക്കുള്ള കേരളത്തിന്റെ  കുതിപ്പിനെ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് ജലസംഘര്‍ഷങ്ങളും കുടിനീര്‍ കലാപങ്ങളുമായിരിക്കും. മഴ പെയ്‌തോളും എന്നു കരുതിയുള്ള കാത്തിരിപ്പിന്റെ കാലം പൂര്‍ണമായും  കേരളത്തില്‍ അവസാനിച്ചുകഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago