പളനിസ്വാമിക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ പുതിയ നിയമസഭാ കക്ഷി നേതാവായി ശശികല തെരഞ്ഞെടുത്ത എടപ്പാടി പളനിസ്വാമിക്കെതിരേ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുന്‍പാകെ പരാതി പ്രളയം. ശശികല നേതൃത്വം നല്‍കുന്ന മന്നാര്‍ഗുഡി മാഫിയയുടെ സാമ്പത്തിക ഇടപാടുകളുടെ ഏജന്റാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രികൂടിയായ എടപ്പാടി പളനി സ്വാമിയെന്ന് പനീര്‍ ശെല്‍വം വിഭാഗം ഗവര്‍ണറെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചു.
അദ്ദേഹത്തിനെതിരേ ഒട്ടേറെ അഴിമതിക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എടപ്പാടി പളനിസ്വാമിയുടെ മകന്‍ ചന്ദ്രകാന്തിനെ കഴിഞ്ഞമാസം ബംഗളൂരുവില്‍ ആറുകോടി പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളുമായി പിടികൂടിയിരുന്നു.
ചന്ദ്രകാന്ത് ഇപ്പോള്‍ ജയിലിലാണ്. സേലം ജില്ലയില്‍ എടപ്പാടിക്കടുത്ത നെടുങ്കുളം ഗ്രാമം സ്വദേശിയായ പളനിസ്വാമി കര്‍ഷക കുടുംബാംഗമാണ്. വെല്ലം ചന്തയില്‍ ചാക്കൊന്നിന് രണ്ടുരൂപ കമ്മീഷന്‍ പറ്റി ഉപജീവനം കഴിഞ്ഞ എടപ്പാടി പളനിസ്വാമി ഇന്ന് നൂറുകോടിയിലേറെ രൂപയുടെ സ്വത്തിനുടമയാണ്. 1991 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പളനിസ്വാമി കൗണ്ടര്‍ സമുദായക്കാരനാണ്. തുടക്കത്തില്‍ അണ്ണാ ഡി.എം.കെയിലെ മുതിര്‍ന്ന നേതാവായ ചെങ്കോട്ടയ്യനായിരുന്നു പളനിസ്വാമിയുടെ ഗുരുവെങ്കിലും ഇന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തിയത് ചെങ്കോട്ടയ്യനെ മറികടന്നാണ്.
ശശികലയുമായി അടുത്ത ബന്ധം സ്ഥാപിച്ച് എല്ലാ വകുപ്പുകളില്‍ നിന്നും വിഹിതം ശേഖരിച്ച എടപ്പാടി പളനിസ്വാമി ഇതുവഴി ജയലളിതയുടെ അടുത്തും നല്ല പേര് സമ്പാദിച്ചിരുന്നു. ഉന്നതര്‍ എടപ്പാടി പഴനിസ്വാമിയെ സ്വാധീനിച്ചാണ് പല ഉത്തരവുകളും നേടിയെടുത്തിരുന്നത്. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉള്ളതുകൊണ്ടാണ് പനീര്‍ശെല്‍വം പളനിസ്വാമിയെ തള്ളിപ്പറഞ്ഞത്.
തന്റെ മണ്ഡലത്തില്‍ നടന്ന മൂന്നു കൊലാപാതകങ്ങളില്‍ പ്രതിയായ പളനിസ്വാമി ഏറെക്കാലത്തെ അജ്ഞാതവാസത്തിനു ശേഷം സാക്ഷികളെ സ്വാധീനിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പളനിസ്വാമി ശശികലയുടെ പകര്‍പ്പാണെന്നാണ് പനീര്‍ ശെല്‍വം വിഭാഗത്തിലെ എം.പിയായ ഡോ. മൈത്രേയന്‍ ഗവര്‍ണറെ ധരിപ്പിച്ചത്. സോഷ്യല്‍ മീഡിയകളിലും പളനി സ്വാമിക്കെതിരേ പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം എട്ടാം ദിവസമായ ഇന്നലെയും റിസോര്‍ട്ടില്‍ നിന്ന് എം.എല്‍.എമാരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നു. പഴനിസ്വാമിയെ ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുന്നതു വരെ തങ്ങള്‍ പുറത്തിറങ്ങില്ലെന്നാണ് എം.എല്‍.എമാര്‍ പറയുന്നതെങ്കിലും അന്‍പതോളം എം.എല്‍.എമാര്‍ രക്ഷപ്പെടാനുള്ള ഊഴവുമായി കാത്തുനില്‍ക്കുയാണ്.
റിസോര്‍ട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ചാല്‍ എം.എല്‍.എമാര്‍ പുറത്തിറങ്ങുമെന്നാണ് അധികൃതര്‍ കരുതുന്നത്. നാല്‍പതോളം എം.എല്‍.എമാര്‍ തീര്‍ത്തും ശാരീരികവും മാനസികവുമായി അവശരാണെന്നാണ് രക്ഷപ്പെട്ടെത്തിയ ശരവണന്‍ പൊലിസില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ചില എം.എല്‍.എമാര്‍ക്കെതിരേ റിസോര്‍ട്ടില്‍ കയ്യേറ്റം നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടേതാണ് എം.എല്‍.എമാരെ തടങ്കലില്‍ വച്ച റിസോര്‍ട്ട്. വെല്ലൂരില്‍ കോണ്‍ട്രാക്ടറായിരുന്ന ശേഖര്‍ റെഡ്ഡി ശശികലയുമായി അടുത്ത ശേഷമാണ് കോടികളുടെ സ്വത്തിന്റെ അവകാശിയായതെന്നും വിവരമുണ്ട്.
ശശികല കോടതിയില്‍ കീഴടങ്ങുന്നതിനു മുന്‍പായി സഹോദരി വനിത മണിയുടെ മകന്‍ ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും ബന്ധുവായ ഡോ. വെങ്കിടേഷനെ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച് ഓര്‍ഗനൈസിങ് സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കറുപ്പസ്വാമി പാണ്ഡ്യന്‍ രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."