ലൈഫ് മിഷന്-പാര്‍പ്പിട സുരക്ഷിത പദ്ധതിക്ക് വിപുലമായ തയാറെടുപ്പ്
കോഴിക്കോട് : അഞ്ച് വര്‍ഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാവര്ക്കും സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിക്ക് ജില്ലയില്‍ വിപുലമായ തയ്യാറെടുപ്പ്. പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി വിശദമായ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാകും.
കുടുംബശ്രീക്കാണ് സര്‍വേയുടെ ചുമതല നല്‍കിയിരിക്കുന്നത്. 18, 19 തിയ്യതികളില്‍ മുഴുവന്‍ ഗുണഭോക്താക്കളെയും നേരില്‍ക്കണ്ട് സര്‍വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2011ലെ സാമൂഹിക-സാമ്പത്തിക - ജാതി സെന്‍സസ് പ്രകാരം ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളിലേക്കായി തയ്യാറാക്കിയ ഭൂരഹിത-ഭവനരഹിത പട്ടികയും അടിസ്ഥാനമാക്കിയാണ് പ്രത്യേകം പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തുക.
പ്രവര്‍ത്തനത്തിന്റെ ആദ്യ പടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
ഇതിന്റെ തുടര്‍ച്ചയായി സര്‍വേയര്‍മാര്‍ക്കുള്ള പഞ്ചായത്ത്-നഗരസഭാതല പരിശീലനം 16, 17 തിയ്യതികളില്‍ നടക്കും. 18, 19 തിയ്യതികളില്‍ പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വിവരശേഖരണം നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ശില്പശാല ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എ.സി മൊയ്തി അധ്യക്ഷനായി.
ഗ്രാമവികസന വകുപ്പ് അസി. ഡെവലപ്മെന്റ് കമ്മിഷണര്‍ (ജനറല്‍) ബീന, കുടുംബശ്രീ അസി. ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ടി. നാസര്‍ ബാബു സംസാരിച്ചു. ഏക്സാത് പരിശീലന ഗ്രൂപ്പ് അംഗങ്ങായ ടി. സജീവന്, ഡിന്‍സി ജോസഫ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."