പ്രതിഷേധ സമരത്തെ തുടര്‍ന്ന് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
കോട്ടയം: കല്യാണ്‍ സില്‍ക്‌സില്‍ വസ്ത്രം മാറ്റിവാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനം. കോട്ടയത്തെ കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് വാങ്ങിയ ഷര്‍ട്ട് നിലവാരമില്ലാത്തതാണെന്ന് കണ്ടതിനാല്‍ മാറ്റി വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.
കോട്ടയം ബസേലിയോസ് കോളജ് ഇക്കണോമിക്‌സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി റെന്‍സനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ ജീവനക്കാരന്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം കല്യാണ്‍ സില്‍ക്‌സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം ബസേലിയസ് കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പെണ്‍കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഒടുവില്‍ ഫലം കണ്ടു. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നല്‍കാമെന്നും എഴുതി നല്‍കി. നാളെ നഷ്ടപരിഹാരത്തുകയായ ഒരുലക്ഷം രൂപ ചെക്ക് ആയി നല്‍കാമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ്.
മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കോട്ടയം കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് റെന്‍സനും സുഹൃത്ത് ആഷിഖും ഷര്‍ട്ട് വാങ്ങിയിരുന്നു.
ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി. ഇതു ശ്രദ്ധയില്‍പ്പെട്ട റെന്‍സന്‍ സംഭവം കടയില്‍ അറിയിച്ചപ്പോള്‍ മാറ്റിയെടുക്കാമെന്ന് കല്യാണ്‍ സില്‍ക്‌സ് ജീവനക്കാര്‍ അറിയിച്ചു. നിര്‍ദേശിച്ച പ്രകാരം ഇവര്‍ ചൊവ്വാഴ്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയപ്പോള്‍ ജീവനക്കാരന്റെ സ്വഭാവം മാറുകയായിരുന്നു.
നിരവധി ഉപഭോക്താക്കള്‍ ഉള്ളപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ കടയിലേക്ക് എത്തിയത്. ഇവരുടെ കൈയിലിരുന്ന കേടായ ഷര്‍ട്ട് കണ്ടപ്പോള്‍ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കള്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതുകണ്ടയുടനെ ഒരു സെയില്‍സ്മാന്‍ റെന്‍സനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സെയില്‍സ്മാന്‍മാരില്‍ ഒരാള്‍ റെന്‍സനെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും മര്‍ദിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവര്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാണ്‍ സില്‍ക്‌സിന്റെ മുന്‍പില്‍ വച്ച് പൊലിസ് തടഞ്ഞു. ഏകദേശം ഒന്നരമണിക്കൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി റോഡില്‍ നിലയുറപ്പിച്ചു. നഷ്ടപരിഹാരത്തിന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."