കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്
ധാക്ക: മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. കൊലപാതകമടക്കം 155 കേസുകളാണ് മുന്‍പ്രധാനമന്ത്രിക്കെതിരെ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് മാത്രം 136 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെലാപാതക ശ്രമം, വംശഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയും നിരവധി കേസുകളെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ആഗസ്റ്റ് നാലിന് ദിനാജ്പൂരില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 59 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ദിനാജ്പൂരിലെ രാജ്ബതി പ്രദേശത്ത് താമസിക്കുന്ന ഫാഹിം ഫൈസല്‍ (22) ആഗസ്റ്റ് നാലിന് നടന്ന പ്രതിഷേധ പ്രകടനത്തിടെ വെടിയേറ്റ് പരിക്കേറ്റുവെന്ന് കാണിച്ച് കോട്വാലി പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച കേസ് ഫയല്‍ ചെയ്തതായി ദ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ദിനാജ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിയാണ് ഫാഹിം ഫൈസല്‍.
ഹസീനക്ക് പുറമെ മുന്‍ വിപ്പ് ഇക്ബാലുര്‍ റഹീം, ഇംദാദ് സര്‍ക്കാര്‍, ജൂബോ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍ എന്നിവരുള്‍പ്പടെ 58 പേരാണ് കേസിലെ പ്രതികള്‍. ഹസീനക്കെതിരെയുള്ള 155 കേസുകളില്‍ ഏഴെണ്ണം വംശഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍- 3, കൊലപാതക ശ്രമം- 8 എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.
ബംഗ്ലാദേശില്‍ ഉയര്‍ന്നുവന്ന സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 5 നാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിടുന്നത്. ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു അവര്‍. ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കുകയും പൊതുമധ്യത്തില്‍ വെച്ച് വിചാരണ നടത്തുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്‌ററര്‍ ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം അവരെ ബംഗ്ലാദേശിന് കൈമാറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."