അവഗണനയുടെ നിഴലില്‍ വൈക്കം സത്യഗ്രഹ സ്മാരകം
വൈക്കം: ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച വൈക്കം സത്യഗ്രഹ സ്മാരകം അവഗണനയുടെ നിഴലില്‍. വാതിലുകളും, ജനലുകളും നശിച്ചു കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ മൗനത്തില്‍. നിര്‍മാണത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും കെട്ടിടനവീകരണ പ്രവര്‍ത്തനങ്ങളോ മോടി പിടിപ്പിക്കലോ നടന്നിട്ടില്ല.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് സ്മാരകമന്ദിരത്തിന്റെ പരിസരങ്ങള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമെന്ന നിലയില്‍ ലക്ഷങ്ങള്‍ മുടക്കി ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. പിന്നീടിത് ശ്രദ്ധിക്കാന്‍ ആളില്ലാതെ വന്നതോടെ പുല്ലുപിടിച്ച് ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞ് നാശത്തിന്റെ വക്കിലെത്തിത്തീര്‍ന്നു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നഗരത്തിലെ ശൗചാലയങ്ങളുടെ പരിമിതി കണക്കിലെടുത്ത് സൗജന്യമായി മറുനാടന്‍മലയാളി നല്‍കിയ മൊബൈല്‍ ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോള്‍ സത്യാഗ്രഹികളുടെ സ്മാരകത്തെ കളങ്കപ്പെടുന്നുവെന്നാരോപിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് തീയിടുമ്പോള്‍ നിശബ്ദരാകുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.
സ്മാരകമന്ദിരത്തിന്റെ ടൈല്‍ പാകിയ ഇടങ്ങള്‍ സംരക്ഷിക്കാന്‍ വൈക്കം സത്യാഗ്രഹികളോട് കൂറുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നതാണ് നാട്ടുകാരുടെ അഭിപ്രായം. സ്മാരകത്തിന്റെ ഓര്‍മചെപ്പുകളായി വൈക്കത്ത് നിലനില്‍ക്കുന്ന ദളവാക്കുളം പോലും അധികാരികള്‍ മറന്നു. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട മഹത്തായ ഒരു നവോത്ഥാനപോരാട്ടത്തിന്റെ സമരഭൂമിയില്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ ബോട്ട്‌ജെട്ടി പോലും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ലഭിച്ച മഹത്തായ സന്ദേശത്തിന്റെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നതില്‍ അധികാരികളുടെ അനാസ്ഥ വിലങ്ങുതടിയായിരിക്കുകയാണ്. സത്യഗ്രഹത്തിന്റെ ഓര്‍മ പുതുക്കല്‍ യോഗങ്ങളും സമ്മേളനങ്ങളുമായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്മാരകങ്ങളെ സംരക്ഷിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്നുള്ള ജനകീയ ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."