നിലമ്പൂരില്‍ മാവോയിസ്റ്റ് പിടിയില്‍
നിലമ്പൂര്‍: മുത്തേടം പഞ്ചായത്തിലെ കല്‍ക്കുളത്തുവച്ച് കഴിഞ്ഞ ദിവസം രാത്രി പൊലിസ് പിടികൂടിയ യുവാവ് മാവോയിസ്റ്റാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ശിവകാശിക്കടുത്ത് വിരുതുനഗര്‍ ജില്ലയില്‍ കന്നിശ്ശേരി താലൂക്കില്‍ തെക്കനിയക്കാന്‍പെട്ടി ഗണേശന്റെ മകന്‍ അയ്യപ്പന്‍ എന്ന ഹരിയെ (26) ആണ് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലിസ് പിടികൂടിയത്.
കരുളായി ഉള്‍വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സമയത്ത് ഇയാള്‍ വനത്തിലുണ്ടായിരുന്നതായും പൊലിസ് സ്ഥിരീകരിച്ചു. ഇല്ക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഡിപ്ലോമയും ബിരുദവും ഉള്ളയാളാണ് അയ്യപ്പന്‍. ഡല്‍ഹി ജെ.എന്‍.യുവില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയിരുന്നതായും പൊലിസ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 24ന് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സമയത്ത് തൊട്ടടുത്ത പുഞ്ചക്കൊല്ലി വനമേഖലയില്‍ തന്നെ ഉണ്ടായിരുന്നതായി അയ്യപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു. ഇയാള്‍ ഏറ്റുമുട്ടല്‍ നടന്ന ക്യാംപിനു സമീപം തന്നെയുണ്ടായിരുന്നതായാണ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സംരക്ഷകനാണെന്നും സംശയിക്കപ്പെടുന്നു. വെടിയുടെ ശബ്ദം കേട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അന്നത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ക്യാംപില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ ഡാനിഷ്, പാര്‍ഥിപന്‍ എന്നിവരെ അന്ന് കണ്ടതായും അയ്യപ്പന്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ അവതരിപ്പിച്ചുവെന്നു പറയുന്ന രാഷ്ട്രീയ നാടകത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയായ ഡാനിഷ് കോയമ്പത്തൂരിലെ തന്റെ അമ്മക്ക് എഴുതിയ കത്തും പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. നിലമ്പൂര്‍ വനത്തിലെ ക്യാംപിലുണ്ടായിരുന്നവരെയും വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിത, കുപ്പുസ്വാമി എന്നിവരെയും പിടിയിലായ അയ്യപ്പന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നതിനുള്ള തെളിവുകളും മാവോയിസ്റ്റ് ലഘുലേഖകളും പുതിയ 2000 ത്തിന്റെ കറന്‍സിയും പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ നെല്ലിക്കുത്ത് നിന്നും കോയമ്പത്തൂരില്‍ പോകാന്‍ ബസ് പിടിക്കുന്നതിനെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു അയ്യപ്പന്‍.
സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ കല്‍ക്കുളത്തു വച്ച് ഇയാള്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കര പൊലിസെത്തി ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."