രജനിയും ദീപയും തമിഴ് രാഷ്ട്രീയവും
'രജനിയെ വിളിക്കൂ, തമിഴ് മക്കളെ രക്ഷിക്കൂ...' ഈ മുദ്രാവാക്യം തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നുതുടങ്ങിയതു ജയലളിതയുടെ വിടവാങ്ങലോടെയാണ്. അഴിമതിക്കാരിയെന്നു മുദ്രകുത്തപ്പെട്ടപ്പോഴും തമിഴ് ജനതയ്ക്കു കൈനിറയെയും മനംനിറയെയും സമ്മാനങ്ങള്‍ വാരിവിതറിയ പുരൈട്ചി തലൈവിയായിരുന്നു ജയലളിത. സമാനതകളില്ലാത്ത ഈ നേതാവിനു പകരംവയ്ക്കാന്‍ തമിഴ്‌നാട്ടില്‍ തലൈവര്‍ രജനി മാത്രമാണുള്ളതെന്നു ജനങ്ങള്‍ കരുതുന്നുവെങ്കില്‍ അതിനുകാരണങ്ങളുണ്ട്.
ആന്ധ്ര സ്വദേശിയും 66 കാരനുമായ ശിവാജി റാവു ഗേക്‌വാദ് എന്ന ബംഗളൂരു ബി.എം.ടി.സി ബസ് കണ്ടക്ടര്‍ തമിഴ്‌നാടിന്റെ തലൈവരിലേയ്ക്കു വളര്‍ന്നത് ആകസ്മികമായിരുന്നു. അന്നുമിന്നും സ്വന്തം ജനതയുടെ മുന്നില്‍ മേക്കപ്പ് അഴിച്ചു പ്രത്യക്ഷപ്പെടാന്‍ ഒരു മടിയും കാട്ടാത്തതാണ് രജനിയെന്ന പച്ചമനുഷ്യനെ വ്യത്യസ്തനാക്കുന്നത്. വരുമാനത്തിന്റെ പകുതിയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു രജനി ഇന്നും നല്‍കിവരുന്നു.
ചെന്നൈയിലെ രാഘവേന്ദ്ര കല്യാണമണ്ഡപം അദ്ദേഹം പണികഴിപ്പിച്ചതു പാവങ്ങള്‍ക്കു വിവാഹാവശ്യങ്ങള്‍ക്കു നല്‍കാനാണ്. തമിഴ്‌നാടിന്റെ ഇന്നത്തെ സ്ഥിതിയില്‍ അദ്ദേഹം വ്യാകുലനാണ്. സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതു മനസിലാക്കി ബി.ജെ.പി അദ്ദേഹത്തെ ഒപ്പംകൂട്ടാന്‍ പ്രയത്‌നമാരംഭിച്ചിട്ടുമുണ്ട്.
അധികാരം ഇഷ്ടപ്പെടുന്നു
ഹോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചതു തമിഴ്‌നാടിന്റെ രക്ഷകനാകാന്‍ രജനിക്കു മാത്രമേ കഴിയൂവെന്നും അതിനുവേണ്ടി സമ്മര്‍ദം ചെലുത്താനുമായിരുന്നു. ഇതിനു തൊട്ടുപിന്നാലെ നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത രജനീകാന്ത് തനിക്കു നടനെന്നതിനേക്കാള്‍ ആത്മീയവാദിയെന്നറിയപ്പെടാനാണ് ആഗ്രഹമെന്നു പറഞ്ഞു.
പേരിനും പ്രശസ്തിക്കും സമ്പത്തിനും മേലെയാണതെന്നും അത് അധികാരവും ശക്തിയും നല്‍കുന്നുവെന്നും തനിക്ക് അധികാരം ഇഷ്ടമാണെന്നും അദ്ദേഹം തുടര്‍ന്നു. ഇതില്‍ അധികാരം ഇഷ്ടപ്പെടുന്നുവെന്ന വാക്ക് രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ തുടക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.
രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയം
രജനീകാന്ത് എന്നും രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, തമിഴ്മക്കളുടെ മനസ്സു കണ്ടറിഞ്ഞു ചിലയവസരങ്ങളില്‍ അധികാരികള്‍ക്കെതിരേ സിനിമയെ വെല്ലുംവിധം കര്‍ക്കശനിലപാടുമായി രംഗത്തെത്തിയിട്ടുമുണ്ട്. 1995 ല്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ സന്ദര്‍ശിച്ച രജനീകാന്ത് കോണ്‍ഗ്രസിനെ പിന്തുണച്ചു രംഗത്തെത്തിയതാണ് ആദ്യ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയ സംഭവം. അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്നു വിലയിരുത്തപ്പെടുന്നതിനിടെ 1996 ലെതെരഞ്ഞെടുപ്പ് അതുമാറ്റി മറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയും കൈകോര്‍ത്തപ്പോള്‍ അദ്ദേഹം അതിനെ എതിര്‍ക്കുകയും ഡി.എം.കെ-തമിഴ്മാനില കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. രജനീകാന്ത് സൈക്കിളില്‍ പോകുന്ന ചിത്രങ്ങളുയര്‍ത്തി സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടുതേടിയ ടി.എം.സി ജയിച്ചുകയറി. അത്തവണ ലോക്‌സഭയിലേയ്ക്കും ഇവര്‍ക്കുവേണ്ടി രജനി തമിഴ്മക്കളോടു വോട്ട് അഭ്യര്‍ഥിച്ചു. അവര്‍ ജയം നല്‍കി. രൂക്ഷമായ ഭാഷയിലാണ് അന്നു ജയലളിതയെ അദ്ദേഹം വിമര്‍ശിച്ചത്.
കാവേരിപ്രശ്‌നം രൂക്ഷമായപ്പോള്‍ നദീസംയോജന പദ്ധതിക്കായി ഒരു കോടി രൂപയാണ് അദ്ദേഹം നീക്കിവച്ചത്. നിരാഹാരമിരുന്നു തമിഴ് ജനതയുടെ മനസില്‍ അരക്കിട്ടുറപ്പിച്ച വ്യക്തിത്വമായി. 2010 ല്‍ തമിഴ് ജനതയ്‌ക്കെതിരേ ശ്രീലങ്ക പ്രതികരിച്ചപ്പോള്‍ നിരാഹാരമിരുന്നു ലോകമൊട്ടുക്കു പ്രതിഷേധമുയര്‍ത്താന്‍ രജനിക്കായി.
2004 ല്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തെ പിന്തുണച്ചപ്പോള്‍ സ്വന്തം ജനത അതു കാലുമാറ്റമായി കണ്ടു. ജയലളിത മാണിക്യമാണെന്നുവരെ അദ്ദേഹം പറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ രജനിയുടെ അഭ്യര്‍ഥന തള്ളി ജനങ്ങള്‍ ഡി.എം.കെയെ അധികാരത്തിലേറ്റി. അദ്ദേഹം അന്നു ജയലളിതയില്‍ കണ്ട മഹത്വം പില്‍ക്കാലത്തു തമിഴ്ജനത അനുഭവിച്ചു. വാരിക്കോരിയാണു ജയ സ്വന്തം ജനതയെ സഹായിച്ചത്.
കോയമ്പത്തൂരില്‍ ആരാധകര്‍ ദേശീയ ദ്രാവിഡര്‍ മക്കള്‍ മുന്നേറ്റ കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ രജനി അതിനെ തള്ളിപ്പറഞ്ഞു. തനിക്കു രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്നുമുള്ള സൂചനയായിരുന്നു അത്. 2011 ല്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയെ രജനി സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ തമിഴ്‌നാട്
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിക്കു ശരിയെന്നു തോന്നിയ രാഷ്ട്രീയത്തെ പിന്തുണയ്ക്കാന്‍ ഒരു മടിയും കാട്ടിയില്ല രജനി. സ്വന്തം ശരികളില്‍ ജീവിക്കുന്ന തലൈവര്‍ തങ്ങളുടെ രക്ഷകനാകണമെന്നു തമിഴ്മക്കള്‍ ആശിക്കുന്നതും അതുകൊണ്ടാണ്. സിനിമകളില്‍ എന്നും രക്ഷകനാവുന്ന തമിഴ്മന്നന്‍ ജീവിതത്തിലും തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഇതേപോലൊരു സന്ദര്‍ഭത്തിലായിരുന്നു എം.ജി.ആറിന്റെ രാഷ്ട്രീയപ്രവേശം. സ്വന്തംപാര്‍ട്ടിയുണ്ടാക്കി ആയിരത്തിലൊരുവനിലൂടെ ജനതയുടെ ആത്മാവിലേയ്ക്കാണ് എം.ജി.ആര്‍ യാത്രചെയ്തത്. തമിഴ്ജനതയെ രക്ഷിക്കാന്‍ എം.ജി.ആര്‍ വന്നതുപോലെ രജനിയും വരുമെന്നാണ് അവര്‍ കരുതുന്നത്. ഇന്നും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മാണത്തിലിരിക്കുന്ന രജനി ഉടനെ രാഷ്ട്രീയത്തില്‍ എത്തിയേക്കില്ല. പ്രത്യേകിച്ചു റോബോട്ട് 2.0 എന്ന ചിത്രം ചിത്രീകരിക്കപ്പെടുന്നതിനിടെ. എങ്കിലും, രജനിയുടെ രാഷ്ട്രീയപ്രവേശം വിദൂരമല്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വാക്കുകളിലും വായിക്കാം.
ദീപാജയകുമാറിന്റെ മാസ്മരികത
പിതൃസഹോദരിയെ മരണക്കിടക്കയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക, മരണാനന്തരച്ചടങ്ങുകളില്‍ നിന്നുപോലും അകറ്റിനിര്‍ത്തുക... ഇതൊക്കെ അനുഭവിക്കേണ്ടി വന്നയാളാണു ദീപ ജയകുമാര്‍. ജയലളിതപോലും ഒരുവേള ദീപയെ കാണാന്‍ ആഗ്രഹിച്ചിരിക്കാം. ശശികലയുടെ കുത്സിതബുദ്ധിയാണു ദീപയെയും കുടുംബത്തെയും ജയലളിതയില്‍നിന്ന് അകറ്റിയതെന്നു പറയാം.
ജയലളിതയുടെ വേഷവിധാനവും മുഖസൗന്ദര്യവും ഗാംഭീര്യവും ദീപയുടെയും പ്രത്യേകതയാണ്. ജയലളിതയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ദീപയ്ക്കാവും. ജയലളിതയുടെ സാരിയുടെ നിറവും തിരുപ്പന്‍കെട്ടിയ മുടിയും ഭാവഹാവാദികളും അനുകരിക്കാന്‍ മാത്രമേ ശശികല നടരാജനു കഴിയൂ. കാരണം, ശശികലയുടെ രക്തം മന്നാര്‍ഗുഡിയിലേതാണ്.
ജയലളിതയെപ്പോലെ വലതുകൈ ഉയര്‍ത്തി അതിലൊരു വിരലുയര്‍ത്തി പ്രസംഗിക്കുകയും മാധ്യമങ്ങളെ കാണാതെ പ്രസ്താവന ഇറക്കുകയും പോയസ് ഗാര്‍ഡനില്‍ കാമറ നിരോധിക്കുകയും ചെയ്ത് ശശികലയുടെ ജയലളിതാനുകരണം വെളിവാക്കി തുടങ്ങിയിരുന്നെങ്കിലും അപ്രതീക്ഷിത ജയില്‍പ്രവേശം അതിനു തടയിട്ടു.
ഇവിടെയാണു ദീപ ഉദിക്കുന്നത്. ജയലളിതയുടെ മരണകാരണം ആരായുന്ന ദീപ, ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും പറഞ്ഞു. പിന്നീട്, പനീര്‍ ശെല്‍വത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നു പ്രസ്താവിച്ചു. തുടര്‍ന്ന് ചെന്നൈ നഗരത്തിലാകെ ജയലളിതയും ദീപയും നില്‍ക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞു. ജയലളിതയുടെ മരണത്തിനു പിന്നാലെ ശശികലയുടെ അനുയായികള്‍ ഉയര്‍ത്തിയ പോസ്റ്ററുകളിലും കട്ടൗട്ടുകളിലും ചാണകവും ടാറും കറുത്ത മഷിയുമൊഴിച്ചു ജനത പ്രതിഷേധിച്ചതും കാണാതിരുന്നുകൂടാ.
ദീപയ്ക്കു ശശികലയെ തളയ്ക്കാന്‍ കഴിയുമോയെന്നതു കാലം തെളിയിക്കേണ്ടതാണ്. രാഷ്ട്രീയത്തില്‍ ഇരുവര്‍ക്കും തഴക്കമില്ലെങ്കിലും 27 വര്‍ഷം ജയയോടൊപ്പം നടന്നു നേടിയ കുശാഗ്രബുദ്ധിയാണ് ശശികലയുടെ ബലം. ജയലളിതയുടേതിനു സമാനമായ വ്യക്തിത്വവും മുഖച്ഛായയുമാണു ദീപയ്ക്ക് അനുഗ്രഹമാകുന്നത്. ജയലളിതയുടേതിനു സമാനമായ മുടിക്കെട്ടും അവരെപ്പോലെ ശരീരംമൂടി സാരി ധരിക്കുന്നതുമൊക്കെ ഇതിനകം തന്നെ മാധ്യമങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞതാണ്. സാരിയുടെ പല്ലു കൈക്കുമുകളിലൂടെ വലിച്ചിട്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപ, ജയലളിതയുടെ അതേ ആകാരവുമാണ്.
ശശികലയില്‍ നിന്നു ഈ 42കാരിക്ക് മേല്‍ക്കൈ നല്‍കുന്ന മറ്റൊന്നുകൂടിയുണ്ട്. ഇംഗ്ലണ്ടില്‍നിന്ന് അന്താരാഷ്ട്ര പത്രപ്രവര്‍ത്തനത്തില്‍ നേടിയ ബിരുദാനന്തര ബിരുദം. ജനുവരി 17 ന് എം.ജി.ആറിന്റെ ജന്മശതാബ്ദി ദിനത്തില്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ദീപ, ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പൊതുപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. അവര്‍ അണ്ണാ ഡി.എം.കെയുടെ ഒപ്പം കൂടുമോ അതോ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമോ എന്നും അപ്പോഴറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."