മോഹന്‍ഭാഗവതിന്റെ വാഗ്ദാനത്തിന് പിന്നില്‍
ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറു മാസം വേണമെങ്കില്‍ ആര്‍.എസ്.എസിന് വെറും മൂന്ന് ദിവസം മതിയെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പ്രസംഗത്തിനിടയില്‍ സംഭവിച്ച നാക്ക് പിഴയല്ല. ബോധപൂര്‍വമായി നടത്തിയതാണാ വാക്കുകള്‍. രാജ്യമൊട്ടാകെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധകൊടുങ്കാറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആര്‍.എസ്.എസിന്റെ കപട രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞ് വീഴുന്നത്.
സാധാരണക്കാരുമായാണ് സംഘ്പ്രവര്‍ത്തകരെ ആര്‍.എസ്.എസ് മേധാവി താരതമ്യം ചെയ്തതെന്നും സൈനികരെ ഉദ്ദേശിച്ചല്ലെന്നുമുള്ള ആര്‍.എസ്.എസ് അഖിലേന്ത്യാ പ്രചാര പ്രമുഖ് മന്‍മോഹന്‍ വൈദ്യയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. രാജ്യം ഒറ്റക്കെട്ടായി മോഹന്‍ ഭാഗവതിനെതിരെ രംഗത്ത് വന്നതിനെത്തുടര്‍ന്ന് വിവാദ പ്രസ്താവനയില്‍ കരണം മറിയുന്ന ഒരു തന്ത്രം മാത്രമാണത്.
ബിഹാറിലെ മുസഫര്‍പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഭാഗവത് പറഞ്ഞ ഈ വാക്കുകള്‍ സംഘത്തിന്റെ ലക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഭാഗവത് സംഘടനയുടെ ശക്തിയെക്കുറിച്ച് അഭിമാനം കൊള്ളുന്നതോടൊപ്പം സൈന്യത്തെ ഇകഴ്ത്തിയത് ആലോചിച്ചിട്ട് തന്നെയാകണം. രാജ്യത്തോടും രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സൈനികരോടും ആര്‍.എസ്.എസിന് എന്തുമാത്രം ആദരവും ബഹുമാനവുമുണ്ടെന്ന് ഈ വാക്കുകള്‍ തന്നെ സാക്ഷ്യം നില്‍ക്കുന്നു. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ മാത്രമല്ല അവഹേളിക്കുന്നത് മൊത്തം ജനതയെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി മരിച്ചുകൊണ്ടിരുന്ന സ്വതന്ത്ര സമര സേനാനികളെ അപമാനിക്കാം. കാരണം ഒരൊറ്റ ആര്‍.എസ്.എസുകാരനും സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായിട്ടില്ല എന്നതു തന്നെ.
ആര്‍.എസ്.എസ് ആചാര്യന്‍ വി.ഡി സവര്‍ക്കറുടെ ചരിത്രം തന്നെ ഇതിന് ഉത്തമോദാഹരണമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആര്‍.എസ്.എസ് മേധാവിയായിരുന്ന വി.ഡി സവര്‍ക്കറെ അറസ്റ്റ് ചെയ്ത് ആന്തമാന്‍ ജയിലിലടച്ചപ്പോഴായിരിക്കണം കാരാഗൃഹവാസത്തിന്റെ കാഠിന്യം സവര്‍ക്കര്‍ മനസ്സിലാക്കിയിട്ടുണ്ടാവുക.
ജയിലിലെ ജീവിതം സഹിക്കാനാവാതെയാണ് അന്നത്തെ വൈസ്രോയിക്ക് ആന്തമാന്‍ ജയിലില്‍ നിന്നു സവര്‍ക്കര്‍ കത്തെഴുതിയത്. തന്നെ ജയിലില്‍ നിന്നു വിട്ടയക്കുകയാണെങ്കില്‍ താനും തന്റെ അനുയായികളും ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനത്തോടൊപ്പം ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. മുഴുവന്‍ സ്വതന്ത്ര സമര സേനാനികളെയും അപമാനിക്കുന്ന ലിഖിതമായി ഇന്ത്യന്‍ ചരിത്രത്തോടൊപ്പം ആ രേഖയും നിലനില്‍ക്കുന്നു. ഇതിനെത്തുടര്‍ന്നാണ് സംഘ്പരിവാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാദസേവകരായി മാറിയത്. ഈ രാജ്യത്തെ സാധാരണക്കാരായ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സിഖുകാരനും പാഴ്‌സിയും രക്തം ചിന്തി നേടിയെടുത്തതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം. അതില്‍ പങ്കില്ലാത്ത ആര്‍.എസ്.എസ് അതിന്റെ സദ്ഫലം ഭുജിക്കാനാണ് സംഘടനയെ പട്ടാള രീതിയില്‍ ചിട്ടപ്പെടുത്തി രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. അതിനാലാണ് ഇന്ത്യന്‍ സൈന്യത്തെ പോലും വെല്ലുവിളിക്കുവാനും അപമാനിക്കുവാനും അവര്‍ക്ക് ധൈര്യം വന്നിരിക്കുന്നത്.
ഭരണത്തലപ്പത്ത് ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയല്ല ഉണ്ടായിരുന്നതെങ്കില്‍ ഇത്തരം പ്രസ്താവനക്ക് ഭാഗവത് ധൈര്യപ്പെടില്ലായിരുന്നു. സൈന്യത്തിന് ആറേഴു മാസം വേണ്ടിവരുമ്പോള്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതിയെന്ന ഭാഗവതിന്റെ വാക്കുകളുടെ പൊരുള്‍ എന്താണ്. ഇന്ത്യന്‍ സൈന്യത്തെക്കാള്‍ സുസജ്ജമാണ് സൈനിക സമാനമായ ചിട്ടവട്ടങ്ങളോടെ രൂപപ്പെടുത്തിയ അര്‍ധസൈനിക സംഘടനയായ ആര്‍.എസ്.എസ് എന്നല്ലേ. ഒരുവേള ഇന്ത്യന്‍ സൈന്യത്തെ തന്നെ ആക്രമിക്കുവാന്‍ പോന്ന കരുത്ത് ആര്‍.എസ്.എസിന് ഉണ്ടെന്നല്ലേ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു മനസ്സിലാക്കേണ്ടത്. ശത്രു രാജ്യത്തെ മൂന്ന് ദിവസത്തെ തയ്യാറെടുപ്പ്‌കൊണ്ട് നേരിടാനാവുമെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെ ആര്‍.എസ്.എസിന് നേരിടുവാന്‍ അത്രയും ദിവസം വേണ്ടിവരില്ലെന്ന വിപല്‍സന്ദേശമാണ് മോഹന്‍ ഭാഗവത് നല്‍കുന്നത്.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ നിലകൊള്ളുന്നവരെല്ലാം കൊല്ലപ്പെടുന്നത് സാധാരണമായി കൊണ്ടിരിക്കുമ്പോള്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ എന്ന് പറയുന്നതിലെ ദുഷ്ടലാക്ക് കാണാതെപോകരുത്. ഭരണഘടനയെ അപ്രസക്തമാക്കി രാജ്യം ആര്‍.എസ്.എസിന്റെ കീഴിലാക്കാമെന്ന ഭാഗവതിന്റെ സ്വപ്നമാണ് വാക്കുകളില്‍ മുഴച്ച് നില്‍ക്കുന്നത്.
രാജ്യത്തിന് ആവശ്യമാണെങ്കില്‍ മുന്നണിയിലെ അതിര്‍ത്തി സംരക്ഷണച്ചുമതല ഏല്‍ക്കാന്‍ സന്നദ്ധമാണെന്ന ഭാഗവതിന്റെ പ്രസ്താവന രാജ്യത്തെ സംരക്ഷിക്കാനോ ജീവത്യാഗം ചെയ്യാനോ അല്ല. തിരിഞ്ഞ് നിന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതരെയും അവര്‍ണ വിഭാഗങ്ങളെയും വംശീയ ഉന്മൂലനം നടത്താനുള്ള അതിനിഗൂഢമായ പദ്ധതിയുടെ ഭാഗമായിട്ടുവേണം കാണാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."