കൊലക്കത്തിക്കു മൂര്‍ച്ചകൂട്ടുന്നത് സിപിഎം അടിമകളായ സാംസ്‌കാരിക നായകര്‍: വിടി ബല്‍റാം
കോഴിക്കോട്: സിപിഎമ്മിന്റെ അടിമകളായ സാംസ്‌കാരിക-മാധ്യമ-സിനിമാ രംഗത്തുള്ളവരാണ് കൊലക്കത്തിക്കു മൂര്‍ച്ചകൂട്ടുന്നതെന്നു വിടി ബല്‍റാം എംഎല്‍എ. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റിയഞ്ച് ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് സിപിഎം ഉണ്ട്. ഇതു മറച്ചുപിടിച്ചാണ് അസഹിഷ്ണുതക്കെതിരെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുമുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളില്‍ ഇവര്‍ സ്വയം കോലം കെട്ടിയാടുന്നത്. ഭൂമിക്കു ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാന്‍ ഇതൊരു അവസരമാണെന്നും വിടി ബല്‍റാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്
എല്ലാം ശരിയാവുമെന്ന വ്യാജവാഗ്ദാനത്തിന്റെ പ്രഥമദൃഷ്ട്യാത്തന്നെയുള്ള പൊള്ളത്തരം തിരിച്ചറിയാൻ കഴിയാതെപോയ നിഷ്ക്കളങ്കരുടെ കാര്യം വിടാം. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയർക്കും കണ്ണൂരിന്റെ മണ്ണിൽ വീണ ശുഹൈബിന്റെ ചോരയിൽ പരോക്ഷ ഉത്തരവാദിത്തമുണ്ട്.
അതിന്റെയൊക്കെ നൂറിരട്ടി കൊടിയ വഞ്ചനയാണ് നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസർത്തുകൾ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങൾ രചിച്ച്, ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരുപറഞ്ഞ് ഈ ക്രിമിനൽ സംഘത്തിനനുകൂലമായി കേരളീയ പൊതുബോധത്തെ രൂപപ്പെടുത്തിയ ഇവിടത്തെ "സാംസ്ക്കാരിക നായകന്മാരു"ടേത്.
എന്നിട്ടിപ്പോ ഒരൊറ്റയെണ്ണത്തിന്റെ നാവ് പൊന്തുന്നുണ്ടോന്ന് നോക്കിയേ! മാധ്യമ, സിനിമാ, സാംസ്ക്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഎം അടിമകളാണ് പാർട്ടിയുടെ കൊലക്കത്തി രാകി മൂർച്ച കൂട്ടിക്കൊടുക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റഞ്ച് ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് സിപിഎം ഉണ്ട് എന്നത് മറച്ചുപിടിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളിൽ ഇക്കൂട്ടർ സ്വയം കോലം കെട്ടിയാടുന്നത്. ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാൻ കൂടി ഇതൊരു അവസരമാണ്.
(ഫേസ്ബുക്ക് കണ്ടന്റ് എഡിറ്റ് ചെയ്തിട്ടില്ല)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."