സ്റ്റെന്റ് വില നിയന്ത്രണം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യന്‍ കമ്പനികളും ഏറ്റുമുട്ടലിലേക്ക്
കോഴിക്കോട്: ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വിലയില്‍ വീണ്ടും കുറവു വരുത്തിയതോടെ ബഹുരാഷ്ട്ര മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത്.
രണ്ടുതവണയായുള്ള വില നിയന്ത്രണത്തോടെ രോഗികള്‍ക്ക് എട്ടു മുതല്‍ 20 ശതമാനം വരെ ചികിത്സാ ചെലവ് കുറയുമെന്ന് ബഹുരാഷ്ട്ര മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളുടെ സംഘടനയായ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ടെക്‌നോളജി അസോസിയേഷന്റെ (അഡ്‌വാമെഡ്) കണക്ക്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ പ്രസിഡന്റും സി.ഇ.ഒയുമായ സ്‌കോട്ട് വിറ്റാകര്‍ ഇന്ത്യയിലെ വില നിയന്ത്രണത്തിനെതിരേ യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി സ്റ്റെന്റ് വിലയില്‍ കുറവു വരുത്തിയതോടെ സ്റ്റെന്റുകള്‍ ദേശീയ മരുന്നുവില നിയന്ത്രണത്തില്‍ വരുന്നില്ലെന്ന വാദവുമായി സംഘടന രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകളുടെ വിലനിയന്ത്രണം മാത്രമാണ് ഇതില്‍പ്പെടുന്നതെന്നാണ് ഇവരുടെ വാദം. 29,600 രൂപയുള്ള മരുന്നു നിറച്ച സ്റ്റെന്റിന് ഇനി 27,890 രൂപ നല്‍കിയാല്‍ മതിയാകും. മരുന്നില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 7400 രൂപയില്‍ നിന്ന് 7660 രൂപയായി കുറഞ്ഞു. 44.5 ബില്യന്‍ രൂപയുടെ നേട്ടം രോഗികള്‍ക്ക് ഇതിലൂടെയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
കാര്‍ഡിയോളജിസ്റ്റുകളില്‍നിന്നും രാജ്യത്തെ 276 സ്റ്റോക്കിസ്റ്റുകളില്‍നിന്നും അഭിപ്രായം ആരാഞ്ഞ ശേഷമാണ് സ്റ്റെന്റുകളുടെ വിലയില്‍ കേന്ദ്രം കുറവുവരുത്തിയത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ സ്റ്റെന്റ് ഇറക്കുമതി ചെയ്ത് വില്‍ക്കുന്നത് ലാഭകരമാകില്ല. എന്നാല്‍ തദ്ദേശീയമായി നിര്‍മിക്കുന്ന സ്റ്റെന്റ് വില്‍ക്കുന്ന കമ്പനികള്‍ക്ക് പുതിയ വില നിയന്ത്രണം അനുഗ്രഹവുമാണ്. വിപണിയില്‍നിന്ന് കുത്തകകളെ തഴഞ്ഞ് കുറഞ്ഞ വിലയില്‍ സ്റ്റെന്റ് ഇവര്‍ക്ക് വില്‍ക്കാനാകും. അതിനിടെ സ്റ്റെന്റ് തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യന്‍ മാനുഫാക്‌ചേഴ്‌സ് ഓഫ് മെഡിക്കല്‍ ഡിവൈസസ് (എയ്‌മെഡ്), ഇന്ത്യന്‍ സ്റ്റെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഐ.എസ്.എം.എ) എന്നീ സംഘടനകള്‍ വിലനിയന്ത്രണത്തെ സ്വാഗതം ചെയ്തു. ചൈനീസ് സ്റ്റെന്റുകള്‍ക്കും ഇന്ത്യയില്‍ വില കുറവാണ്. 2016 ല്‍ 5,39,788 സ്റ്റെന്റുകളാണ് ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ഇത് 2017 ല്‍ 5,44, 583 ആയി വര്‍ധിച്ചു. 2016 ല്‍ 3,56,753 സ്റ്റെന്റുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2017 ല്‍ 3,59, 516 ആയി വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."