ബാബരി മസ്ജിദ്: വ്യക്തിനിയമ ബോര്‍ഡില്‍നിന്നു പുറത്താക്കപ്പെട്ട അംഗത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാറുമായി കോടതിക്കു പുറത്തുവച്ച് മധ്യസ്ഥ ചര്‍ച്ചനടത്തിയതിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍നിന്നു പുറത്താക്കപ്പെട്ട പ്രമുഖ പണ്ഡിതന്‍ സല്‍മാന്‍ നദ്‌വി രാജ്യസഭാംഗത്വവും ആയിരം കോടി രൂപയും ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍.
മധ്യസ്ഥ ചര്‍ച്ചയില്‍ ഭാഗവാക്കായിരുന്ന അയോധ്യാ സദ്ഭാവന മഹാ സമിതി അധ്യക്ഷന്‍ അമര്‍നാഥ് മിശ്രയാണ് സല്‍മാന്‍ നദ്‌വിക്കെതിരേ അതിഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നത്.
ഈ മാസം അഞ്ചിനാണ് നദ്‌വിയുമായി മിശ്ര ചര്‍ച്ചനടത്തിയത്. ചര്‍ച്ചയില്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനു അടുത്ത് എവിടെയെങ്കിലും മറ്റൊരു പള്ളി നിര്‍മിക്കാന്‍ 200 ഏക്കര്‍ ഭൂമിയും രാജ്യസഭാ അംഗത്വവും 1,000 കോടിയും അദ്ദേഹം ആവശ്യപ്പെട്ടതായി മിശ്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ആവശ്യം അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് എഴുതിനല്‍കണമെന്നും നദ്‌വി ആവശ്യപ്പെട്ടതായി മിശ്ര അറിയിച്ചു. എന്നാല്‍, മിശ്രയുടെ ആരോപണം നദവി നിഷേധിച്ചു. എനിക്ക് മിശ്രയെ അറിയില്ലെന്നും ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഹിന്ദു മുസ്‌ലിം സമുദായത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും നദ്‌വി പറഞ്ഞു.
ചിലര്‍ അയോധ്യയില്‍ പള്ളിയോ അമ്പലമോ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. ഇക്കാര്യം ഉയര്‍ത്തിയത് ഞാന്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മിശ്ര എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ലെന്നും നദ്‌വി പറഞ്ഞു.
ഔദ്യോഗികനയത്തിനു വിരുദ്ധമായി ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സംഘപരിവാരുമായി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തിയതിന് ശനിയാഴ്ചയാണ് നദ്‌വിയെ ബോര്‍ഡ് പുറത്താക്കിയത്.
ബോര്‍ഡിന്റെ മുതിര്‍ന്ന നിര്‍വാഹകസമിതിയംഗമായ നദ്‌വി, ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായിരുന്നു. മധ്യസ്ഥചര്‍ച്ചയും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളുമാണ് അച്ചടക്ക നടപടിയില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."