മദീന പറയുന്നത് സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം: ജിഫ്‌രിതങ്ങള്‍
ഹുദൈബിയ്യ (മീനങ്ങാടി): സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിതമായ സന്ദേശമാണ് മദീനയുടേതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീനാപാഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭവനവും സമ്പത്തും എന്നല്ല ഒന്നിലധികം ഭാര്യമാരുള്ളവര്‍ തങ്ങളുടെ ജീവിത പങ്കാളികളെ പോലും മക്കയില്‍ നിന്ന് പലായനം ചെയ്തുവന്ന തങ്ങളുടെ വിശ്വാസികളായ സഹോദരങ്ങള്‍ക്ക് നല്‍കാന്‍ തയാറായ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സാഹോദര്യ സന്ദേശമാണ് മദീനക്കു പറയാനുള്ളത്. തീവ്രവാദവും വര്‍ഗീയ ചിന്താഗതികളും പടിക്കുപുറത്ത് നിര്‍ത്തിയെന്ന് മാത്രമല്ല തീവ്രതയും വര്‍ഗീയതയും ഇസ്‌ലാമില്‍ പെട്ടതല്ലെന്ന് പ്രഖ്യാപിച്ച ലോകനേതാവാണ് മദീനയുടെ നായകന്‍.
ജൂത വിശ്വാസിയുടെ മൃതദേഹത്തെ എഴുന്നേറ്റുനിന്ന് ആദരിച്ച പ്രവാചകനോട് അതൊരു അവിശ്വാസിയുടേതല്ലേയെന്ന അനുയായി വൃന്ദത്തിന്റെ ചോദ്യത്തിന് അതൊരു മനുഷ്യന്റേതാണെന്ന് മറുപടി നല്‍കി മനുഷ്യന്‍ ആദരിക്കപ്പെടേണ്ടവനാണെന്ന മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയ മനുഷ്യ സ്‌നേഹിയായ പ്രവാചകനാണ് മദീനയുടെ നായകന്‍. മദീനയുടെ അകക്കാമ്പ് ചോര്‍ന്നു പോവാതെ സ്വാംശീകരിച്ചെടുത്ത വിശുദ്ധ പ്രസ്ഥാനമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ. 90 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കേരളക്കരയില്‍ മദീന അടയാളപ്പെടുത്തുകയാണ് സമസ്ത ചെയ്തത്. സ്വദേശ സ്‌നേഹം വിശ്വാസത്തിന്റ ഭാഗമാണെന് പഠിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന് ശിഥിലീകരണ പ്രവര്‍ത്തനങ്ങളിലോ വിധ്വംസക വിഘടന പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്റര്‍ കൗണ്‍സില്‍ ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്്‌ലിയാര്‍, ഡബ്ല്യൂ.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം ആലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി നിസാമി, പി.സി ഇബ്രാഹീം ഹാജി, എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു. സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹീം മുസ്്‌ലിയാര്‍ വാളാട്, ടി.സി അലി മുസ്്‌ലിയാര്‍, കെ.സി മമ്മുട്ടി മുസ്്‌ലിയാര്‍, മുസ്തഫല്‍ ഫൈസി, ടി മുഹമ്മദ് നായ്ക്കട്ടി, മുഹമ്മദ് ഹാജി, സുബൈര്‍ മാസ്റ്റര്‍, എ.കെ മുഹമ്മദ് ദാരിമി വാകേരി, അഡ്വ. മൊയ്തു, പി.എ ആലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."