ശുഹൈബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം: മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: കൊല്ലപ്പെട്ട ശുഹൈബിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം സംബന്ധിച്ച് അഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കണ്ണൂര്‍ കേന്ദ്രമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഭയാനകമായി വര്‍ധിക്കുന്നത് ആശങ്കാജനകമായതിനാല്‍ പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണത്തിന് സംസ്ഥാന പൊലിസ് മേധാവിയുടെ പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മനുഷ്യാവകാശ കമ്മിഷന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി വി.എം സന്ദീപ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും പി. മോഹനദാസ് നിര്‍ദേശിച്ചു. നീതിപൂര്‍വകവും നിഷ്പക്ഷവുമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കണം. കൊലപാതകികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കണം.
നടപടി റിപ്പോര്‍ട്ട് രണ്ട് ആഴ്ചക്കകം കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. മുഖ്യഅന്വേഷണ ഉദ്യോഗസ്ഥന്റെയും സംസ്ഥാന പൊലിസ് മേധാവിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ സഹിതം കേസ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് പരിഗണിക്കും.
ശുഹൈബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കമ്മിഷന്‍ വിലയിരുത്തി. നാടിനെ വിറപ്പിച്ച കൊലപാതകം നടന്നിട്ടും അക്രമികളില്‍ ഒരാളെപോലും പിടിക്കാന്‍ കഴിയാത്തത് പരാതിയിലെ ആരോപണം ശരിവയ്ക്കുന്നതാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."