ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങി. പ്രതിപക്ഷത്തിന് പുറമേ സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ശക്തമായതിന് പിന്നാലെയാണ് നടപടി.
എ.ഡി.ജി.പിക്കെതിരായ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. രണ്ട് പ്രമുഖ ആര്‍.എസ്.എസ് നേതാക്കളുമായാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത്. രണ്ട് കൂടിക്കാഴ്ചയും സംഘം അന്വേഷിക്കും.
എ.ഡി.ജി.പിയുടെ സുഹൃത്തായ ആര്‍.എസ്.എസ് നേതാവ് ജയകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും ഇക്കാര്യത്തില്‍ രേഖപ്പെടുത്തും.
2023 മെയ് മാസത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു ഇതില്‍ എ.ഡി.ജി.പി നല്‍കിയ വിശദീകരണം.
ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇടത് എം.എല്‍.എയായ പി.വി അന്‍വറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
The Kerala government has ordered an investigation into the controversial meeting between ADGP M.R. Ajith Kumar and RSS leaders
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."