മരണം വരെ സര്‍വിസില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കാം
സി.പി.ഐ യുടെ സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ടി.എം തോമസ് ഐസക്കിന് കത്ത് നല്‍കിയിരിക്കുകയാണ്. കത്ത് കിട്ടിയപാടെ തുടര്‍ നടപടിക്കായി മന്ത്രി ധനവകുപ്പിന് കൈമാറുകയും ചെയ്തു. മന്ത്രിയുടെ ധൃതിപിടിച്ച നടപടി കണ്ടാല്‍ തോന്നുക ഇത്തരമൊരു കത്ത് തരാന്‍ എന്തേ ജോയിന്റ് കൗണ്‍സില്‍ വൈകി എന്നാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയുടെ തകര്‍ച്ച കണ്ട് മനംനൊന്താണത്രെ ജോയിന്റ് കൗണ്‍സില്‍ ഇത്തരമൊരു കത്തെഴുതാന്‍ നിര്‍ബന്ധിതമായത്.സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമായാല്‍ 56ലേക്ക് തന്നെ പെന്‍ഷന്‍ പ്രായം ആക്കാമെന്ന് കത്തില്‍ സൂചിപ്പിച്ചതായി അറിവില്ല. ചെലവുചുരുക്കണമെന്ന് പതിവ് കര്‍ശന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും അതെല്ലാം കാറ്റില്‍ പറത്തി ധൂര്‍ത്തിന്റെ പൊടിപൂരമാണ് സര്‍ക്കാര്‍ തലത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സാക്ഷാല്‍ ഇടത് പക്ഷം തങ്ങളാണെന്നും അശരണരുടെയും ആലംബ ഹീനരുടെയും കണ്ണീരൊപ്പുവാനും തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നേടികൊടുക്കുവാനും തോമസ് ചാണ്ടിയുടെകായല്‍ കൈയേറ്റം പി.വി അന്‍വറിന്റെ ഭൂമി കൈയേറ്റം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി മൂന്നാര്‍ കൈയേറ്റം കെ.എം മാണിയെ ദൂരെ മാറ്റി നിര്‍ത്തല്‍ എന്ന് വേണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ തനത് സ്വഭാവം കാണിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നാണല്ലോ ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുസമൂഹത്തിന് മേല്‍ അടിച്ചേല്‍പിച്ച ധാരണ ആ ധാരണയെ അപ്പാടെ തച്ചുടക്കുന്നതല്ലേ ജോയിന്റ് കൗണ്‍സിലിന്റെ കത്തെഴുത്ത് അത് തുറന്ന് പറയാനുള്ള ആര്‍ജവമാണ് സി.പി.ഐ നേതൃത്വം പ്രകടിപ്പിക്കേണ്ടത്.
ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവതി യുവാക്കളാണ് ബിരുദാനന്തര ബിരുദവും സാങ്കേതിക പരിജ്ഞാനവും നേടിക്കൊണ്ട് തൊഴിലിനായി തെരുവിലേക്കിറങ്ങുന്നത് നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍പോലും ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളത്തിലാണെങ്കില്‍ പി എസ് സി റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. നിയമനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. റിട്ടയര്‍ ചെയ്തവരെ തിരികെ വിളിച്ച് ദിവസക്കൂലിക്ക് ജോലി ചെയ്യിക്കുന്നു. കേരളത്തിന്റെ തൊഴിലില്ലായ്മ ഒരു സ്‌ഫോടനത്തന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് പറയുവാന്‍ ജോയിന്റ് കൗണ്‍സിലിന് എങ്ങനെ ധൈര്യം വന്നു. അതും അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെ യും തപ്ത ജീവിതം ഇല്ലാതാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത സി.പി.ഐ യുടെ സര്‍വിസ് സംഘടനക്ക് ! പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കിയതിന്റെ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല.ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഒരു തൊഴിലിന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന യുവജനങ്ങളുടെ കരളുകളില്‍ കനല്‍ കോരിയിടുന്ന കത്ത് ജോയിന്റ് കൗണ്‍സില്‍ ധനമന്ത്രിക്ക് നല്‍കിയത്.
ധനമന്ത്രിയാകട്ടെ സ്വപ്ന ലോകത്ത് നിന്നും പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിയത് ഈയിടെയാണ്. അതിന് മുമ്പ് വളരെ ലാഘവത്തോടെയായിരുന്നു അദ്ദേഹം കേരളത്തിന്റെ സാമ്പത്തിക നിലയെ അവലോകനം ചെയ്തിരുന്നത്.ചിരിച്ചു കൊണ്ടല്ലാതെ അദ്ദേഹം കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് പറഞ്ഞിട്ടില്ല. ചരക്ക് സേവന നികുതി (ജി.എസ്.ടി ) കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നു എന്നറിഞ്ഞതുമുതല്‍ അദ്ദേഹം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയിരുന്നു.വാറ്റു പരോക്ഷ നികുതിയൊന്നുമില്ലാതെ ശുഭ സുന്ദരമായ ജി.എസ് .ടി സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കുമെന്നും സംസ്ഥാനം സാമ്പത്തിക ഭദ്രത കൈക്കൊള്ളുമെന്നും ചെക്ക് പോസ്റ്റുകള്‍ അനാവശ്യമായിത്തീരുമെന്നും പൊതുവെ സ്വപ്നജീവിയായി അറിയപ്പെടുന്ന അദ്ദേഹം തന്റെ സ്വപ്നം ഒന്നും കൂടി അരക്കിട്ടുറപ്പിച്ചു.സംഭവിച്ചതോ ജി.എസ്.ടി യുടെ പേരില്‍ വ്യാപാരികളും കോഴിക്കച്ചവടക്കാരും പൊതുജനങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങി. ഹോട്ടലുകാരോട് ഭക്ഷണ വില കുറയ്ക്കാന്‍ മന്ത്രി കേണപേക്ഷിച്ചതാണ് ആര് കേള്‍ക്കാന്‍ ഒടുവില്‍ മന്ത്രി തോമസ് ഐസക്ക് സ്വപ്നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് വന്നു. കേന്ദ്രം ചതിച്ചുവെന്നും ജി.എസ് .ടി കൊണ്ട് വമ്പന്‍മാര്‍ക്കാണ് നേട്ടമുണ്ടായതെന്നും അദ്ദേഹം പരിതപിച്ചു.
ഇത്തരമൊരു വേളയിലാണ് ജോയിന്റ് കൗണ്‍സില്‍ നല്‍കിയ കത്ത് ഇരുകയ്യും നീട്ടി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലന്വേഷകരുടെ ജീവിതാഭിലാഷമാണ് ഈ കത്ത് കൈമാറ്റത്തിലുടെ സര്‍ക്കാര്‍ ചവിട്ടിയരയ്ക്കാന്‍ ഒരുങ്ങുന്നത്. ഓഖി ദുരിതാശ്വാസം സംബന്ധിച്ച് മന്ത്രി തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് മറുപടിയായി വന്ന കമന്റുകളൊക്കെയും തൊഴിലിന് വേണ്ടി കാത്തിരിക്കുന്ന തൊഴിലന്വേഷകരുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷകളായിരുന്നു.എന്നിട്ടും സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ ഇതിനെതിരേ തൊഴിലില്ലാത്ത തൊഴിലിന് അപേക്ഷിക്കുവാന്‍ പ്രായപരിധി കഴിയാറായ റാങ്ക് ലിസ്റ്റുകളിലുള്ള അഭ്യസ്തവിദ്യര്‍ ഒറ്റക്കെട്ടായി സമരരംഗത്തേക്കിറങ്ങുന്നില്ലെങ്കില്‍ പിന്നെയവര്‍ക്ക് സമരം ചെയ്യേണ്ടി വരില്ല. കാരണം സര്‍വിസില്‍ മരണം വരെ തുടരുവാന്‍ അനുവദിക്കണമെന്ന് ഏതെങ്കിലും സര്‍വിസ് സംഘടനകള്‍ ധനകാര്യ മന്ത്രിക്ക് കത്ത് കൊടുത്തു കൂടായ്കയില്ല.മന്ത്രിയത് മേല്‍നടപടിക്കായി ധനകാര്യ വകുപ്പിന് നല്‍കി കൂടായ്കയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."