പൂച്ച ബിരിയാണിയും ശരപക്ഷിയും
ചൈനക്കാരും കൊറിയക്കാരും 'പാറ്റ'യെ വറുത്തുതിന്നും. ചില ഇന്ത്യക്കാര്‍ പാമ്പിനെയും എലിയെയും ആഹരിക്കുകയും ആരാധിക്കുകയും ചെയ്യും. എലി-നാഗ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. നാഗാലന്‍ഡുകാര്‍ക്കു പട്ടിമാംസം ഇഷ്ടഭോജനമാണ്.
തമിഴ്‌നാട്ടിലെ തിരുവില്ലവൊയലില്‍ 'പൂച്ചബിരിയാണി' വില്‍പ്പനയുണ്ടെന്ന വാര്‍ത്ത വായിച്ചപ്പോള്‍ 'എന്തതിശയമേ ഉലകം' എന്നു പറഞ്ഞുപോയി. എന്തും വെട്ടിവിഴുങ്ങുന്ന പ്രവണത ഏതായാലും നന്നല്ല.
പൊങ്കലിനോടനുബന്ധിച്ചു പരിസരങ്ങളിലെ പൂച്ചകളെ കൂട്ടത്തോടെ കാണാതായതായി ചിലര്‍ പൊലിസില്‍ പരാതിപ്പെട്ടു. അന്വേഷണം ഒരു ഹോട്ടലിലാണു ചെന്നെത്തിയത്. അവിടെ നിറയെ പൂച്ചകള്‍ ബിരിയാണിക്കു വെട്ടാന്‍ കാത്തുകെട്ടിക്കിടക്കുന്നു. പൊലിസ് പൂച്ചകളെ രക്ഷപ്പെടുത്തി.
'മഅ്കുലാത്ത്, ഔറുമഅ്കൂലാത്ത് ' ആഹരിക്കാന്‍ പറ്റുന്നതും പറ്റാത്തതും നിര്‍വചിച്ചുതന്ന ഇസ്‌ലാമിക പണ്ഡിതരോടു ലോകം വലിയ കടപ്പാടു കാണിക്കണമായിരുന്നു.
അതിനിടെ തുടര്‍ച്ചയായി ആറുമാസം ആകാശത്തു കഴിയുന്ന ശരപക്ഷി താനൂരിലെത്തിയ വാര്‍ത്തയും വായിക്കാനായി. ഇണചേരലും ഇര (കീടം) പിടിക്കലും ഉറക്കവും പറക്കുന്നതിനിടെ നടക്കും. നിലത്തിറങ്ങാന്‍ ഒട്ടും ഇഷ്ടമില്ലാത്ത കുറിയ കാലുകളുള്ള ഈ പക്ഷി ഹിമാലയത്തിനു മുകളിലാണ് അധികവും പറന്നുനടക്കുന്നത്. ചില മനുഷ്യര്‍ക്കും ഭൂമിയേക്കാള്‍ ഇഷ്ടം ആകാശമാണ്.
ഭൂമിക്കു മേലേ പക്ഷികള്‍ക്കിടയിലൂടെ നിരന്തരം പറന്നുകളിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇഷ്ടമാണ്. നാലുവര്‍ഷത്തിനിടയില്‍ മോദി പറന്ന നാടും സമയവും ചെലവഴിച്ച തുകയും (പൊതു) കണക്കെടുത്താല്‍ ഹൃദയമില്ലാത്തവരും ഞെട്ടാതിരിക്കില്ല.
2025ഓടെ ചൊവ്വയില്‍ പാര്‍പ്പ് ഉറപ്പാണെന്നാണു ടൂറിസംവകുപ്പിന്റെ പക്ഷം. ഇപ്പോള്‍ത്തന്നെ ഉപഗ്രഹംവഴി കാറ് ബഹിരാകാശത്തേയ്ക്ക് അയച്ചുകഴിഞ്ഞു. ഇനി ചൊവ്വ, ചന്ദ്രന്‍ തുടങ്ങിയ ക്ഷീരപഥ കുടുംബത്തിലേയ്ക്കു പണമുള്ളവര്‍ക്കു പറക്കാം. പൊതുഫണ്ട് എഴുതിയെടുക്കാന്‍ അധികാരമുള്ളവര്‍ക്കും പറക്കലില്‍ പങ്കാളിയാവാം. എന്നാലും ശരപക്ഷിയെപ്പോലെ തുടര്‍ച്ചയായി ആറുമാസം തളരാതെ പറക്കാനാവില്ലെന്നാണു മനസ്സിലാക്കേണ്ടത്.
അബൂദബി നഗരത്തില്‍ 55,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഒരു ഹിന്ദുപൗരന്‍ പോലുമില്ലാത്ത നാട്ടില്‍ പ്രവാസിഹിന്ദുക്കള്‍ക്കായി സ്ഥലവും നിര്‍മാണച്ചെലവും സൗജന്യമായി അബൂദബി കിരീടാവകാശിയാണു നല്‍കുന്നത്.
20 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ 450 വര്‍ഷം ആരാധിച്ച ബാബരി പള്ളി പൊളിച്ച പാര്‍ട്ടിയുടെ പ്രതിനിധിയാണു മോദി. സഹിഷ്ണുതയും പാരമ്പര്യവും ആതിഥ്യമര്യാദയും അഭിവാദനസൗന്ദര്യവും അറബ്‌നാട്ടില്‍ പോയി പഠിക്കാന്‍ ഫാസിസ്റ്റുകള്‍ തയ്യാറാവണം.
ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ഉമാഭാരതി, പ്രവീണ്‍ തൊഗാഡിയ, ശശികല ടീച്ചര്‍, കല്യാണ്‍സിങ് തുടങ്ങിയവരെ അറബികള്‍ നടത്തുന്ന ദുര്‍ഗുണപാഠശാലയിലേയ്ക്ക് അയച്ചു മാനവികത പഠിപ്പിച്ചെടുത്താല്‍ ഉപകാരപ്പെടും.
ഇന്നൊരു മുസ്‌ലിമിനെ കൊല്ലണമെന്നു ശപഥം ചെയ്തു കാസര്‍കോട്ടെ റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന ആര്‍.എസ്.എസ് ഇന്ത്യന്‍ പട്ടാളത്തിനും മുകളിലാണെന്നു മോഹന്‍ ഭാഗവത് പറഞ്ഞത് രാജ്യദ്രോഹക്കുറ്റമായി കാണേണ്ടതാണ്. മൂന്നുമാസംകൊണ്ട് അക്രമസജ്ജമാകാന്‍ ആര്‍.എസ്.എസ്സിനു കഴിയും. ഇന്ത്യന്‍ മിലിറ്ററിക്ക് ആറുമുതല്‍ ഏഴുമാസം വേണ്ടി വരുമെന്നാണു ഭാഗവത് പറഞ്ഞത്. ഭാരതത്തിന്റെ പട്ടാളത്തിന്റെ ചെറുവിരലില്‍ തളിര്‍ത്ത കൊച്ചുരോമത്തിനില്ലാത്ത ആര്‍.എസ്.എസ്സിന്റെ ബഡായി മതന്യൂനപക്ഷങ്ങളെ വിരട്ടാനാണെങ്കില്‍ സഹതാപമേയുള്ളൂ.
കേരളത്തിലൊരു വിജിലന്‍സ് വേണ്ടതുണ്ടോയെന്ന ചിന്ത കാലികമാണ്. ത്വരിതപരിശോധന നടത്തി കേസെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചത് 668 കേസുകള്‍. രാഷ്ട്രീയ, ഉദ്യോഗസ്ഥര്‍ക്കെതിരായുള്ളതായിരുന്നു വേണ്ടെന്നുവച്ചതെല്ലാം. തൃശൂരിലെ കോഴിക്കച്ചവടക്കാരനു മുന്‍കാലപ്രാബല്യത്തോടെ കെ.എം മാണി ഇളവനുവദിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 60 കോടി നഷ്ടമായ കേസും ഇതില്‍പ്പെടും. മാണിയെ കേരളത്തില്‍ കണ്ടുകിട്ടുന്നില്ലെന്നാണത്രേ പ്രധാനപ്പെട്ട പൊലിസ് അധികാരി കുറിപ്പെഴുതിവച്ചത്.
പൊലിസ് പൊതുവില്‍ ഭരണപക്ഷത്തു ചാഞ്ഞാണു പ്രവര്‍ത്തിച്ചുകാണുന്നത്. നിയമപാലകര്‍ നീതിക്കൊപ്പം നിന്നാല്‍ നാടു രക്ഷപ്പെടുമെന്നുറപ്പ്. അതിനിടെ പൊലിസിനു മാനസിക പിരിമുറുക്കം അധികമാണെന്നും അവരില്‍ ആത്മഹത്യാനിരക്കു വര്‍ധിക്കുന്നതായും പഠനറിപ്പോര്‍ട്ട്. പ്രകോപനം, പ്രലോഭനം, അമിതഭാരം, ജോലി, ശമ്പളക്കുറവ്, കൊളോണിയല്‍ ചട്ടങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും കെട്ട്യോളുമാരുടെയും മക്കളുടെയും പരിചരണം, അങ്ങനെ പല കാരണങ്ങളാല്‍ പൊലിസുകാരന്റെ മനോനില തളരുന്നു.
ഇതിന്റെയെല്ലാം ശിക്ഷ പൊതുജനം അനുഭവിക്കണം. മികച്ച പരിശീലനക്കുറവുമുണ്ട്. സ്‌കോട്ട്‌ലന്‍ഡ് അക്കാദമിയില്‍നിന്നു പരിശീലനം കിട്ടിയതിനു തുല്യമായ കേസന്വേഷണപാടവം പലര്‍ക്കുമില്ല. നിശ്ചിത നെഞ്ചളവ്, മതില്‍ചാട്ടത്തിനുള്ള കഴിവ്, ഓടാനും നിവരാനും നില്‍ക്കാനുമുള്ള കായികക്ഷമത എന്നിവയും തടിമിടുക്കും പ്ലസ്ടുവുമുണ്ടായാല്‍ ഇവിടെ പൊലിസായി. ഇവരെവച്ച് ആധുനികമനുഷ്യര്‍ ആസൂത്രണം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ എങ്ങനെ കഴിയും.അപ്പോള്‍ ബഡായി പറഞ്ഞും കൈക്കൂലി വാങ്ങിയും പത്രങ്ങള്‍ വായിച്ചും വരുന്നവരെ വിരട്ടിയും സമയം പൂര്‍ത്തിയാക്കിയും കാലം കഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.
മന്ത്രിമാര്‍ക്കു പണി വേണ്ട, പണം വേണം. ഫയലുകള്‍ പഠിച്ചു തീര്‍പ്പാക്കാന്‍ സമയമില്ല. മന്ത്രിസഭായോഗം പോലും ഹാജരില്ലാതെ നിര്‍ത്തുന്നു. അവര്‍ ഉല്ലാസയാത്രയിലാണ്. കല്യാണം, ഗൃഹപ്രവേശം, നാടമുറി, വിത്തെറിയല്‍, ഇതിലാണു താല്‍പ്പര്യം. പൊലിസ് അകമ്പടി, ലക്ഷ്വറികാറ്, ലക്ഷ്വറി താമസം, കൈനിറയെ യാത്രപ്പടി, സുഭിക്ഷ ഭക്ഷണം, ഉഴിച്ചില്‍, ഇങ്ങനെ ഉല്ലാസത്തിനും സുഖവാസത്തിനുമായി കിട്ടിയ അവസരം ഉപയോഗിക്കുകയാണു ഭരണാധികാരികള്‍.
ഭരണചക്രം ക്ലാവുപിടിച്ചു തിരിയല്‍ കുറഞ്ഞിട്ടു കുറച്ചുകാലമായി. നികുതിദായകര്‍ നടന്നും കയറിയിറങ്ങിയും കാലം കഴിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഇത്ര കടുപ്പമുള്ളതാണെന്നു വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പാര്‍ട്ടി പിടിക്കാനുള്ള തള്ളിക്കയറ്റം ഈ സുഖംതേടിയുള്ള മത്സരത്തിന്റെ പ്രഥമ പടിയാണ്.
മുഹമ്മദ് മാസ്റ്ററുടെ(സൈമണ്‍) മൃതശരീരത്തോടു നീതി കാണിക്കാന്‍ ബന്ധുക്കള്‍ക്കായില്ല. കമലാ സുരയ്യ അന്തരിച്ചപ്പോള്‍ നാലപ്പാട്ടു തറവാട്ടുകാര്‍ കാണിച്ച നീതിബോധം സൈമണ്‍ മാസ്റ്ററുടെ കുടുംബത്തിനു കാണിക്കാനായില്ല. കാരണം രണ്ടാണ്. ഒന്ന്: തനി വര്‍ഗീയത. രണ്ട്: കുടുംബമഹത്വത്തിന്റെ പോരായ്മ.
സൈമണ്‍ മാസ്റ്റര്‍ സ്വയം തെരഞ്ഞെടുത്ത മതമാണ് ഇസ്‌ലാം. അതിനുള്ള അവകാശം ഭരണഘടന അനുവദിച്ചിട്ടുണ്ട്. അത് ജീവിതത്തിലും മരണത്തിലും മരണാനന്തരവും നിലനില്‍ക്കും. അദ്ദേഹത്തിന്റെ മൃതശരീരം ഇസ്‌ലാംമത പ്രകാരം അടക്കം ചെയ്യാന്‍ അനുവദിക്കാതെ മെഡിക്കല്‍ കോളജിനു വിട്ടുകൊടുത്ത കുടുംബങ്ങളുടെ മനോനില മാപ്പര്‍ഹിക്കാത്ത അവകാശലംഘനമാണ്.
നവവിശ്വാസികള്‍ക്കു സുരക്ഷയൊരുക്കാന്‍ വിശ്വാസികള്‍ക്കും കഴിയണം. പിരിവെടുക്കുന്നതിനുള്ള രേഖയായി സര്‍ട്ടിഫിക്കറ്റ് നല്‍കി മാറിനില്‍ക്കാന്‍ സ്ഥാപന-സംഘടന-സമുദായത്തിനെങ്ങനെ കഴിയും. പുനരധിവാസമുള്‍പ്പെടെ പാക്കേജുകള്‍ ഉണ്ടാവണം. അനാഥരും നവവിശ്വാസികളും ഒറ്റപ്പെടുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തുകൂടാ. അവര്‍ക്കായി സ്വരൂപിക്കുന്ന തുക കെട്ടിടവിപ്ലവം വഴി പാഴാവരുത്. അത് അവരുടേതാണെന്ന മതപക്ഷ ധനതത്വശാസ്ത്രം ചിലരെങ്കിലും ബഹുമാനിക്കുന്നില്ല. ഇത്തരം ഫണ്ടുകള്‍ യഥാര്‍ഥ അവകാശികള്‍ക്കു നിഷേധിക്കുന്നതു മാപ്പില്ലാത്ത കുറ്റകൃത്യമായി മതം പറഞ്ഞുവച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യഅക്കാദമി പിടിക്കാനുള്ള ബി.ജെ.പി നീക്കം പരാജയപ്പെട്ടതു നന്നായി. കമ്പാറിന് 56 ഉം, ഒഡീഷ കവി പ്രതിഭാ റായിക്ക് 29 വോട്ടും കിട്ടി. അക്ഷരലോകം മലിനമാക്കാനും കാവിവല്‍ക്കരിക്കാനും നീക്കങ്ങളുണ്ടാവുന്നു. 29 കാവി വോട്ട് അപകടകരമായ ചിന്താദാരിദ്ര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്.
കണ്ണൂര്‍ മോഡല്‍ എന്ന ഒന്നുണ്ടോ. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാന്‍ പൊലിസിനെ അനുവദിച്ചാല്‍ പ്രശ്‌നം തീരും. വടിയും കഠാരയും ബോംബും നല്‍കി ഗുണ്ടകളെ അയക്കുന്ന പാര്‍ട്ടികള്‍ക്കു വിലക്കേര്‍പ്പെടുത്തുന്ന നിയമമുണ്ടാവണം. കണ്ണൂരുകാര്‍ വികാരജീവികളോ, പ്രതികാരദാഹികളോ അല്ല.
അവിടെ അതൊരു ചെറുകിടവ്യവസായമാണ്. ബി.ജെ.പി വിരുദ്ധ മതേതര വിശാലസഖ്യം സി.പി.ഐ പറയുമ്പോള്‍ ബി.ജെ.പി - കോണ്‍ഗ്രസ് വിരുദ്ധസഖ്യമാണ് സി.പി.എം മുന്നോട്ടുവയ്ക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സമസ്യകളെ നശിപ്പിക്കാനുള്ള രാഷ്ട്രീയവീക്ഷണം രൂപപ്പെടുത്താന്‍ ഇന്ത്യയിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ലെന്ന പ്രഖ്യാപനമാണിത്. ഫാസിസം പത്തിവിടര്‍ത്തി ചീറ്റിക്കൊത്താന്‍ വരുമ്പോള്‍ അടിച്ചമര്‍ത്താനുള്ള വടിയുടെ കാര്യത്തിലാണു തര്‍ക്കം. ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കാന്‍ ക്വട്ടേഷന്‍ എടുക്കുകയാണു സി.പി.എം.
ഛോട്ടാ മോദി വാര്‍ത്തയായതു പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 1500 കോടി തട്ടിയെടുത്ത കഥ പുറത്തുവന്നപ്പോഴാണ്. പ്രധാനമന്ത്രിയടക്കം ഉന്നതരുമായി ഉറ്റബന്ധമുള്ള ഈ മഹാതട്ടിപ്പുവീരനെ രക്ഷപ്പെടാന്‍ സഹായിച്ചതും ഉന്നതബന്ധങ്ങള്‍ തന്നെ.
ഇന്ത്യ കൊള്ളക്കാരുടെ പിടിയിലമരുകയാണോ. ഫൂലന്‍ദേവിയടക്കമുള്ള ചമ്പല്‍താഴ്‌വരയിലെ മുന്‍കാല കൊള്ളക്കാരില്‍നിന്നു രാജ്യം ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ വിജയ്മല്യ, നീരവ് മോദി തുടങ്ങിയ പരിഷ്‌കൃതകൊള്ളക്കാര്‍ പിടിമുറുക്കുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സായ പൊതുജനം ഉണരാതെ ഭരണാധികാരികളെ ഉണര്‍ത്താനും തിരുത്താനും സാധിക്കില്ല. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അര്‍ഹിച്ചതല്ലേ ലഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."