കേന്ദ്രത്തിനെതിരേ പ്രതിഷേധം അവിശ്വാസപ്രമേയത്തിന് തയാറെന്ന് ടി.ഡി.പി
അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു.
ആവശ്യമെങ്കില്‍ കേന്ദ്രത്തിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരേ നീതി തേടി മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ അവസാന ആശ്രയമെന്ന നിലയില്‍ ഇത്തരമൊരു നടപടിക്ക് ടി.ഡി.പി ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ വൈ.എസ്.ആര് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ ആവശ്യം ഉന്നയിച്ചപ്പോള്‍ അത് ടി.ഡി.പി നിരസിച്ചിരുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല നിലപാട് ഉണ്ടാക്കാമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ തുടര്‍ച്ചയായ അവഗണനയാണ് അവിശ്വാസപ്രമേയമെന്ന ആവശ്യത്തിലേക്ക് ടി.ഡി.പിയേയും എത്തിച്ചത്.
ബജറ്റില്‍ ആന്ധ്രാപ്രദേശിന് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യമാണ് എന്‍.ഡി.എ ഘടക കക്ഷി കൂടിയായ തെലുഗുദേശം പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ അവസാന ആശ്രയം അവിശ്വാസ പ്രമേയമാണെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.
ആന്ധ്രാപ്രദേശിന്റെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യോജിക്കാനും തയാറാണെന്ന് അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."