ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ
മസ്‌കത്ത്:രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരേ സംരക്ഷിക്കുന്നവർക്കും തൊഴിൽ നൽകുന്നവർക്കും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്. പാസ്പോർട്ട് അടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്ന് ക്യാപ്റ്റൻ സഈദ് സലിം അൽ മഹ്റാസി പറഞ്ഞു.
ഒമാൻ ഫോറിനേഴ്സ് റെസിഡൻസി നിയമ പ്രകാരം, അനധികൃതമായി പ്രവേശിക്കുന്നയാൾക്ക് 100നും 500 റിയാലിനും ഇടയിൽ പിഴയും ഒരു മാസത്തിൽ കുറയാത്തതും മുന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് ജോലി നൽകുകയോ താമസ സൗകര്യം ഒരുക്കുകയോ ചെയ്യുന്നവർക്ക് 1,000 റിയാലിനും 2,000 റിയാലിനും ഇടയിൽ പിഴയും ഏകദേശം 10 മുതൽ ഒരുമാസം വരെ തടവും ശിക്ഷയായി ലഭിക്കും.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ എത്തിപ്പെടുന്ന പലരും കുറ്റകൃത്യങ്ങൾ ചെയ്തവരോ അവരുടെ സ്വന്തം രാജ്യത്തുള്ള അധികാരികൾ അന്വേഷിക്കുന്ന വ്യക്‌തികളോ ആയിരിക്കാം. മയക്കുമരുന്ന് പോലുളള കള്ളകടത്തുകളും ഇവർക്കുണ്ടായേക്കാമെന്നും ഇത് വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനെ അറസ്‌റ്റ് ചെയ്തുകഴിഞ്ഞാൽ, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങൾക്കായി അദ്ദേഹത്തെ റഫർ ചെയ്യുമെന്നും ആർഒപി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."