ഉന്നതര്‍ക്കെതിരേയുള്ള കേസ് വിവരങ്ങള്‍തേടി അസ്താനയുടെ കത്ത്
തിരുവനന്തപുരം: ഉന്നതര്‍ക്കെതിരേയുള്ള കേസുകളുടെ വിവരങ്ങള്‍തേടി വിവിധ എസ്.പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്തുനല്‍കി. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരേയുള്ള കേസുകളുടെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ഡോ.നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റതിനു പിന്നാലെ മേഖലാ എസ്.പിമാര്‍ക്ക് കത്തുനല്‍കി. കേസിനെക്കുറിച്ചുള്ള വിവരണം, ഇപ്പോള്‍ കേസ് അന്വേഷണം എവിടെ എത്തിനില്‍ക്കുന്നു, മൊഴിയെടുപ്പും പരിശോധനകളടക്കം ഇനിയെന്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്, അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്തൊക്കെ തടസങ്ങളുണ്ട് എന്നിങ്ങനെ ഓരോകാര്യവും വിശദമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകളുടെ എണ്ണമല്ല വേണ്ടതെന്ന് രണ്ടുപേജുള്ള കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടത്തുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ചെയ്‌തെങ്കില്‍ അതുസംബന്ധിച്ച വിവരങ്ങളും നല്‍കണം. കേസിന്റെ ഇതുവരെയുള്ള നടത്തിപ്പുവച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനവും ഡയറക്ടര്‍ ആരാഞ്ഞിട്ടുണ്ട്. ഓരോ കേസിന്റെയും വിശദാംശങ്ങള്‍ പ്രത്യേകമായാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഉന്നതരാഷ്ട്രീയ നേതാക്കള്‍ പ്രതികളായവ ഉള്‍പ്പെടെ സുപ്രധാന വിജിലന്‍സ് കേസുകള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരുന്നപ്പോള്‍ ഉന്നതര്‍ പ്രതികളായ നിരവധി അഴിമതിക്കേസുകള്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മല്‍ചന്ദ്ര അസ്താന കേസ് വിവരങ്ങള്‍ തേടിയത്.
അതോടൊപ്പം സര്‍ക്കാരിന് ഒരു കോടിയിലധികം രൂപയുടെ നഷ്ടംവരുത്തിയ കേസുകളുടെ വിവരങ്ങളും, മരാമത്ത് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇരുന്നൂറോളം കേസുകളും, സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍, ക്വാറി, വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ്, മോട്ടോര്‍ വാഹന വകുപ്പ് നിയമനം എന്നീ കേസുകളും പ്രത്യേകം പരിശോധിയ്ക്കും. കൂടാതെ കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അസ്താന എസ്.പിമാര്‍ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."