ഇനി വരുന്നത് കോണ്‍ഗ്രസിന്റെ അച്ഛെ ദിന്‍- ശരദ് പവാര്‍
പൂന: ഇനി വരാനുള്ളത് കോണ്‍ഗ്രസിന്റെ നല്ല നാളുകളാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാജ്യത്ത് ബി.ജെ.പിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും അച്ഛേദിന്‍ ഇനി കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് ഒരു പൊതുപരിപാടിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും പവാര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇല്ലെന്നായിരുന്നു പവാറിന്റെ മുന്‍ നിലപാട്.
നരേന്ദ്രമോദി മികച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്ക് എത്തിയപ്പോള്‍ രാജ്യത്തിന്റെ ആകെ വികാരം മനസ്സിലാക്കി വിജയകരമായി പ്രവര്‍ത്തിക്കാന്‍ മോദിക്കായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ സഹകരണ ബാങ്കിങ്ങ് മേഖലയെ തകര്‍ത്തുകളഞ്ഞെന്ന് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്. സംഭവം ഗൗരവമേറിയതാണ്,പക്ഷേ പ്രതികരിക്കാന്‍ മോദി തയ്യാറാവുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."