വെണ്ടുരുത്തി റെയില്‍ പാളം വിസ്മൃതിയിലേക്ക്
മട്ടാഞ്ചേരി: കൊച്ചിയുടെ വികസന രേഖയില്‍ പ്രധാനപ്പെട്ട ഒന്നായ വെണ്ടുരുത്തി റെയില്‍പാളം ഇനി വിസ്മൃതിയിലേയ്ക്ക്. എണ്‍പത് വര്‍ഷം പിന്നിട്ട റെയില്‍വേ പാളം പൊളിച്ചു നീക്കി തുടങ്ങി. കൊച്ചി തുറമുഖ നിര്‍മാണത്തോടെ ചരക്ക് നീക്കത്തിനും തീവണ്ടി യാത്രാ സൗകര്യത്തിനു മായി നിര്‍മിച്ചതാണ് വെണ്ടുരുത്തി പാളം. 1938ല്‍ എറണാകുളം നഗരപ്രവേശനത്തിനായി റെയില്‍വേ മദ്രാസ് മേഖല തീരുമാന പ്രകാരം ബ്രിട്ടീഷ് കമ്പനിയാണ് പാളം നിര്‍മിച്ചത്.
തുറമുഖത്തേക്കുള്ള കയറ്റിറ ക്കുമതി ചരക്ക് നീക്കത്തിനുള്ള സൗകര്യമൊരുക്കുക യായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പം ദക്ഷിണ നാവിക സേനാ കേന്ദ്രം കൂടി എത്തിയതോടെ വെണ്ടുരുത്തി റെയില്‍ പാളത്തിന് ഏറെ പ്രാധാന്യം കൈവന്നു.വേമ്പനാട്ട് കായലിന് കുറുകെ 14 അടി ഉയരത്തിലുള്ള ഇരുമ്പു ബീമുകളിലാണ് ട്രെയിനുകള്‍ക്കായുള്ള റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിച്ചത്.
ഒരു സ്പാനിന് ഒരേ സമയം 200 ടണ്‍ ഭാരം വരെ താങ്ങാന്‍ ശേഷിയുള്ള റെയില്‍വേ പാളം ദക്ഷിണേന്ത്യയിലെ വിശേഷതയാര്‍ന്ന പാളങ്ങളിലൊന്നായാണ് കരുതുന്നത്. 2007 ജൂലയില്‍ തേവര പാലത്തിന്റെ തൂണില്‍ മണ്ണുമാന്തി കപ്പലിടിച്ചതിനെ തുടര്‍ന്ന് ബലക്ഷയമുണ്ടായതായുള്ള റിപ്പോര്‍ട്ട് വന്നതോടെയാണ് ഇതിലൂടെയുള്ള സര്‍വീസ് നിര്‍ത്തലാക്കിയത്.
തുടര്‍ന്ന് 40 കോടി ചിലവില്‍ പുതിയ റെയില്‍ പാളവും നിര്‍മിച്ചു. ഇതോടെ പാളം ഉപയോഗശൂന്യമായതോടെ റെയില്‍പാളം തുരുമ്പെടുത്തു തുടങ്ങി. പ്രതിവര്‍ഷം ശരാശരി 10 ലക്ഷം രൂപയാണ് റെയില്‍വേ പാളം സംരക്ഷണ ചിലവായി കണക്കാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി നാശോന്മുഖമാകുന്ന റെയില്‍പാളം റെയില്‍വേ ലേലം ചെയ്താണ് പൊളിച്ചു നീക്കുന്നത്. ആറ് മാസത്തിനകം പാലം പൊളിച്ചുനീക്കപ്പെടുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."