'സി.പി.എം (കേരള) അല്ല'; സംസ്ഥാന നേതൃത്വത്തെ വിരട്ടി യെച്ചൂരി
തൃശൂര്‍: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി സി.പി.എം സംസ്ഥാന സമ്മേളനം. കേരള ഘടകത്തിന്റെ വാദങ്ങള്‍ക്കു കടുത്ത മറുപടിയുമായി യെച്ചൂരിയും രംഗത്തെത്തി.
കോണ്‍ഗ്രസുമായി എവിടെയും സഖ്യം പാടില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വാദിച്ചത്. ഇക്കൂട്ടത്തില്‍ എ.എന്‍ ഷംസീറും പി.എ മുഹമ്മദ് റിയാസും കടുത്ത ഭാഷയിലാണ് യെച്ചൂരിയെ വിമര്‍ശിച്ചത്. അധികാര താല്‍പര്യത്തോടെയാണ് യെച്ചൂരി ഈ നിലപാടു സ്വീകരിക്കുന്നതെന്ന പരാമര്‍ശംപോലും അവരില്‍നിന്ന് ഉണ്ടായി. ബംഗാളിലെ രാജ്യസഭാ സീറ്റിന്റെ കാര്യവും അവര്‍ പരോക്ഷമായി സൂചിപ്പിച്ചു. കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കും. ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഇതവസാനിപ്പിച്ച് അദ്ദേഹം വ്യക്തതയോടെ പാര്‍ട്ടി നിലപാട് വിശദീകരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പാര്‍ട്ടിയെന്നാല്‍ കേരളം മാത്രമല്ലെന്ന് ചര്‍ച്ചയ്ക്കു മറുപടിപറഞ്ഞ യെച്ചൂരി പ്രതിനിധികളെ ഓര്‍മിപ്പിച്ചു. ഷംസീറിന്റെയും മുഹമ്മദ് റിയാസിന്റെയും പേരെടുത്തു പറഞ്ഞുകൊണ്ടു തന്നെയായിരുന്നു യെച്ചൂരിയുടെ മറുപടി. സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള മാര്‍ക്‌സിസ്റ്റ് അല്ല. കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസാവാം. എന്നാല്‍, മറ്റിടങ്ങളില്‍ അവസ്ഥ അതല്ല. ഏതെങ്കിലും സംസ്ഥാനത്തെ സാഹചര്യംമാത്രം നോക്കിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ തീരുമാനിക്കേണ്ടത്. പൊതുസാഹചര്യം നോക്കിയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളാണുള്ളത്. ആ യാഥാര്‍ഥ്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടില്ല.
താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല സമ്മേളനം ചര്‍ച്ചചെയ്തത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നു താന്‍ പറഞ്ഞിട്ടില്ല. സംഘ്പരിവാറിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ അടവുനയങ്ങള്‍ സ്വീകരിക്കണമെന്നാണ് പറഞ്ഞത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അതിനെ ചെറുത്തുതോല്‍പ്പിക്കാതെ മുന്നോട്ടുപോകാനാവില്ല.
താന്‍ സ്വീകരിക്കണമെന്നുപറയുന്ന നയം തന്റെ അഭിപ്രായമല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞതാണ്. ഷംസീറിനും റിയാസിനും പാര്‍ട്ടി പരിപാടി എന്താണെന്ന് അറിയുമെന്നാണ് താന്‍ ധരിച്ചിരുന്നത്. ഇനിയെങ്കിലും സഖാക്കള്‍ പാര്‍ട്ടി പരിപാടി ശരിക്കൊന്നു വായിച്ചു പഠിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു യെച്ചൂരിക്കെതിരായ പ്രതിനിധികളുടെ വിമര്‍ശനം. കേരള ഘടകത്തിന്റെ നിലപാടിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നേടിയെടുക്കുകയാണ് ഇതിനുപിന്നിലെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."