മധുവിനെ കൊലപ്പെടുത്തിയ സംഭവം പൈശാചികം: മുസ്‌ലിം ലീഗ്
കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അക്രമിച്ചുകൊലപ്പെടുത്തിയ സംഭവം പൈശാചികവും സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ്. മനുഷ്യവിരുദ്ധമായ ഈ പ്രാകൃതകൃത്യം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഫലപ്രദമായ നടപടികള്‍ ഉണ്ടാവണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തോടുള്ള ക്രൂരത കേരളത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ ഒരു തെറ്റുതിരുത്തല്‍ സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടികള്‍ അടിയന്തരമായും ഉണ്ടാകണം.
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ പല പദ്ധതികളും അവതാളത്തിലാണ്. ചെലവഴിക്കുന്ന തുക എവിടെപ്പോകുന്നുവെന്ന് ജനങ്ങളോട് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്തിനും ഏതിനും നിയമം കൈയിലെടുക്കുന്ന ആള്‍ക്കൂട്ട മന:ശാസ്ത്രം കേരളത്തിലും തുടരുന്നുവെന്നത് ആശ്ചര്യകരമാണ്. മധുവിന്റെ ജീവത്യാഗം ഇതില്‍ അവസാനത്തേതാകണമെന്നും കേരള സമൂഹം ഉണരേണ്ട സന്ദര്‍ഭമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വിവിധ ജില്ലകളുടെയും പോഷക ഘടകങ്ങളുടെയും ചുമതലകള്‍ ഭാരവാഹികള്‍ക്ക് നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ ഹാജി, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുസ്സലാം ഹാജി, സി. മോയിന്‍കുട്ടി, കെ. കുട്ടിഅഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹ്മാന്‍, പി.എം.എ സലാം, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പളളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ് പങ്കെടുത്തു. ജന. സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."