വീണ്ടും ബാഗേജ് മോഷണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി പരാതി.
കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിന്റെ ബാഗേജില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയത്. അനീസ് അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍ നിന്ന് ദോഹവഴിയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കരിപ്പൂരിലെത്തിയത്.
ബാഗേജിലുണ്ടായിരുന്ന വില കൂടിയ അഞ്ചു ബ്രാന്‍ഡഡ് വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് മോഷണം പോയതെന്ന് അനീസ് പറഞ്ഞു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സാധനം നഷ്ടമായത് അറിഞ്ഞത്. നമ്പര്‍ ലോക്ക് ഇട്ടത് ഉള്‍പ്പെടെ രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഒരു ബാഗേജില്‍ മറ്റൊരാളുടെ വസ്ത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ്, കരിപ്പൂര്‍ പൊലിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.
പ്രവാസി കമ്മിഷന്‍
സമഗ്രാന്വേഷണത്തിന്
തിരൂര്‍: ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയവരുടെ ലഗേജില്‍ നിന്ന് വിലപ്പിടിപ്പുള്ള മൊബൈല്‍ ഫോണും സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തില്‍ പ്രവാസി കമ്മിഷന്‍ സമഗ്രാന്വേഷണത്തിനൊരുങ്ങുന്നു. അന്വേഷണത്തിന് മുന്നോടിയായി കമ്മിഷന്‍ അംഗം ആസാദ് മൂപ്പന്‍ മോഷണത്തിനിരയായ വടകര കടമേരി സ്വദേശി സമദില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തു. കമ്മിഷന്‍ വിമാനത്താവള അധികൃതരില്‍ നിന്നും വിശദാംശങ്ങള്‍ തേടും.
കഴിഞ്ഞ 14 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന സമദ് കഴിഞ്ഞ 20നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ സഹയാത്രക്കാരന്റെ ലഗേജില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതറിഞ്ഞ് പരിശോധിച്ചപ്പോഴാണ് തന്റെ മൊബൈല്‍ ഫോണും മോഷണം പോയതായി സമദ് അറിയുന്നത്. വിശദമായ പരിശോധനയില്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായി അറിഞ്ഞു.
തുടര്‍ന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് പരാതി നല്‍കി. പിന്നീടാണ് പ്രവാസി കമ്മിഷന് മുന്നിലെത്തിയത്.
കരിപ്പൂര്‍ വിമാനത്താവള അധികൃതരെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ തേടാനും അതിന് ശേഷം അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് പ്രവാസി കമ്മിഷന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."