സമരം ഫലിച്ചു: ആളിയാറില്‍ പറമ്പിക്കുളം വെള്ളമിറക്കി
പാലക്കാട്: കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതം തടസപ്പെത്തിയതോടെ വെള്ളം വിട്ടു നല്‍കാന്‍ തമിഴ്‌നാട്‌സന്നദ്ധമായി. ഇന്നലെ രാവിലെ പത്തോടെ പറമ്പിക്കുളം വെള്ളം കോണ്ടൂര്‍ കനാലിലെ പാനപ്പള്ളം സ്ലൂയിസ് വഴി ആളിയാര്‍ ഫീഡര്‍ കനാല്‍ വഴി ആളിയാര്‍ ഡാമിലേക്ക് തുറന്നു വിട്ടു.സെക്കന്‍ഡില്‍ 325ഘനയടി വെള്ളമാണ് തുറന്നിട്ടുള്ളത്.
പുറമെ അപ്പര്‍ ആളിയാര്‍ സ്ലൂയിസിലൂടെ 200 ഘനയടി വെള്ളവും ആളിയാര്‍ ഡാമില്‍ ഇറക്കുന്നുണ്ട്. എന്നാല്‍ പറമ്പിക്കുളം വെള്ളം ഇപ്പോഴും കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തുന്നുമുണ്ട്. സെക്കന്‍ഡില്‍ 410 ഘനയടി വെള്ളമാണ് കോണ്ടൂരിലൂടെ കടത്തുന്നത്. എത്ര ദിവസത്തേക്കാണ് വെള്ളം നല്‍കുകയെന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല. മാര്‍ച്ച് 30 വരെ 400ഘനയടി വെള്ളം കേരളത്തിനു നല്‍കിയാല്‍ മാത്രമേ നെല്‍കൃഷി ഉണങ്ങാതെ കൊയ്‌തെടുക്കാന്‍ കഴിയുകയുള്ളു. കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ ഇത്തവണയും വെള്ളം കിട്ടുമോ എന്ന കാര്യവും സംശയമാണ്.
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലും അപ്പര്‍ ആളിയാറിലും വെള്ളം ഉണ്ടെങ്കിലും ആളിയാര്‍ നിറക്കാന്‍ പറ്റില്ലെന്ന പിടിവാശിയിലായിരുന്നു തമിഴ്‌നാട് ഉദ്യോഗസ്ഥര്‍. എന്നാല്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കാനുള്ള വെള്ളം കണക്ക് പറഞ്ഞു വാങ്ങിയെടുക്കാന്‍ കേരളത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. അതിന്റെ വ്യക്തമായ കണക്കു കടലാസില്‍ എഴുതി വെക്കുന്നതിനപ്പുറം മറ്റൊന്നിനും നടന്നിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ആളിയാര്‍ ഡാമിലെത്തിയ വെള്ളം ഇന്ന് ഉച്ചക്ക് ശേഷമേ മണക്കടവിലും അവിടന്ന് മൂലത്തറ റെഗുലേറ്ററിലും എത്തുകയുള്ളൂ. അതിനു ശേഷമേ എത്ര വെള്ളം കിട്ടിയെന്നു പറയാന്‍ കഴിയൂവെന്നാണ് കേരളത്തിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്നലെ വൈകിട്ടോടെ 450 ഘനയടി വെള്ളം ആളിയാര്‍ ഡാം സ്ലൂയിസിലൂടെ മണക്കടവ് പുഴയിലേക്ക് തുറന്നിട്ടുണ്ടെന്നാണ് തമിഴ്‌നാട് പറയുന്നത്. ആളിയാറില്‍ വെള്ളം ഇറക്കിയതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി ചിറ്റൂര്‍ മേഖലയില്‍ സര്‍വ കക്ഷികളും സേവ് ചിറ്റൂരും നടത്തിവരുന്ന ബഹിഷ്‌കരണ സമരം നിര്‍ത്തി.
തമിഴ്‌നാടിന് വിനയായത് ഉപരോധവും
ശിരുവാണി വെള്ളത്തില്‍ കുറവ് വരുത്തിയതും
പാലക്കാട്: ജനങ്ങളുടെ ജലസമരത്തിന് മുന്നില്‍ തമിഴ്‌നാട് മുട്ടുമടക്കിയതിനുപിന്നില്‍ രണ്ടു കാരണങ്ങളാണ്. ചിറ്റൂര്‍ താലൂക്കിലെ ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്ന ചരക്ക് വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ നടത്തിയ രാത്രിയിലെ ഉപ്രരോധസമരവും, ശിരുവാണിയില്‍ നിന്നും താല്‍കാലിക ചെക്ക് ഡാം നിര്‍മിച്ച് അട്ടപ്പാടി മേഖലയിലേക്ക് കുടിവെള്ളം നല്‍കാന്‍ ജലവകുപ്പ് എടുത്ത തീരുമാനവും ആണ്. മണല്‍ചാക്കിട്ട് താല്‍കാലികമായി നിര്‍മിച്ച ചെക്ക് ഡാം വഴി വെള്ളം തുറന്നതോടെ കോയമ്പത്തൂരിലേക്ക് നല്‍കുന്ന ശിരുവാണി വെള്ളത്തില്‍ കുറവ് വന്നതാണ് പറമ്പിക്കുളം വെള്ളം ആളിയാറില്‍ ഇറക്കി കേരളത്തിന് നല്‍കാന്‍ തയ്യാറായത്.
ചരക്ക് ഗതാഗതം തടഞ്ഞതോടെ കേരളത്തിലേക്ക് കൊണ്ടുവന്ന ലക്ഷകണക്കിന് രൂപയുടെ പാലും പച്ചക്കറികളും തിരിച്ചു കൊണ്ടുപോവേണ്ടി വന്നു. ഇതിനാല്‍ അവിടത്തെ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വന്‍ നഷ്ട്ടമാണുണ്ടായത്. ഇതിനു പുറമെ ലോറികളുടെയും മറ്റ് വാഹനങ്ങളുടെയും വാടകയിനത്തിലും നഷ്ട്ടം ഉണ്ടായതായി പറയുന്നു. ഇതിനിടയില്‍ ശിരുവാണി ഡാമില്‍ നിന്ന് വെള്ളം നല്‍കിയ വകയില്‍ കോടിക്കണക്കിന് രൂപ കേരളത്തിനു തമിഴ്‌നാട് ഇനിയും നല്‍കാനുണ്ട് . ഇത്രയും കാലം ആ തുക വാങ്ങാന്‍ ഒരു നോട്ടീസു പോലും അയക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഈയ്യടുത്തകാലത്ത് ഇവിടെയെത്തിയ ഒരു ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ കണക്ക് കൃത്യമായി പറഞ്ഞ് തമിഴ്‌നാടിനു നോട്ടീസ് നല്‍കിയതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."