ഇംഗ്ലീഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ലണ്ടന്‍: ആഴ്‌സണലിലെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിലാണ് സിറ്റി സീസണിലെ ആദ്യ കിരീടം ഷോക്കേസിലെത്തിച്ചത്.
സെര്‍ജിയോ അഗ്യെറോ, വിന്‍സെന്റ് കോംപനി, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിറ്റി ആഴ്‌സണലിന് മേല്‍ ആധികാരിക വിജയമാണ് നേടിയത്. പെപ് ഗെര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലക കുപ്പായത്തില്‍ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. ഇത് അഞ്ചാം തവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ മുത്തമിടുന്നത്.
കളിയുടെ ആദ്യ ഘട്ടത്തില്‍ ഗോളെന്നുറച്ച അവസരംആഴ്‌സണലിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആഴ്‌സണല്‍ പ്രതിരോധ താരത്തിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് 18ാം മിനുട്ടില്‍ അഗ്യെറോ വലയിലെത്തിച്ചതോടെ സിറ്റിക്ക് ഒരു ഗോളിന്റെ മുന്‍തൂക്കം ലഭിച്ചു. പിന്നീട് രണ്ടാം പകുതിയിലാണ് സിറ്റി വിജയമുറപ്പാക്കി രണ്ട് ഗോളുകള്‍ കൂടി വലയിലാക്കിയത്.
രണ്ടാം പകുതി തുടങ്ങി 58ാം മിനുട്ടില്‍ നായകന്‍ കോംപനി കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ലീഡ് രണ്ട് ഗോളായി ഉയര്‍ന്നു. അതിനിടെ ആഴ്‌സണല്‍ താരം നാച്ചോ മോന്റിയല്‍ പരുക്കേറ്റ് പുറത്ത് പോയത് പീരങ്കിപ്പടയ്ക്ക് തിരിച്ചടിയായി. 65ാം മിനുട്ടില്‍ പകരക്കാരനായി കളത്തിലെത്തിയ ഡേവിഡ് സില്‍വ സിറ്റിക്കായി മൂന്നാം ഗോളും നേടിയതോടെ ആഴ്‌സണല്‍ കൂടുതല്‍ പ്രതിരോധത്തിലായി. ആശ്വാസ ഗോളെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയില്‍ കളിച്ച ആഴ്‌സണലിന് നിരാശയായിരുന്നു ഫലം. റഹീം സ്റ്റെര്‍ലിങ്ങ്, ലോറെ സന, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ മിന്നുന്ന പ്രകടനം സിറ്റിയുടെ വിജയത്തില്‍ നിര്‍ണായകമായി.
സീസണില്‍ നാല് കിരീടങ്ങളാണ് ഗെര്‍ഡിയോള ലക്ഷ്യമിട്ടത്. അതില്‍ എഫ്.എ കപ്പില്‍ നിന്ന് അവര്‍ പുറത്തായി കഴിഞ്ഞതോടെ സിറ്റിയുടെ ആ പ്രതീക്ഷ അസ്തമിച്ചിരുന്നു. പ്രിമീയല്‍ ലീഗ് കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സിറ്റിക്ക് ലീഗ് കപ്പിലെ കിരീട നേട്ടം ഇരട്ട മധുരമായി മാറി. പ്രീമിയര്‍ ലീഗില്‍ 72 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കിരീടമുറപ്പിച്ച് മുന്നേറുന്നതിനാല്‍ അവിടെ വേവലാതിയില്ല.
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെക്കാള്‍ 13 പോയിന്റാണ് സിറ്റിക്ക്ഇപ്പോള്‍ ലീഡുള്ളത്. അടുത്ത ലക്ഷ്യമായ ചാംപ്യന്‍സ് ലീഗ് കിരീടം നേടി ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം സിറ്റിക്ക് ഇപ്പോഴുമുണ്ടെന്ന് സാരം.
ഗെര്‍ഡിയോള ആഴ്‌സണലിനെതിരായ ഫൈനല്‍ പോരാട്ടത്തിലും മഞ്ഞ റിബണ്‍ ചുറ്റിത്തന്നെ എത്തിയത് ശ്രദ്ധേയമായി. കറ്റാലന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി മഞ്ഞ റിബണ്‍ ചുറ്റി വന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ശേഷമാണ് സിറ്റി കോച്ച് ഇത് ആവര്‍ത്തിച്ചത്. ഇക്കാരണത്താല്‍ മറ്റൊരു നടപടിക്ക് കൂടി ഗെര്‍ഡിയോള വിധേയനായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."