മാണിയുടെ ബജറ്റവതരണത്തിനിടെ കയ്യാങ്കളി: എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എം മാണി ബജറ്റവതരിപ്പിക്കുന്നതിനിടെയുണ്ടായ കയ്യാങ്കളിക്കെതിരായ കേസ് പിന്‍വലിച്ചു. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേസ് പിന്‍നലിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍ കുട്ടി സര്‍ക്കാറിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ആറ് എം.എല്‍.എമാര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
കേസ് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിലാണ് വി ശിവന്‍കുട്ടി കത്ത് നല്‍കിയത്. എല്‍.ഡി.എഫ് അംഗങ്ങളായ വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സ്പീക്കറിന്റെ ഡയസിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമടക്കം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രതികള്‍ കോടതിയില്‍ ഹാജരായി നേരത്തെ ജാമ്യം നേടിയിരുന്നു.
2015 മാര്‍ച്ചിലാണ് വിവാദമായ ബജറ്റവതരണമുണ്ടായത്. ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍.ഡി.എഫ് രംഗത്തു വരികയായിരുന്നു. എന്നാല്‍, പ്രതിഷേധം വകവെക്കാതെ യു.ഡി.എഫ് എം.എല്‍.എമാരുടെ പിന്തുണയോടെ സഭയിലെത്തിയ മാണി ബജറ്റ് അവതരിപ്പിച്ചു. ഇതിനിടെ പ്രകോപിതരായ പ്രതിക്ഷാംഗങ്ങള്‍ മാണിയെയും സ്പീക്കര്‍ എന്‍ ശക്തനെയും തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഡയസില്‍ കയറിയ എല്‍.ഡി.എഫ് എം.എല്‍.എമാരായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, സി.കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കമ്പ്യൂട്ടര്‍, കസേര, മൈക്രോഫോണ്‍, ടൈംപീസ് എന്നിവ തകര്‍ക്കുകയും വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.
കെടി ജലീല്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയാണ്. കൂടാതെ ഇ.പി ജയരാജനും കെ അജിത്തും എം.എല്‍.എമാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."